അമ്മക്കഥകൾ

HIGHLIGHTS
  • പ്രചോദനമേകിയ മുത്തശ്ശിമാർ അമ്മമാർ അച്ഛൻമാർ
Kadhakkoottu1200-Jan-16
പത്മന രാമചന്ദ്രൻ, മനോജ് ശ്യാമളൻ, ഡോ. എം. ലീലാവതി, ടി.കെ.സി. വടുതല
SHARE

അക്ഷരശ്ലോകത്തെ സ്കൂളിൽനിന്നു പുറത്താക്കിയ ശേഷമല്ലേ നമ്മുടെ ഓർമശക്തി ഇത്ര കുറഞ്ഞു പോയത്?

അന്നൊക്കെ സ്കൂളുകളിൽ മാത്രമല്ല, വീട്ടിലും അക്ഷരശ്ലോകം ഉണ്ടായിരുന്നു.

വിദുഷിയായ അമ്മയോടൊപ്പം പരിസരത്തെ ക്ഷേത്രങ്ങളിൽ കഥകളി കാണാൻ പോകുന്നത് ചെറുപ്പകാലത്തു പന്മന രാമചന്ദ്രൻ നായരുടെ പതിവായിരുന്നു. ഓച്ചിറ ക്ഷേത്രത്തിൽ തൊഴാൻ പോകുന്ന അമ്മയോടൊപ്പം ചെല്ലാൻ പന്മന അനുവാദം ചോദിച്ചപ്പോൾ അമ്മ ഒരു വ്യവസ്ഥ വച്ചു: അവിടെ വരെ അക്ഷരശ്ലോകം ചൊല്ലാൻ തയാറാവണം.

ക്ഷേത്രത്തിലെത്തുന്നതിനു രണ്ടു കിലോമീറ്റർ മുമ്പേ പന്മനയുടെ കൈയിലുള്ള ശ്ലോകങ്ങൾ തീർന്നു. അന്നുതന്നെ അമ്മ വാങ്ങിക്കൊടുത്ത ശ്രീകൃഷ്ണചരിതം മണിപ്രവാളത്തിലെ ശ്ലോകങ്ങൾ കാണാതെ പഠിച്ച് പിന്നീടുള്ള യാത്രകളിൽ പന്മന ദൂരം തികച്ചു.

ജീവിതവിജയം നേടിയ എല്ലാവരുടെയും പിന്നിൽ പ്രചോദനമായി മുത്തശ്ശിയോ മാതാപിതാക്കളിലൊരാളോ അധ്യാപകരോ ഉണ്ടാവും.

മൈസൂരിലെ ഒരു ക്ലാസിൽ അധ്യയനം നടക്കുമ്പോൾ ഒരു കുട്ടി അതൊന്നും ശ്രദ്ധിക്കാതെ അതുമിതും വരച്ചുകൊണ്ടിരിക്കുമായിരുന്നു. ആ വരകളെ അധ്യാപകൻ പ്രശംസിച്ചത് വഴിത്തിരിവായി; ആ പയ്യൻ ഇന്ത്യ കണ്ട ഏറ്റവും വലിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളായ ആർ.കെ. ലക്ഷ്മണനായി വളർന്നു.

കോട്ടയം കാരാപ്പുഴയിൽ എൻഎസ്എസ് സ്കൂളിൽ പാഠം ശ്രദ്ധിക്കാതെ പടം വരച്ച് ഇരുന്ന കുട്ടിയെ ഹെഡ്മാസ്റ്റർ ടി.എസ്.ശ്രീധരൻ നായർ ശാസിക്കാതെ വര പ്രോത്സാഹിപ്പിച്ചു. അതുകൊണ്ട് ആ കുട്ടി വളർന്ന് ചിത്രകാരനും ചലച്ചിത്രകാരനുമായ അരവിന്ദനായി.

ഇരുപത്തൊൻപതു തികയും മുൻപു ഹോളിവുഡിൽ തിരക്കഥയ്ക്കുള്ള പ്രതിഫലത്തിൽ റെക്കോർഡ് ഇട്ട മലയാളി മനോജ് ശ്യാമളന്റെ കുട്ടിക്കാലം, മാഹിയിലെ തറവാട്ടിൽ മുത്തശ്ശി മൈഥിലിയമ്മയുടെ മടിയിലിരുന്നു കേട്ട മുത്തശ്ശിക്കഥകളാൽ സമ്പന്നമായിരുന്നു. ‘സിക്സ്ത് സെൻസി’ന്റെയും ‘അൺബ്രേക്കബിളി’ന്റെയും ആശയങ്ങളുടെ വേരുകൾ അവിടെ കേട്ട ഭൂതത്തിന്റെയും പ്രേതത്തിന്റെയും യക്ഷിയുടെയും മാലാഖയുടെയും കഥകളിലാണ്. രണ്ടു മുത്തച്ഛന്മാരും മനോജിന്റെ ഭാവനയെ ഉദ്ദീപിപ്പിച്ചു. മനോജിന്റെ അച്ഛൻ ഡോ. ശ്യാമളന്റെ പിതാവ് മലേഷ്യയിലെ ജീവിതത്തിൽ കേട്ടറിഞ്ഞ ദേവതകളുടെ കഥകളും മനോജിന്റെ അമ്മ ഡോ. ജയയുടെ പിതാവ് മദ്രാസ് പൊലീസ് സർവീസിൽ നിന്നുള്ള കുറ്റാന്വേഷണ കഥകളും മനോജിൽ നിറച്ചു.

ചലച്ചിത്ര പിന്നണി ഗായകനും സംഗീത സംവിധായകനുമായ മകൻ ദീപാങ്കുരനു വേണ്ടിയുള്ള സംഗീതപരിശീലനം ദീപാങ്കുരൻ ഗർഭാവസ്ഥയിലുള്ളപ്പോൾത്തന്നെ കൈതപ്രം ദാമോദരൻ നമ്പൂതിരി ആരംഭിച്ചിരുന്നു.

‘‘ബാലമുരളീകൃഷ്ണയാണ് അതു പറഞ്ഞു തന്നത്. അദ്ദേഹത്തെ ഗർഭംധരിച്ചപ്പോൾ മുതൽ അമ്മ വീണ വായിച്ചു കേൾപ്പിച്ചിരുന്നു. ഗർഭാവസ്ഥയിൽ സംഗീതം കേൾക്കുന്നതു കുഞ്ഞിനു നല്ലതാണെന്ന് അദ്ദേഹം പറഞ്ഞു’’–കൈതപ്രം പറയുന്നു.

അന്നു ‘മാതൃഭൂമി’ പത്രത്തിൽ ജോലി ചെയ്തിരുന്ന കൈതപ്രം ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ ഏതാണ്ട് പുലർച്ചയോടടുക്കും. വീട്ടിൽ വന്നു കുളിച്ചാലുടനെ ഭാര്യയെ അടുത്തിരുത്തി ഗർഭാവസ്ഥയിലുള്ള കുഞ്ഞിനു വേണ്ടി സംഗീതാലാപനമാണ്.

എഴുത്തുകാരൻ ടി.കെ.സി. വടുതല പിതാവിനോടാണു കടപ്പെട്ടിരിക്കുന്നത്. മകൻ ചാത്തനെ മടിയിലിരുത്തി കണ്ടൻ ഒരുപാടു കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു. വായ്മൊഴിയായി തലമുറകൾ കൈമാറിയ അടിമകളുടെ സമരകഥകൾ, വിക്രമാദിത്യ–പഞ്ചതന്ത്ര കഥകൾ, ഐതിഹ്യമാലയിലെ കഥകൾ, ചെറുപ്പത്തിലേ അതൊക്കെ കേട്ട് ടി.കെ. ചാത്തൻ എന്ന ടി.കെ.സി. വടുതല കഥാകൃത്തായി.

തമിഴിലെയും മലയാളത്തിലെയും നോവലിസ്റ്റ് മുഹമ്മദ് മീരാന്റെ പിതാവും ജീവിതപ്രാരബ്ധങ്ങൾക്കിടയിലും മകനു ചെറുപ്പത്തിൽ ധാരാളം കഥകൾ പറഞ്ഞുകൊടുക്കുമായിരുന്നു.

അമ്മയാണ് ഡോ. എം. ലീലാവതിയെ രക്ഷിച്ചത്. ‘‘അച്ഛനമ്മമാർ തമ്മിലുള്ള പൊരുത്തക്കേട് എന്നെയും സഹോദരങ്ങളെയും ബാധിച്ചു. പഴയ മട്ടിലുള്ള ആൾക്കാരായിരുന്നതുകൊണ്ട്, കുടുംബത്തിലാർക്കും ഉയർന്ന വിദ്യാഭ്യാസം പാടില്ലെന്ന ചിന്താഗതിയായിരുന്നു എല്ലാവർക്കും. മരുമക്കത്തായ സമ്പ്രദായം പിന്തുടർന്ന അച്ഛൻ മരുമക്കളെ വളർത്തി. ഞങ്ങളുടെ വളർച്ചയും വിദ്യാഭ്യാസവും നോക്കാൻ അമ്മ മാത്രമാണുണ്ടായിരുന്നത്.

‘‘സ്കൂൾ പഠനം പൂർത്തിയാകുന്നതു വരെ അച്ഛൻ കുറച്ചു കാശ് തന്നിരുന്നു. അതു കഴിഞ്ഞു പഠിത്തം നിർത്താമെന്നു കരുതിയിരിക്കുമ്പോഴാണ് എനിക്ക് കൊച്ചിൻ സ്റ്റേറ്റിൽ ഒന്നാം റാങ്ക് കിട്ടുന്നത്. പിന്നെ അധ്യാപകരുടെയും മറ്റും പ്രേരണയിൽ അമ്മ കഷ്ടപ്പെട്ടാണ് എന്നെ കോളജിലയച്ചത്. എത്ര കഷ്ടപ്പെട്ടാലും വേണ്ടില്ല എന്നെ പഠിപ്പിക്കണമെന്ന് അമ്മ തീരുമാനമെടുത്തില്ലായിരുന്നെങ്കിൽ ‍ഞാനും ഏതെങ്കിലുമൊരു തറവാട്ടിലെ ഇരുളടഞ്ഞ മുറിയിലെ മാറാലകൾക്കകത്താവുമായിരുന്നു’’–ലീലാവതി പറയുന്നു.

ഭാവന ചേർത്ത് കഥകൾ പറയുമായിരുന്നു, ഞവരയ്ക്കൽ ദേവകിയമ്മ. നാലു വയസ്സുള്ളപ്പോൾ മകൻ പത്മരാജനു കാലിൽ പരു വന്നു. എപ്പോഴും കരയുന്ന കുഞ്ഞിനെയെടുത്ത് ആ അമ്മ മാവേലിക്കര ആശുപത്രിയിൽ പോയി. അന്നു രാത്രി മുഴുവൻ അമ്മയുടെ നെഞ്ചത്തു കിടന്നുറങ്ങിയ കുഞ്ഞിന്റെ ശരീരവും അമ്മയുമായി ഒട്ടിപ്പോയി! ഒടുവിൽ മാറ്റിയെടുക്കാൻ ശസ്ത്രക്രിയ വേണ്ടിവന്നു!

ദേവകിയമ്മ ഉണ്ടാക്കിയ കഥയാണ്.

‘‘യഥാർഥമായതിനോട് അമ്മൂമ്മയുടെ ഭാവനകൂടി ചേരുമ്പോൾ ആ കഥകൾക്കെല്ലാം വല്ലാത്തൊരു മാന്ത്രികതയുണ്ട്. നടന്ന സംഭവങ്ങൾ പറയുമ്പോഴും മാന്ത്രികമായ ഭാവനാവിലാസത്തിന്റെ ഒരു അധികമാനം അമ്മൂമ്മ നൽകുമായിരുന്നു. അച്ഛനിലേക്കു കഥകൾ വന്ന വഴി അതു തന്നെയാണ്’’–പത്മരാജന്റെ മകൻ അനന്തപത്മനാഭൻ പറയുന്നു.

English Summary: ‘Kadhakoottu’ Column written by Thomas Jacob, Kids who grew up listening to stories

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.