വസ്ത്രാലങ്കാരം
Mail This Article
വസ്ത്രങ്ങളെപ്പറ്റി തമിഴിൽ ഒരു ചൊല്ലുണ്ട്: ആട പാതി, ആൾ പാതി. ആടയ്ക്കു പാതിയേ ഉള്ളോ എന്നേയുള്ളൂ സംശയം.
വസ്ത്രത്തെപ്പറ്റി ഞാൻ വായിച്ചിട്ടുള്ളതിൽ ഏറ്റവും സങ്കടമുണർത്തുന്ന കഥ നമ്മുടെ പ്രിയങ്കരനായ കഥാകൃത്ത് ഫ്രാൻസിസ് നൊറോണ പറഞ്ഞതാണ്.
കല്യാണത്തിനും മരണത്തിനും ആണിന് കോട്ടും സൂട്ടും നിർബന്ധമുള്ള സമുദായമാണ് ആംഗ്ലോ ഇന്ത്യൻസ്. ദാരിദ്ര്യം പിടിച്ചവർക്ക് കോട്ടും സൂട്ടുമൊക്കെ വാങ്ങുക ഭാരിച്ച ചെലവാണ്. അതിനാൽ, കല്യാണത്തിനു മിക്കവാറും കോട്ടും സൂട്ടും വാടകയ്ക്കാണ് എടുക്കുക. പക്ഷേ, മരണത്തിന് കോട്ടും സൂട്ടും വാടകയ്ക്കെടുക്കാൻ പറ്റില്ലല്ലോ. അവ മൃതദേഹത്തോടൊപ്പം കുഴിച്ചുമൂടപ്പെടില്ലേ?
ചിറ്റപ്പൻ മരിക്കുമ്പോൾ ഫ്രാൻസിസ് നൊറോണ ഏറ്റവും ആകുലപ്പെട്ടത് അന്ത്യയാത്രയിൽ അദ്ദേഹത്തിന് ഉടുത്തൊരുങ്ങിപ്പോവാനുള്ള കോട്ടും സൂട്ടും ബൂട്ടുമൊക്കെ ഓർത്താണ്. ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ഇടക്കൊച്ചിയിൽ ഒരു തയ്യൽ വിദഗ്ധൻ ഉണ്ട്. ഒരു പൈന്റ് വാങ്ങി പാതിരയ്ക്കു ചെന്നു. അന്നു 150 രൂപയ്ക്കു കാര്യം സാധിച്ചുകിട്ടി. തയ്ച്ചുതന്നത് ഒരു വിചിത്രമായ ഉടുപ്പായിരുന്നു. മുൻവശത്തേക്കുള്ളതേയുള്ളൂ. ഉടുപ്പിക്കേണ്ട, പുതപ്പിച്ചാൽ മതി. അസ്സൽ കോട്ട് പോലെ കിടക്കും.
‘എടാ ക്ടാവേ, ആരാ ഇപ്പ ശവം മറിച്ചിട്ട് നോക്കണേ. നിങ്ങ ധൈര്യമായി കൊണ്ടുപോ.’
സിനിമയിൽ അഭിനയിക്കാൻ കോടമ്പാക്കത്തു വന്നു തങ്ങിയവരിൽ സുധീറിനു മാത്രമേ പാന്റ്സ് ഉണ്ടായിരുന്നുള്ളൂവെന്ന് കുഞ്ചൻ എഴുതിയിട്ടുണ്ട്. ജഡ്ജിയുടെ മകനാണല്ലോ സുധീർ. സുധീറും ഭരതനുംകൂടി ഒരു മുറിയിലാണു താമസം. ഭരതൻ അന്ന് ആർട്ട് ഡയറക്ടർ.
കുഞ്ചൻ പറയുന്നു: രാവിലെ ഭരതൻ സുധീറിന്റെ പാന്റ്സും ഷർട്ടും ഇട്ടുകൊണ്ട് വിൻസന്റ് മാഷിനെയും മറ്റും കാണാൻപോകും. ഭരതൻ തിരിച്ചുവന്നാലുടൻ അത് ഊരി വാങ്ങി ഞാൻ ചാൻസ് തേടി ഇറങ്ങും. എനിക്കത് ഇത്തിരി വലുതാണ്. എങ്കിലും മടക്കിയൊക്കെ വച്ച് ഒപ്പിക്കും.
ഒരു ചേരിയോടു ചേർന്ന സ്ഥലത്തായിരുന്നു സുധീറിന്റെയും ഭരതന്റെയും മുറി. ഞങ്ങൾ മൂന്നു പേരുടെയും ആശ്രയമായിരുന്ന പാന്റ്സും ഷർട്ടും ജനലിൽ കൂടി തോട്ടിയോ മറ്റ് ഇട്ട് കള്ളൻ കൊണ്ടുപോയി.
ഷൊർണൂർ ഗവ. ഗെസ്റ്റ് ഹൗസിൽ ശങ്കരാടി സ്ഥിരം താമസിക്കാറുള്ള ഒരു മുറിയുണ്ട്. ഒരു ദിവസം മുറി പൂട്ടി അദ്ദേഹം മാനേജരോടു പറഞ്ഞു: ആരു വന്നാലും ആ മുറി കൊടുക്കരുത്. ചില സാധനങ്ങൾ അതിൽ വച്ചിട്ടാണ് ഞാൻ പോകുന്നത്.
രണ്ടു ദിവസം കഴിഞ്ഞിട്ടും ശങ്കരാടി വന്നില്ല. ഒടുവിൽ പകരത്താക്കോലിട്ടു തുറന്നപ്പോൾ മുറിയിൽ കണ്ടത് ഒരു മൂലയിൽ അലക്കിപ്പിഴിഞ്ഞ് ഉണങ്ങാനിട്ട കോണകം മാത്രമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു.
ഉമ്മൻ ചാണ്ടി വേഷം കടം വാങ്ങുന്നതിന്റെ അനേകം കഥകൾ നിങ്ങൾ വായിച്ചിട്ടുണ്ടാവും. മനോരമ ന്യൂസിന്റെ ഡയറക്ടർ ജോണി ലൂക്കോസ് ഒരു ഇന്റർവ്യൂവിൽ ഉമ്മൻ ചാണ്ടിയെക്കൊണ്ട് പറയിച്ച ഇക്കഥ കൂടി കേൾക്കൂ:
ഉമ്മൻ ചാണ്ടി അടിവസ്ത്രങ്ങൾക്കു പുറമേ രണ്ടു ഷർട്ടും രണ്ടു മുണ്ടും കൊണ്ട് കഴിഞ്ഞ കാലം. രാവിലെ അലക്കുകാരൻ കൊണ്ടുവരുന്നതു വാങ്ങി ദേഹത്ത് ഇട്ടശേഷം മറ്റേത് അലക്കാൻ കൊടുക്കും. അലക്കുകാരൻ കൃത്യമായി വന്നില്ലെങ്കിൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ.
ഒരു ദിവസം എന്തോ അസുഖം കാരണം അലക്കുകാരൻ വന്നില്ല. മുതിർന്ന നേതാവ് കെ.എം. ജോർജിന്റെ മകനുമായി നല്ല ബന്ധമാണ് ഉമ്മൻ ചാണ്ടിയുടെ കസിൻ അലക്സ് വള്ളക്കാലിന്. അലക്സ് പോയി കെ.എം. ജോർജിന്റെ മുണ്ടും ഷർട്ടും കൊണ്ടുവന്നു. അതിട്ടുകൊണ്ടാണ് അന്നു നിയമസഭയിൽ ചെന്നത്. ‘‘എന്നെപ്പോലെ ഒരാൾക്കുകൂടി കയറാവുന്ന വലുപ്പമുണ്ടായിരുന്നു ആ ഷർട്ടിന്’’ എന്ന് ഉമ്മൻ ചാണ്ടി പറയുന്നു.
മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്രസംഗിക്കാനെത്തിയ തനിക്ക് വസ്ത്രം വാങ്ങാൻ സ്ത്രീകൾ പിരിവെടുത്തു നൽകിയ കഥ സിപിഎം നേതാവ് വൈക്കം വിശ്വൻ പറഞ്ഞിട്ടുണ്ട്: ‘‘1965ൽ തിരുവാർപ്പ് – കുമരകം മേഖലയിലാണ് 48 രൂപ 50 പൈസ പിരിവുകിട്ടിയത്. ‘‘കിട്ടിയ പണം ലോക്കൽ സെക്രട്ടറിയെ ഏൽപിച്ചു. ഷർട്ട് വേറെ വാങ്ങിക്കൊള്ളാമെന്നു പറഞ്ഞു’’ –വിശ്വൻ ഓർക്കുന്നു.
ഉദയാ സ്റ്റുഡിയോയിൽവച്ച് ഒരിക്കൽ കുഞ്ചാക്കോ, തോപ്പിൽ ഭാസിയോടു ചോദിച്ചു: ‘‘ഭാസീ തനിക്ക് ഈയൊരു ഷർട്ടേ ഉള്ളോ?’’
ഭാസി പറഞ്ഞു: ‘‘ചാക്കോച്ചാ എനിക്ക് ഇതുപോലെ എട്ട് ഷർട്ടുണ്ട്. എട്ടിനും ഒരേ നിറം, ഒരേ തയ്യൽ.’’ എന്നിട്ട് കുഞ്ചാക്കോ പിടികൂടാതിരിക്കാൻ ഇതുകൂടി പറഞ്ഞു: ‘‘എട്ടു ഷർട്ടിന്റെയും ഈ ഒരേ ഭാഗത്ത് ബീഡിത്തീ വീണു കരിഞ്ഞിട്ടുമുണ്ട്.’’
പ്രശസ്തിയുടെ ഉച്ചകോടിയിലായിരുന്നപ്പോഴും ശ്രീനാരായണഗുരു മറ്റു സന്യാസിമാരെപ്പോലെ കാവി വസ്ത്രമോ രുദ്രാക്ഷമോ ധരിച്ചിരുന്നില്ല. വെള്ള മുണ്ടിനുമേൽ വെള്ള വസ്ത്രമായിരുന്നു വേഷം. 1926ൽ രണ്ടാംതവണ സിലോൺ സന്ദർശനത്തിനു പുറപ്പെടുമ്പോൾ മാത്രമാണ് അനുയായികളുടെ നിർബന്ധത്തിനു വഴങ്ങി കാവി വസ്ത്രം ധരിക്കുകയും പിൽക്കാലത്ത് അതു വേഷമാക്കുകയും ചെയ്തത്.
ജപ്പാനിലെ ഹോട്ടലിൽ സ്വാമി രങ്കനാഥാനന്ദയുടെ കാവിമുണ്ട് അലക്കാൻ കൊടുത്തു. അതിന്റെ ബിൽ കിട്ടി നോക്കിയപ്പോൾ അതിൽ എഴുതിയിരിക്കുന്നത് സാരി എന്നാണ്. ജപ്പാൻകാരന് തയ്ക്കാത്ത നീണ്ട തുണിയെല്ലാം സാരിയാണ്.
രങ്കനാഥാനന്ദ്ജിയായതുകൊണ്ടു പ്രശ്നമില്ല. വേറെ വല്ല ചിന്ന സ്വാമിയും ഹോട്ടലിൽ സാരി അലക്കിച്ചെടുത്തുവെന്ന് പത്തുപേരറിഞ്ഞാൽ!
English Summary: Famous personalities and their dresses - some interesting stories