ADVERTISEMENT

ഇംഗ്ലിഷ് ഭാഷ കുഴിച്ചുമൂടിയ ഒരു വാക്കാണ് ലട്രീൻ. ഇവിടത്തെ ലട്രീൻ എവിടെയാണ് എന്നു ചോദിച്ച് ഒരാൾ റയിൽവേ പ്ലാറ്റ്ഫോമിലൂടെ നടന്നാൽ ഇവനേതു മലമൂടനാടാ എന്നു കേൾക്കുന്നവർ ചിന്തിക്കും.

പിന്നെ കുറെനാൾ അതിന്റെ പേര് ടോയ്‌ലറ്റ് എന്നായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോഴേക്കു പാശ്ചാത്യനാടുകളിൽ ആ വാക്കിനും വംശനാശം വന്നു; നമ്മുടെ നാട്ടിൽ ഇന്നും പലരും അതു കൊണ്ടുനടക്കുന്നുണ്ടെങ്കിലും. അവരതിന്റെ അപമാനം അറിയുക വിദേശത്തു പോയി അത് എവിടെയാണെന്ന് അന്വേഷിക്കുമ്പോഴാണ്. കേൾക്കുന്നവൻ ഒന്നുകിൽ മൂക്കുപൊത്തിക്കൊണ്ടു സ്ഥലംവിടും. ആൾ രസികനാണെങ്കിൽ അടുത്തു നിൽക്കുന്ന ആളോടു ചോദിക്കാൻ ആംഗ്യം കാണിക്കും.

 

ഇംഗ്ലിഷുകാർ ഏറ്റവും കൂടുതൽ പേരുകൾ ഉണ്ടാക്കിയത് ഈ മുറിക്കാണെന്നു തോന്നുന്നു. ഏതെങ്കിലുമൊരു പേരിനു നാറ്റം വന്നു തുടങ്ങുമ്പോൾ വരും പുതിയൊരു പേര്. ലവേറ്ററി, വാട്ടർ ക്ലോസറ്റ്, ഡബ്ലിയു.സി., ഔട്ട്ഹൗസ്, കംഫർട്ട് സ്റ്റേഷൻ, പ്രൈവി, ബാത്ത്റൂം, റെസ്റ്റ് റൂം, വാഷ് റൂം, ജെന്റിൽമെൻസ് റൂം, ലേഡീസ് റൂം, മെൻസ് റൂം, വിമൻസ് റൂം, പൗഡർ റൂം എന്നിങ്ങനെ കാര്യം എന്തെന്നു കൃത്യമായി പറയാത്ത എത്രയോ നല്ല പേരുകൾ. ഇവിടെ ഡബ്ലിയു.സി.ക്ക്  വെസ്റ്റേൺ ക്ലോസറ്റ്, യൂറോപ്യൻ ക്ലോസറ്റ് എന്നൊക്കെ പേരു വന്നു.

ഇതിൽ ചില നല്ല പേരുകൾ പറഞ്ഞുകൊണ്ട് മനോരമ ചീഫ് എഡിറ്റർ കെ.എം. മാത്യു ഒരിക്കൽ പത്രാധിപന്മാരോടു ചോദിച്ചു: കക്കൂസ് എന്ന വാക്ക് നിങ്ങൾക്കൊന്നു മാറ്റിയെടുക്കരുതോ? ഡച്ചുകാർ കൊണ്ടുവന്ന ഈ വാക്ക് എത്ര തലമുറകളായി ഇവിടെ പൊട്ടിയൊലിച്ചു കിടക്കുന്നു.

 

ഞങ്ങളുടെ ആലോചനയിൽ ഒരു നല്ല വാക്കു കിട്ടിയില്ല. അവസാനം പേരു കണ്ടെത്തൽ വായനക്കാർക്കു വിട്ടു. വിഷയം ഇതായതു കൊണ്ടാവാം അധികം നിർദേശങ്ങളൊന്നും വന്നില്ല. കക്കൂസിൽ നിന്ന് ഏറെ അകന്നു നിൽക്കുന്ന വാക്കെന്ന നിലയിൽ അവയിൽ നിന്നു ശുചിമുറി സ്വീകരിച്ചു. വൈയാകരണന്മാർ അംഗീകരിച്ചിട്ടില്ല. ഉപവാസം അവസാനിപ്പിക്കുക എന്ന ക്രിയാപദത്തെ breakfast എന്ന നാമപദമായി സ്വീകരിച്ച ഇംഗ്ലിഷിനുള്ള സ്വാതന്ത്ര്യം മലയാളത്തിനില്ലല്ലോ.

 

ഈയിടെ ഒരു പെട്രോൾ ബങ്കിൽ സുഖമുറി എന്ന പേരു കണ്ടപ്പോൾ അവിടെയൊന്നു കയറാൻ തോന്നിയതാണ്. വൈയാകരണന്മാരുടെ തിരക്കില്ലാതെ കയറാവുന്ന ഒരു മുറിയാണല്ലോ അതും.

എല്ലാത്തരം ശുചിമുറികളും വീടിനു പുറത്തായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് അതിനു മുറിയോ അടച്ചുകെട്ടോ ഇല്ലായിരുന്നു. വെളിമ്പ്രദേശത്ത് എവിടെയെങ്കിലുമാണു കാര്യം സാധിക്കുക. അയ്യത്തു പോയി, പറമ്പിൽ പോയി എന്നൊക്കെയാണതിനു പറയുക. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ പുലർച്ചെ ഒരു ലോട്ടയിൽ വെള്ളവുമായി രാജ്ഭവനിൽ നിന്നു പറമ്പിലേക്കു പോകുന്ന ഒരു ഗവർണർ മദ്രാസിലുണ്ടായിരുന്നു.

 

മൂത്രമൊഴിക്കാൻ രാത്രിയിൽ വീടിനു പുറത്തു പോകുന്നത് ഒഴിവാക്കാൻ പ്രധാനമായും സ്ത്രീകൾക്കു വേണ്ടി പഴയ വീടുകളിൽ ഓവുമുറി ഉണ്ടായിരുന്നു. പകലത്തെ ആവശ്യത്തിനു വീടിനു പുറത്തു മറപ്പുരയും.

രാജകുടുംബങ്ങളിലെ ശുചിമുറിക്കു പ്രത്യേക പേരു തന്നെയുണ്ടായിരുന്നു. തിരുവിതാംകൂറിൽ അതു നീർക്കാപ്പുര. സാമൂതിരിയുടെ കോവിലകത്ത് അതു ‘വയറാട്ടമുറി’യായിരുന്നു.

 

രണ്ടുകാര്യങ്ങൾക്കുമുള്ള ഒരു ശുചിമുറി പരമ്പരാഗത ക്ഷത്രിയ കൊട്ടാരങ്ങൾക്കുള്ളിൽ ആദ്യമായി വന്നതു തിരുവിതാംകൂർ രാജകുടുംബത്തിലാണ്. മാർത്താണ്ഡവർമ മഹാരാജാവിന് അരയ്ക്കു താഴെ ഒരു തളർച്ചയുണ്ടായപ്പോൾ അത് അധികം പേരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വേണ്ടി കൊട്ടാരത്തിനകത്തു രണ്ടാംനിലയിൽ ഒരു ശുചിമുറി പണിയുകയായിരുന്നു.

 

കൊല്ലം പിടിച്ചെടുത്തതിന്റെ വിജയസൗധമായി ശ്രീപത്മനാഭ കൊട്ടാരത്തിൽ 1746ൽ പണി തുടങ്ങിയ ‘ഉപ്പരിക്ക’ (ഉപരിക) മാളികയിൽ ഒരുക്കിയ ഇതാവണം കേരളത്തിൽ രണ്ടാം നിലയിലെ ആദ്യ നീർക്കാപ്പുരയെന്നു ചരിത്ര ഗവേഷകനായ എം.ജി. ശശിഭൂഷൺ പറയുന്നു. രണ്ടാം നിലയിലായിരുന്നു മാർത്താണ്ഡവർമയുടെ ദർബാർ. ഉറക്കം മൂന്നാം നിലയിലും.

 

മാർത്താണ്ഡവർമയുടെ കീഴിലുണ്ടായിരുന്ന കായംകുളം കൃഷ്ണപുരം കൊട്ടാരത്തിലും അക്കാലത്തു തന്നെ രണ്ടാം നിലയിൽ ഒരു നീർക്കാപ്പുര വന്നു.

 

ബ്രാഹ്മണ ഗൃഹങ്ങളിൽ വീടിനകത്തു കുളിമുറിയും ശുചിമുറിയും സങ്കൽപിക്കാനാകാത്ത കാലത്താണ് ‘ഗുഡ്നൈറ്റ്’ മോഹന്റെ പിതാവ് വി. രാമസ്വാമി തൃശൂർ പൂങ്കുന്നത്തെ അഗ്രഹാരത്തിൽ ഇതു വീടിനുള്ളിലാക്കിയത്.

 

മോഹൻ ആത്മകഥയിൽ പറയുന്നു: അഗ്രഹാരങ്ങളിലെ പട്ടന്മാർ ഇതിനെച്ചൊല്ലി ആവലാതിപ്പെടാനും മുറുമുറുക്കാനും തുടങ്ങി. ‘അയ്യയ്യോ കലികാലം വന്താച്ച്. ആത്തുക്കുള്ള കക്കൂസ് വലിരിക്കാ... രാമരാമ...’ പട്ടന്മാരുടെ പരിഹാസം കാരണം അമ്മ കുറേക്കാലം അമ്പലത്തിൽ പോകാതായി.

കൊല്ലം എസ്.എൻ. കോളജിന്റെ തുടക്ക കാലത്ത് ഓല ഷെഡ്ഡിലായിരുന്നു വിദ്യാഭ്യാസം. കള്ളുഷാപ്പെന്നാണു വിദ്യാർഥികൾ ആ ഷെഡ്ഡിനെ കളിയാക്കി പറഞ്ഞിരുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കുമെല്ലാം കൂടി ഒരു മൂത്രപ്പുരയേ ഉണ്ടായിരുന്നുള്ളൂവെന്ന് ആദ്യ ബാച്ചിലെ വിദ്യാർഥിനിയായ വി. സത്യഭാമ എഴുതിയിട്ടുണ്ട്.

 

കഴിഞ്ഞ നൂറ്റാണ്ടിന്റെ അൻപതുകളിൽ മദ്രാസിലെ തെരുവുകളിൽ ഡി.എം.കെ. ഭരണകൂടം മികച്ച ശുചിമുറികൾ ഉണ്ടാക്കിയതിന്റെ കഥ എം.എൻ. വിജയൻ എഴുതിയിട്ടുണ്ട്. നിരത്തുകൾ ശുദ്ധമായി സൂക്ഷിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, തെരുവിലുള്ളവർ മുറികളിലെ കുഴികൾ അടച്ച് അവിടെ ഉറങ്ങുകയും മറ്റാവശ്യങ്ങൾക്കു തെരുവുകളെത്തന്നെ ഉപയോഗിക്കുകയും ചെയ്തു.

 

കൊൽക്കത്തയിൽ കത്തോലിക്കാ വിദ്യാർഥികളെ മാത്രം താമസിപ്പിക്കുന്ന സെന്റ് സേവ്യേഴ്സ് ഹോസ്റ്റലിൽ യൂറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കാനറിയാത്തവരെ പിടികൂടി പിഴയിടുന്ന ജസ്യൂട്ട് പാതിരിയായ ഹോസ്റ്റൽ വാർഡനെപ്പറ്റി കോട്ടയത്തെ പ്രമുഖ കാർഡിയോളജിസ്റ്റ് ഡോ. ജോർജ് ജേക്കബ് എഴുതിയിട്ടുണ്ട്. ഗ്രാമീണ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളിൽ പലരും കുന്തിച്ചിരുന്നു കാര്യം സാധിക്കാവുന്ന ഇന്ത്യൻ ക്ലോസറ്റുകളേ അന്നു കണ്ടിരുന്നുള്ളൂ. അതുകൊണ്ട് അവർ വെസ്റ്റേൺ ക്ലോസറ്റിനു മുകളിൽ ഒരു കസേരയിലെന്നപോലെ ഇരിക്കുന്നതിനു പകരം സീറ്റ് കവറിനു മുകളിൽ കുന്തിച്ചിരിക്കും.

 

ഹോസ്റ്റലിലെ അര ഡസൻ ശുചിമുറികളിൽ ആളുണ്ടോ എന്നു പുറത്തുനിന്നു പെട്ടെന്നറിയാൻ, അടിഭാഗത്തു ചെന്നു മുട്ടാതെ അരയടി വിടവ് ഇട്ടുള്ള കതകുകളാണ് അവയ്ക്കുള്ളത്. തിരക്കുള്ള വിമാനത്താവളങ്ങളിലെ ശുചിമുറികളുടെയെല്ലാം കതകുകൾ ഇങ്ങനെയാണ്. അകത്ത് ആളുണ്ടെങ്കിൽ രണ്ടു കാൽപത്തികൾ ദൂരെനിന്നു തന്നെ കാണാം.

 

ഹോസ്റ്റലിലെ വിദ്യാർഥികൾ ശുചിമുറി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാവിലെ സമയങ്ങളിൽ ഈ പാതിരി കതകിനടിയിലേക്കു നോക്കി, നിലത്തു കാൽ കാണാത്ത മുറിയിലെ വിദ്യാർഥിക്കു രണ്ടു രൂപ പിഴയിടുമായിരുന്നു. നാൽപതുകളിലും അൻപതുകളിലും അതു വലിയൊരു തുകയായിരുന്നു. ബ്രിട്ടിഷുകാരനായ ആ പാതിരി കാലെണ്ണൽ വലിയ സംതൃപ്തിയോടെയാണു ചെയ്തു പോന്നതെന്നു ഡോ. ജോർജ് ജേക്കബ് പറയുന്നു.

 

കാലു മാത്രമല്ല, ആളും വീടും എണ്ണിയ ചിലരുടെ കഥ പത്രാധിപരും എഴുത്തുകാരനുമായ മൂർക്കോത്തു കുഞ്ഞപ്പ പറഞ്ഞിട്ടുണ്ട്. സബ് കലക്ടർക്കു വേണ്ടി പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യവർഷങ്ങളിൽ തലശ്ശേരിയിൽ പുതുതായി പണിത ബംഗ്ലാവിൽ താമസക്കാരനായി വന്ന സായിപ്പ് കുറേ ദിവസമായിട്ടും തങ്ങളെപ്പോലെ രാവിലെ എഴുന്നേറ്റാലുടൻ പറമ്പിലേക്കു പോകുന്നില്ലെന്നറിഞ്ഞ് ഇയാളെങ്ങനെ കാര്യം സാധിക്കുന്നുവെന്ന് അദ്ഭുതപ്പെട്ടു നാട്ടുകാർ കാവൽ ആരംഭിച്ചു. വീട്ടിനകത്ത് ഒരു ശുചിമുറി എന്ന സങ്കൽപമേ നാട്ടുകാർക്കില്ലായിരുന്നല്ലോ.

 

ഒടുവിൽ ഒളിനോട്ടത്തിൽ വിദഗ്ധനായ ഒരാൾ അതു കണ്ടുപിടിച്ചു. സായ്പ് വീടിനകത്തു തന്നെ കാര്യം സാധിക്കുന്നുവെന്നതിനെക്കാൾ ഒളിഞ്ഞുനോട്ടക്കാരനെ അദ്ഭുതപ്പെടുത്തിയത് അയാൾ കപ്പുപോലൊരു സാധനത്തിൽ കയറിയിരിക്കുന്നതായിരുന്നു. ‘‘അവനൊരു കോപ്പയിൽ തൂറിയാ’’– അയാൾ വിളിച്ചു പറഞ്ഞു.

‘ധർമപുരാണം’ എന്ന നോവലിൽ ആ വാക്കെടുത്ത് എല്ലായിടത്തും പൂശാൻ ഒ.വി. വിജയന് ധൈര്യം കിട്ടിയത് ഈ ഒളിഞ്ഞുനോട്ടക്കാരന്റെ വിളിച്ചുപറയലിൽ നിന്നാവും!

 

English Summary: ‘Kadhakoottu’ Column written by Thomas Jacob, How toilets became indoor and part of houses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com