ADVERTISEMENT

കേരളത്തിലേക്കു വന്നിട്ടില്ലാത്ത ഒരു ‘സംസ്കാര’ത്തെപ്പറ്റിയാണു പറയുന്നത്. 

എം. കരുണാനിധി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ പുതിയൊരു നിയമസഭാ മന്ദിരവും നിയമസഭാ സെക്രട്ടേറിയറ്റും പണിതു. ആയിരം കോടി രൂപയായിരുന്നു ചെലവ്. അടുത്ത തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിൽ വന്ന രാഷ്ട്രീയ എതിരാളി ജയലളിതയ്ക്കു ‘മുത്തുവേൽ ടച്ച്’ ഉള്ള ഈ കെട്ടിടത്തിലേക്കു മാറാനൊരു മടി. വെറുതെ ഈ കെട്ടിടം മറ്റെന്തെങ്കിലും കാര്യത്തിന് ഉപയോഗിച്ചാൽ കരുണാനിധി ഇനി എന്നെങ്കിലും അധികാരത്തിൽ വരുമ്പോൾ നിയമസഭ അവിടേക്കുതന്നെ മാറ്റുമെന്നു തീർച്ച. ഇനി അതു നിയമസഭയാക്കി മാറ്റിയാൽ പൊതുജനാഭിപ്രായം എതിരാവാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഒരു സ്ഥാപനമാകണം അവിടെ തുറക്കുന്നത്. 

അവിടെ ഒരു മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയും മെഡിക്കൽ കോളജും ആരംഭിച്ചാൽ പിന്നെ ഒരു ഭരണാധികാരിക്കും അവിടെ ആശുപത്രി വേണ്ടെന്നുവയ്ക്കാനൊക്കില്ലെന്നു ജയലളിതയ്ക്ക് ഉപദേശം കൊടുത്തതു മലയാളിയായ ഒരു മാനേജ്മെന്റ് വിദഗ്ധനാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ (എയിംസ്) മാതൃകയിൽ എല്ലാം ഒരുക്കാൻ 2012ൽ ജയലളിത ഉത്തരവിട്ടു. 

ആശുപത്രി ഇന്നും അവിടെ പ്രവർത്തിക്കുന്നു. നിയമസഭ പണ്ടത്തെപ്പോലെ സെന്റ് ജോർജ് കോട്ടയിലും. കരുണാനിധിയുടെ മറ്റൊരു സ്വപ്നപദ്ധതിയായ അണ്ണാ ശതാബ്ദി ലൈബ്രറിയും ജയലളിത നോട്ടമിട്ടതാണ്. ഡിഎംകെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ സി.എൻ. അണ്ണാദുരെയുടെ ജന്മശതാബ്ദിയോടനുബന്ധിച്ചു കരുണാനിധി 2010ൽ ഉദ്ഘാടനം ചെയ്യുമ്പോൾ വലുപ്പത്തിൽ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള കുട്ടികളു‍‌ടെ ലൈബ്രറിയായിരുന്നു ഇത്. ഇതും ഒരു മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയാക്കാൻ ജയലളിത ഗവൺമെന്റ് ഉത്തരവിട്ടെങ്കിലും കോടതി ഇടപെട്ടതു മൂലം നടന്നില്ല. 

ഗവൺമെന്റിന്റെ പകയുടെ കുത്തൊഴുക്ക് ഏതൊക്കെ രീതിയിലാവും? 

ജെ.ആർ.ഡി. ടാറ്റ വളരെ നല്ല നിലയിൽ നടത്തിയിരുന്ന എയർ ഇന്ത്യ ദേശസാൽക്കരിക്കപ്പെട്ടു. എന്നിട്ടും വൈദഗ്ധ്യം പരിഗണിച്ച് ടാറ്റയെ തന്നെ ചെയർമാനാക്കി വയ്ക്കുകയായിരുന്നു കേന്ദ്രത്തിലെ കോൺഗ്രസ് ഗവൺമെന്റ്. ഗവൺമെന്റിന്റെ നല്ല തീരുമാനങ്ങളിലൊന്നായി അന്ന് അതു വാഴ്ത്തപ്പെട്ടു. 

എല്ലാ തിന്മകളും അവസാനിപ്പിക്കുമെന്നു വാഗ്ദാനം ചെയ്ത് 1977ൽ അധികാരത്തിലേറിയ ജനത ഗവൺമെന്റ് ചെയ്ത ആദ്യ നടപടികളിലൊന്ന് ടാറ്റയെ എയർഇന്ത്യ ചെയർമാൻ സ്ഥാനത്തുനിന്നു നീക്കുകയായിരുന്നു. മുംബൈയിൽ മന്ത്രിയായ കാലം മുതൽ തനിക്കു ടാറ്റയോടുളള അനിഷ്ടം പുറത്തെടുത്ത് പ്രഹരിക്കുകയായിരുന്നു മൊറാർജി ദേശായി. ടാറ്റയോടൊന്നു പറയുകപോലും ചെയ്യാതെയായിരുന്നു ഈ നീക്കംചെയ്യൽ. 

 

മനസ്സിൽ അടക്കിവച്ചിരിക്കുന്ന പക ഏതൊക്കെ രീതിയിലാണു പുറത്തുവരികയെന്നതിന്റെ ഉദാഹരണം നൽകുന്നുണ്ട് പ്രമുഖ ശിൽപിയായ ജി.ശങ്കർ. ലോക പാർപ്പിട സമ്മേളനത്തിൽ പങ്കെടുക്കാൻ ഇസ്താംബൂളിലെത്തിയതായിരുന്നു ശങ്കർ. ഭക്ഷണത്തിനെത്തിയപ്പോൾ അടുത്ത സീറ്റിൽ സൊമാലിയയിലെ ഭക്ഷ്യകാര്യ മന്ത്രി. മന്ത്രിയുടെ കയ്യിൽനിന്നു ഫോർക്കും സ്പൂണും താഴെപ്പോയി. ഉടൻതന്നെ യൂറോപ്യൻ പരിചാരകനെത്തി പുതിയ സ്പൂണും ഫോർക്കും നൽകിയശേഷം താഴെ കിടന്നത് എടുത്തുമാറ്റി. 

പിന്നെയും പല തവണ മന്ത്രിയുടെ കയ്യിൽനിന്നു കത്തിയും മുള്ളുമൊക്കെ താഴെപ്പോവുന്നു. യൂറോപ്യൻ പരിചാരകരെത്തി വീണ്ടും പുതിയ സെറ്റ് മന്ത്രിക്കു നൽകുന്നു. മനഃപൂർവമാണ് ഇവ താഴെയിട്ടതെന്നു മനസ്സിലാക്കിയ ശങ്കർ ചോദിച്ചു, എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്ന്. ശങ്കറിനെ സ്തബ്ധനാക്കുന്നതായിരുന്നു മന്ത്രിയുടെ മറുപടി. 

‘‘യൂറോപ്യന്മാർ എന്റെ പൂർവപിതാക്കളെ അടിമകളാക്കി കയ്യും കാലും കെട്ടി ചൂഷണം ചെയ്തു. ആ കത്തിയും മുള്ളും എടുക്കാൻ അവരുടെ പിൻതലമുറ എന്റെ മുന്നിൽ കുനിയുമ്പോൾ എനിക്കു കിട്ടുന്ന ആനന്ദം അത്രയേറെ വലുതാണ്.’’ 

ഉർവശീശാപം പോലെ ചില ശിക്ഷകൾ ചിലർക്ക് ഉപകാരപ്രദമായിട്ടുണ്ട്. തൊഴിലാളികൾ സമരം ചെയ്തു സി.കെ. മേനോന്റെ ബസ് സർവീസ് പൂട്ടിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം ഇങ്ങനെ പച്ചപിടിക്കുമായിരുന്നോ? ശ്രീരാമജയം എന്ന പേരിൽ ചെറിയൊരു ബസ്‌ സർവീസുമായി തൃശൂരിൽ ഒതുങ്ങിക്കൂടിയതാണ് മേനോൻ. ഇരുപതു ബസുകളുള്ള കമ്പനിയായി അതു വളർന്നപ്പോൾ തൊഴിലാളികൾ വലിയൊരു സമരം നടത്തി അതു പൂട്ടിച്ചു. നിൽക്കക്കള്ളിയില്ലാതെ ഖത്തറിലേക്കു പോയ മേനോൻ ഫോബ്സ് മാസികയുടെ ശതകോടീശ്വര പട്ടികയിലേക്കു വളർന്നു. 

തമിഴ്നാട്ടിലെപ്പോലെ കേരളത്തിൽ സംഭവിക്കുന്നില്ലെന്നു ഞാൻ തുടക്കത്തിൽ പറഞ്ഞെങ്കിലും അത്ര വീര്യമില്ലാത്ത ഒരു നാട്ടുകഥ പറയാം.‌ 

തറയായ ഒരു പണിയാണ് പട്ടം താണുപിള്ളയുടെ ഗവൺമെന്റ് ചെയ്തത്. 1954ൽ മാർത്താണ്ഡത്ത് ഒരു ഉപതിരഞ്ഞെടുപ്പു നടന്നു. തെക്കൻ പ്രദേശങ്ങൾ തമിഴ്നാടിന്റെ ഭാഗമാവുന്നതിനുമുൻപാണത്. ആ തിരഞ്ഞെടുപ്പിൽ പട്ടത്തിന്റെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയുടെ എതിരാളി തമിഴ്നാട് കോൺഗ്രസിന്റെ പ്രതിനിധിയായിരുന്നു. അവിടെ ഒരു റോഡ് നല്ല നിലയിലാക്കിക്കൊടുക്കാമെന്നേറ്റ മുഖ്യമന്ത്രി പട്ടം അതിനായി അവിടെയൊക്കെ മെറ്റൽ ഇറക്കുകവരെ ചെയ്തിരുന്നു. പക്ഷേ, പിഎസ്പി സ്ഥാനാർഥി തോറ്റു. അരിശം വന്ന പട്ടം ആ മെറ്റൽ വാരിക്കൊണ്ടുപോരാൻ പറഞ്ഞു. ഉദ്യോഗസ്ഥർ ചെന്നപ്പോൾ നാട്ടുകാർ എതിർത്തു. ഒടുവിൽ വെടിവയ്പു വരെ വേണ്ടിവന്നു. ആ വെടിവയ്പിൽ രണ്ടുപേർ മരിച്ചു!

English Summary: ‘Kadhakoottu’ Column written by Thomas Jacob on Revenge Stories 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com