ADVERTISEMENT

രാഷ്ട്രത്തലവന്മാർ അവർക്കു ലഭിക്കുന്ന സമ്മാനങ്ങൾ എന്തുചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ?

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ നിലവിലിരുന്ന നിയമമനുസരിച്ച് ഒരു അമേരിക്കൻ പ്രസിഡന്റ് വിദേശികളിൽനിന്ന് 305 ഡോളറിൽ കൂടുതൽ വിലയുള്ള സമ്മാനങ്ങൾ വാങ്ങുന്നത് വിലക്കിയിരുന്നു. അമേരിക്കൻ നയങ്ങളുടെമേൽ വിദേശികൾക്കോ വിദേശ രാജ്യങ്ങൾക്കോ സ്വാധീനം ഉണ്ടാകാതിരിക്കാനായിരുന്നു ഈ നിയന്ത്രണം.

 

അമേരിക്കൻ പ്രസിഡന്റിനു ലഭിക്കുന്ന ഏതു സമ്മാനവും അമേരിക്കൻ ജനങ്ങൾക്കുള്ളതാണെന്ന അടിസ്ഥാനത്തിൽ ഇവയെല്ലാം ആദ്യം വലിയൊരു കലവറയിൽ സൂക്ഷിക്കും. ഭാവിയിൽ ആ പ്രസിഡന്റിന്റെ പേരിലുള്ള സൂവനീർ ലൈബ്രറി തുറക്കുമ്പോൾ അത് അവിടേക്കു മാറ്റും.

 

ഇതിനിടയ്ക്ക് ഒരു പ്രസിഡന്റിന് ഇവയിൽ ഏതെങ്കിലുമൊരു സമ്മാനത്തിൽ താൽപര്യം തോന്നിയാൽ അമേരിക്കൻ ഗവൺമെന്റ് നിശ്ചയിക്കുന്ന വില അതിനു നൽകി സ്വന്തമാക്കാം.

 

പ്രസിഡന്റ് ജോർജ് ഡബ്ല്യു ബുഷിന് ഏറ്റവും അസാധാരണമായ സമ്മാനം നൽകിയത് ബൾഗേറിയൻ പ്രസിഡന്റ് ജോർജി പർവനോവ് ആണ്. ബുഷിനെപ്പറ്റി ബൾഗേറിയൻ ഭാഷയിലിറങ്ങിയ പുസ്തകത്തിന്റെ ഒരു കോപ്പിക്കു പുറമേ ജീവനുള്ള ബൾഗേറിയൻ ഗൊറാൻ ഷെപ്പേർഡ് നായക്കുട്ടി കൂടി.

 

വൈറ്റ്ഹൗസിൽ അപ്പോൾത്തന്നെ ബുഷിന് രണ്ടു നായക്കുട്ടികളുണ്ടായിരുന്നു. മറ്റ് സമ്മാനങ്ങൾക്കൊപ്പം ഈ ഗൊറാൻ നായക്കുട്ടിയെ ദേശീയ കലവറയിലേക്ക് അയയ്ക്കാൻ വയ്യല്ലോ.

 

തങ്ങളുടെ റാഞ്ചിലേക്ക് ഇതിനെ അയച്ചാലോ എന്ന് ആലോചിച്ചതാണ്. പക്ഷേ, അവിടത്തെ ചൂട് അവനു താങ്ങാനാവില്ലെന്നു മനസ്സിലായപ്പോൾ ബുഷ് അവനെ വിലയ്ക്കുവാങ്ങി മെരിലാൻഡിൽ താമസിക്കുന്ന ഒരു സുഹൃത്തിനു നൽകി പ്രശ്നം പരിഹരിച്ചു.

 

സോവിയറ്റ് യൂണിയനിലെ നേതാക്കൾക്കു ലഭിച്ച സമ്മാനങ്ങൾ ഒരുകാലത്ത് ഇരുമ്പുമറയ്ക്കുള്ളിലെ രഹസ്യമായിരുന്നു. പക്ഷേ, 2006ൽ സോവിയറ്റ് ഗവൺമെന്റ് അവയിൽ അഞ്ഞൂറെണ്ണം മോസ്കോയിലെ ക്രെംലിൻ മ്യൂസിയത്തിൽ പ്രദർശനത്തിനു വച്ചു. ചടങ്ങുകളിൽ ഉപയോഗിക്കാനുള്ള ഒരു വാളാണ് ഇറാഖിലെ സദ്ദാം ഹുസൈൻ സമ്മാനിച്ചത്. എത്യോപ്യയിലെ ഹെയ്‌ലി സെലാസി ചക്രവർത്തി സമ്മാനിച്ചത് നല്ലൊരു പഴ്സ് ആണ്. ആഭരണങ്ങൾ നൽകിയവർ ഏറെയുണ്ട്.

 

നമ്മുടെ രാഷ്ട്രപതിമാർ അവർക്കു കിട്ടുന്ന സമ്മാനങ്ങൾ എന്തു ചെയ്യുന്നു? എല്ലാം പൊതിഞ്ഞുകെട്ടി വീട്ടിൽ കൊണ്ടുപോയ ചിലരുണ്ട്. എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലെ എല്ലാം പട്ടികയെഴുതി ഗവൺമെന്റിന് ഏൽപിച്ചവരാണ് കൂടുതൽ.

 

ഇവർക്കൊക്കെയുള്ള ആദ്യമാതൃകകളിലൊന്ന് സർദാർ പട്ടേലിന്റെ കീഴിൽ നാട്ടുരാജ്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ഗവ. സെക്രട്ടറി വി.പി. മേനോനാണ്. മേനോന്റെ മകൾ വിവാഹിതയായപ്പോൾ പല നാട്ടുരാജാക്കന്മാരും വിലകൂടിയ ഉപഹാരങ്ങൾ നൽകി. വി.പി. മൂന്ന് ഉന്നതോദ്യോഗസ്ഥരെക്കൊണ്ട് ഇവയുടെ ഏകദേശ വിലകൂടി ചേർത്ത് പട്ടികയുണ്ടാക്കിച്ചു. ഈ പട്ടികയോടൊപ്പം ഉപഹാരങ്ങളും പട്ടേലിന്റെ ഓഫിസിലേക്ക് വി.പി. അയച്ചുകൊടുത്തു.

 

പട്ടേൽ അതു മൂന്നായി തരംതിരിക്കാൻ നിർദേശിക്കുകയായിരുന്നു. വിപിയുടെ മകൾക്കു സ്വീകരിക്കാവുന്നത്, സർക്കാരിനു നൽകേണ്ടത്, തിരിച്ചുകൊടുക്കേണ്ടത്.

 

അതിൻപ്രകാരം കാര്യങ്ങൾ നടത്തുകയും ചെയ്തു.

 

തിരുവിതാംകൂറിലെ മുറജപത്തിന് കാർമികരായി കൊച്ചിയിലെയും മലബാറിലെയും നമ്പൂതിരിമാരാണ് എത്തിയിരുന്നത്. ചെല്ലും ചെലവും നൽകി ഇവരെ കൂട്ടിക്കൊണ്ട് ചെല്ലാൻ എല്ലാ വർഷവും രാജസേവകർ എത്തുമായിരുന്നു.

 

അക്കുറി അകവൂർ മനയിലെ വാസുദേവൻ നമ്പൂതിരിപ്പാടിനൊപ്പം ആറുവയസ്സുകാരൻ നാരായണനും മുറജപത്തിനായി പോയി.

 

മുറജപത്തിനുശേഷം യാത്രചോദിച്ചു മടങ്ങുമ്പോൾ സംഘാംഗങ്ങൾക്കെല്ലാം മഹാരാജാവ് സ്വർണമോതിരമുൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകും. പക്ഷേ, ക്ഷണിക്കപ്പെട്ടവരുടെ ലിസ്റ്റിൽ അകവൂർ നാരായണൻ ഇല്ലാതിരുന്നതിനാലാവാം, നാരായണന്റെ ഊഴമെത്തുമ്പൊഴെക്കും സമ്മാനപ്പൊതികൾ തീർന്നിരുന്നു. പക്ഷേ, മഹാരാജാവ് ക്രമം തെറ്റിക്കാതെ സ്വന്തം കയ്യിലെ മോതിരം ഊരി ബാലനു സമ്മാനിച്ചു.

 

ചടങ്ങുകളിൽ പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികൾക്കു നൽകുന്ന ഉപഹാരത്തിൽ ഒരു വ്യത്യസ്തത വരുത്തിയത് കേരള മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ്. പുഷ്പഹാരങ്ങളും ബൊക്കെകളും നൽകാതെ പകരം ഷാളോ മുണ്ടോ കഴുത്തിലണിയിക്കാൻ ആന്റണി പ്രേരിപ്പിച്ചു.

 

ഇതുപോലൊരു മാറ്റത്തിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ശ്രമിച്ചു. ബാങ്കിന്റെ ചടങ്ങുകൾക്കെത്തുന്ന അതിഥികൾക്ക് പുഷ്പഹാരത്തിനുപകരം ആ അതിഥികളുടെ പേരിൽ ദേശീയ ഉദ്യാനങ്ങളിൽ വൃക്ഷത്തൈകൾ നട്ടതിന്റെ സർട്ടിഫിക്കറ്റു നൽകും. മുംബൈ ആസ്ഥാനമായ ഗ്രോട്രീസ് എന്ന സംഘടനയാണ് ഇതിനു പിന്നിൽ. ഒരു നിശ്ചിത തുക നൽകിയാൽ അവർ സർട്ടിഫിക്കറ്റ് നൽകുകയും തൈ നട്ട് പരിപാലിക്കുകയും ചെയ്യും.

 

ഭരതൻ സംവിധാനം ചെയ്ത ‘തകര’ വൻ വിജയമായപ്പോൾ നിർമാതാവ് ബാബു ഭരതനു സമ്മാനമായി നൽകിയത് അന്ന് ഇവിടെ അപൂർവമായിരുന്ന ടൊയോട്ട കാർ ആണ്. അന്നു ഭരതന്റെ പിരിയാസുഹൃത്തായ കുഞ്ചൻ പറഞ്ഞിട്ടുണ്ട്. പെട്രോൾ അടിക്കണമെങ്കിൽ ഞാൻ കാശുകൊടുക്കണം. പലപ്പോഴും പെട്രോളടിക്കാൻ കഴിയാതെ സ്കൂട്ടറിലായിരുന്നു ഭരതന്റെ യാത്ര.

 

English Summary: ‘Kadhakoottu’ Column written by Thomas Jacob, Gifts and mementos given to famous leaders

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com