ADVERTISEMENT

നമ്മുടെ തപാൽ വകുപ്പിന്റെ കാര്യക്ഷമത തെളിയിച്ച മൂന്നു പേരേപ്പറ്റിയേ ചരിത്രം പറയുന്നുള്ളൂ: മഹാകവി പി. കുഞ്ഞിരാമൻനായർ, കവി അയ്യപ്പൻ, പിന്നെ നവാബ് രാജേന്ദ്രനും.

 

നാളെയെന്നല്ല, ഇന്ന് അൽപം കഴിഞ്ഞുപോലും തങ്ങൾ എവിടെയായിരിക്കുമെന്ന് ഒരു നിശ്ചയവും ഇല്ലാത്തവരായിരുന്നു മൂന്നു പേരും. എന്നിട്ടും അവർ മൂന്നു പേർക്കുമുള്ള കത്തുകളും മണിയോർഡറുകളും അവരുള്ള സ്ഥലത്ത് തപാൽ വകുപ്പ് കൃത്യമായി എത്തിച്ചു!

 

കവി ‍ഡി. വിനയചന്ദ്രൻ മഹാകവിക്കു ചാർത്തിയ വിലാസമാണ് കിറുകൃത്യമായി അദ്ദേഹത്തിനു ചേരുന്നത്: പി, സമസ്ത കേരളം പി.ഒ.

 

ഒരു യാത്രയ്ക്കിടെ ഗുരുവായൂരിലെത്തിയ മഹാകവി, കുറേ നാളായി മണിയോർഡറൊന്നും കിട്ടാത്തതിനെപ്പറ്റി ഗുരുവായൂരപ്പനോടു രണ്ടു വർത്തമാനം പറഞ്ഞിട്ടുതന്നെ ബാക്കി കാര്യം എന്നുറപ്പിച്ച് അകത്തു കയറി ക്യൂവിൽ നിൽക്കുമ്പോൾ അതാ പോസ്റ്റ്മാൻ മണിയോർഡറുമായി വരുന്നു!

 

തിരുവില്വാമലയിലേക്കും ഗുരുവായൂരിലേക്കും സഞ്ചരിച്ചശേഷം തിരുവനന്തപുരം സി.പി. സത്രത്തിൽ മഹാകവിയെ തേടിപ്പിടിച്ച ഒരു പോസ്റ്റ് കാർഡ് കാർട്ടൂണിസ്റ്റ് പി.വി. കൃഷ്ണൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

 

തന്റെ പതിവു താവളങ്ങൾ ഏതൊക്കെയെന്നു തപാൽ വകുപ്പിനു നിശ്ചയമുള്ളതിനാൽ മണിയോർഡറുകൾ വന്നുചേർന്നു കൊള്ളുമെന്ന് കവി അയ്യപ്പനു വിശ്വാസമുണ്ടായിരുന്നെങ്കിലും ഒരിക്കൽ പരുക്കുപറ്റി ആശുപത്രിയിലായതിനുശേഷം പതിവു റൂട്ട് വിട്ട് പെങ്ങളുടെ വീട്ടിൽ വിശ്രമിക്കാൻ പോയപ്പോൾ മാത്രം പുതിയ വിലാസം വേണ്ടപ്പെട്ടവരെ എഴുതി അറിയിച്ചു.

 

ഏത് അപേക്ഷയിലും വിലാസം എന്ന കള്ളിയിൽ ‘ഇല്ല’ എന്നാണ് നവാബ് രാജേന്ദ്രൻ എഴുതിയിരുന്നത്. എന്നിട്ടും നവാബ് രാജേന്ദ്രൻ, ഹൈക്കോടതി വരാന്ത, കൊച്ചി എന്ന വിലാസമെഴുതിയിട്ടും അദ്ദേഹത്തിനുള്ള മണിയോർഡറുകൾ നഷ്ടപ്പെട്ടിരുന്നില്ല.

 

നവാബ് രാജേന്ദ്രൻ, ഹൈക്കോടതി വരാന്ത എന്നതു കഴിഞ്ഞാൽ അതുപോലൊരു ആൾക്കൂട്ടവിലാസം കണ്ടത് കോഴിക്കോട്ടാണ്: കുന്നിക്കൽ നാരായണൻ, ടൗൺ ഹാൾ, കോഴിക്കോട്.

 

പുൽപള്ളിയിലെ ഒരു കർഷകനായ സി.എസ്. ചെല്ലപ്പൻ ആ വിലാസത്തിലയച്ച കത്താണ് കേരളത്തിൽ നക്സലൈറ്റ് സായുധ വിപ്ലവത്തിനു തുടക്കംകുറിച്ചത്.

 

തപാൽ വകുപ്പ് ആ കത്ത് ഫ്രാൻസിസ് റോഡിൽ അന്നു കുന്നിക്കൽ താമസിച്ചിരുന്നിടത്ത് എത്തിച്ചുകൊടുത്തു. അതിനു പകരം അതു പൊലീസിന്റെ കൈയിലെങ്ങാനും എത്തിയിരുന്നെങ്കിലോ?

 

തെറ്റായ വിലാസത്തിലയച്ച ഒരു അപേക്ഷ കാരണം ജോലി കിട്ടിയ ആളാണ് ശങ്കർ.

കാർട്ടൂണിസ്റ്റൊക്കെയാവുന്നതിനു മുമ്പ് ശങ്കറിന്റെ ആദ്യ ജോലി റെയിൽവേസിലായിരുന്നു. ബോംബെ, ബംഗാൾ ആൻഡ് സെൻട്രൽ ഇന്ത്യ റെയിൽവേസിലെ ആ ജോലി മടുത്ത് മൂന്നാഴ്ചകൊണ്ട് ഇറങ്ങിപ്പോന്നു.

 

പുതിയൊരു ജോലിക്കായി ‘ടൈംസ് ഓഫ് ഇന്ത്യ’യുടെ ‘സിറ്റുവേഷൻ വേക്കന്റ്’ പരസ്യങ്ങൾ നോക്കിയപ്പോൾ ഒരു സ്റ്റെനോഗ്രാഫറുടെ ഒഴിവു കണ്ടു. ടൈപ്പ്റൈറ്റിങ്ങും സ്റ്റെനോഗ്രഫിയും അറിയാതെ എങ്ങനെ അപേക്ഷിക്കും?

 

അതു വിട്ട് അടുത്ത ബോക്സ് നമ്പർ നോക്കിയപ്പോൾ ഒരു ജനറൽ ക്ലാർക്കിനെ വേണമെന്ന പരസ്യമാണ്. ആ ബോക്സ് നമ്പർ കുറിച്ചെടുത്ത് അപേക്ഷിച്ചു.

 

ഏതാനും ദിവസം കഴിഞ്ഞപ്പോൾ സിന്ധ്യ സ്റ്റീം ഷിപ്പിങ് കമ്പനിയിൽ നിന്ന് ഒരു ഇന്റർവ്യൂ കാർഡ് കിട്ടി. പ്രശസ്തനായ കപ്പലുടമ നരോത്തം മൊറാർജിയെ ചെന്നു കാണാനായിരുന്നു നിർദേശം.

‘‘എത്രയാണു സ്പീഡ്’’ എന്നായിരുന്നു നരോത്തമിന്റെ ആദ്യ ചോദ്യം.

എന്തു സ്പീഡ് എന്നു ശങ്കർ അത്ഭുതത്തോടെ ചോദിച്ചപ്പോൾ, ‘നിങ്ങളുടെ ഷോർട്ട്ഹാൻഡ് സ്പീഡ്’ എന്ന് നരോത്തം. ഒരു മിനിറ്റിൽ എത്ര വാക്കുകൾ കേട്ടെഴുതാൻ പറ്റുമെന്ന്.

‘‘എനിക്ക് ഷോർട്ട്ഹാൻഡ് അറിയില്ല.’’

‘‘ടൈപ്പ്റൈറ്റിങ്?’’

‘‘ടൈപ്പിങ് ശ്രമിച്ചു നോക്കിയിട്ടുണ്ട്.’’

 

ഇതൊന്നുമറിയാതെ സ്റ്റെനോഗ്രഫർ ജോലിക്ക് അപേക്ഷിച്ചതെന്തിനാണെന്നു ചോദിക്കുമ്പോൾ നീരസം പ്രകടമായിരുന്നു.

 

താഴത്തെ പരസ്യത്തിലുള്ള ജോലിക്ക് അപേക്ഷിച്ചതു മുകളിലത്തെ പരസ്യത്തിന്റെ ബോക്സ് നമ്പരിലേക്കായിപ്പോയതാണെന്നു മനസ്സിലാക്കിയ ശങ്കർ കാര്യം വിശദീകരിച്ചു പോകാനെഴുന്നേറ്റപ്പോൾ നരോത്തം അദ്ദേഹത്തെ പിടിച്ചിരുത്തി.

 

‘‘നിങ്ങൾക്ക് എന്തൊക്കെ അറിയാം? സ്കൗട്ടിങ്ങിനെപ്പറ്റി എന്തെങ്കിലും അറിയാമോ?’’

 

തിരുവനന്തപുരത്തെ മഹാരാജാസ് കോളജ് ദിനങ്ങളിൽ സ്കൗട്സിൽ ഉണ്ടായിരുന്നെന്നും ക്യാംപുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ശങ്കർ പറഞ്ഞു.

 

സ്കൗട്ട്സിന്റെ ബോംബെ ഡിസ്ട്രിക്ട് ഗവർണറായിരുന്ന നരോത്തം ഈ രംഗത്ത് അറിവുള്ള ഒരു സെക്രട്ടറിയെ തേടിക്കൊണ്ടിരിക്കുകയായിരുന്നു.

 

ക്ലാർക്കാകാൻ പുറപ്പെട്ട ശങ്കർ അങ്ങനെ നരോത്തമിന്റെ സെക്രട്ടറിയായി.

 

നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിക്കു വേണ്ടി പടപൊരുതിയിട്ടുള്ള ക്യാപ്റ്റൻ ലക്ഷ്മിയെ കാണാൻ പോയ പത്രപ്രവർത്തകൻ വി.ടി. സന്തോഷ്കുമാർ കാൺപുരിലേക്കു പുറപ്പെടുംമുമ്പു മകൾ സുഭാഷിണി അലി എം.പി.യോട് വിലാസം ചോദിച്ചിരുന്നു. ആര്യാ നഗറിലെത്തി പഴയ പോസ്റ്റ് ഓഫിസ് അന്വേഷിച്ചാൽ മതി, അതിനു തൊട്ടടുത്താണ് എന്നു സുഭാഷിണി പറഞ്ഞു.

 

ആര്യ നഗറിലെത്തി ആദ്യം കണ്ടയാളോട് പഴയ പോസ്റ്റ് ഓഫിസ് ചോദിച്ചു. അയാൾ പറഞ്ഞു: നമ്മുടെ ക്യാപ്റ്റൻ ലക്ഷ്മിയുടെ ക്ലിനിക്കിനു തൊട്ടടുത്താണ്!

 

English Summary: ‘Kadhakoottu’ Column written by Thomas Jacob

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com