പെണ്ണായി അഭിനയിച്ചു ലോക സിനിമയിലും ഇന്ത്യൻ സിനിമയിലും മലയാള നാടകവേദിയിലും ചരിത്രം സൃഷ്ടിച്ച മൂന്നു പേരുണ്ട്: ഡസ്റ്റിൻ ഹോഫ്മാൻ, കമൽ ഹാസൻ, ഓച്ചിറ വേലുക്കുട്ടി.
‘ടൂറ്റ്സി’ എന്ന ഹോളിവുഡ് സിനിമയിൽ ഹോഫ്മാന് ഇരട്ടവേഷമായിരുന്നു, സ്ത്രീയായും പുരുഷനായും. ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് അവാർഡുകൾ, ഓസ്കാർ നോമിനേഷൻ എന്നിങ്ങനെ അംഗീകാരങ്ങൾ പുറകേയെത്തി. പല അവാർഡുകളും കൈപ്പറ്റാൻ അദ്ദേഹം എത്തിയത് ആ സിനിമയിലെ പെൺവേഷം അണിഞ്ഞുകൊണ്ടാണ്!
വേദിയിലെ സ്ത്രൈണസൗന്ദര്യത്തിടമ്പാകാൻ തന്റെ ശരീരം വിട്ടുകൊടുക്കാനുള്ള പ്രേരണ ഓച്ചിറ ശിവപ്രസാദ് വേലുക്കുട്ടിക്ക് ചെറുപ്പകാലം മുതൽ ഉണ്ടായിരുന്നിരിക്കണം. തൊട്ടടുത്ത കരുനാഗപ്പള്ളി കൊറ്റുകുളങ്ങര ക്ഷേത്രത്തിൽ പെൺവേഷം കെട്ടിയ ആണുങ്ങൾ ആചാരവിളക്കേന്തുന്നത് എല്ലാ വർഷവും അദ്ദേഹം കാണുന്നതായിരുന്നല്ലോ.
കുമാരനാശാന്റെ ‘കരുണ’ സ്വാമി ബ്രഹ്മവ്രതൻ നാടകമായി ആവിഷ്കരിക്കുന്നതു നാടകാഭിനയം കുലാംഗനമാർക്ക് നിഷിദ്ധമാണെന്നു കരുതപ്പെട്ടിരുന്ന കാലത്താണ്. അപ്പോൾ പിന്നെ ആ നാടകത്തിൽ ഒരു ഗണികയുടെ വേഷമിടാൻ ഏതെങ്കിലുമൊരു സ്ത്രീ മുന്നോട്ടുവരുമോ? പക്ഷേ, വാസവദത്തയായി വേഷമിട്ട വേലുക്കുട്ടി തന്റെ രൂപലാവണ്യവും അഭിനയത്തികവുംകൊണ്ട് കാണികളെ കീഴടക്കി.
മലയാള അംഗനമാർ അപ്പോഴും നാടകവേദിയിൽ കയറാൻ മടിച്ചുനിന്നു. അതോടെ അമച്വർ നാടകങ്ങളിലും പ്രഫഷനൽ നാടകങ്ങളിലും സ്ത്രീവേഷമിട്ട പുരുഷന്മാരുടെ പ്രവാഹമായി. ഇവരും സ്ത്രീകളായി അഭിനയിച്ചോ എന്ന് ഇവരുടെ പിൽക്കാല രൂപം മാത്രം പരിചയമുള്ള നമ്മൾ അത്ഭുതപ്പെടുന്ന മൂന്നു നടന്മാരും അന്ന് നടികളായി തട്ടിൽ കയറി: പി. കെ. വീരരാഘവൻനായർ, അടൂർഭാസി, പറവൂർ ദേവരാജൻ. ഒരുകാലത്ത് തിരുവനന്തപുരം നാടകവേദിയിൽ ഏറെ ആരാധകരുള്ള ‘നടി’കളായിരുന്നു വീരരാഘവൻനായരും അടൂർഭാസിയും. സി. വി. രാമൻപിള്ളയുടെ രാമരാജബഹദൂറിൽ മീനാക്ഷിയായി ചരിത്രം സൃഷ്ടിച്ച അഭിനയമാണ് വീരൻ കാഴ്ചവച്ചത്.
തിരുവനന്തപുരത്ത് ഇന്ന് അയ്യങ്കാളി ഹാൾ എന്നറിയപ്പെടുന്ന പഴയ വി.ജെ.ടി. ഹാളിൽ നിറഞ്ഞ സദസ്സ് നാടകം തുടങ്ങാൻ അക്ഷമരായി കാത്തിരിക്കുമ്പോൾ ഉച്ചഭാഷിണിയിലൂടെ അറിയിപ്പ്: ടി.എൻ. ഗോപിനാഥൻനായരുടെ ‘അകവും പുറവും’ എന്ന ഈ നാടകത്തിൽ പ്രധാന ഭാഗം അഭിനയിക്കേണ്ട സുലോചന (കെ.പി.എ.സി.) എത്തിച്ചേർന്നിട്ടില്ല. ഈ നാടകം പരിചയമുള്ളവരാരെങ്കിലും സദസ്യരിലുണ്ടെങ്കിൽ ദയവായി ഗ്രീൻ റൂമിൽ വരണം. എത്തിയ രണ്ടു പേരിൽ നാടകം ശരിക്കറിയാവുന്നതു വീരന് ആയിരുന്നു. സ്ത്രീയായി വേഷമിട്ട് വീരൻ നാടകത്തെ രക്ഷിച്ചു.
സാരിയുടുത്ത വീരനെ ആരും കളിയാക്കിയിരുന്നില്ലെന്നും എന്നാൽ ഭാസിയുടെ വേഷം കണ്ട് പലരും ചിരിക്കുമായിരുന്നെന്നും ഭാസിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന പ്രശസ്ത പത്രപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് പറയുന്നുണ്ട്. (കോളജ് വിദ്യാർഥിയായിരുന്ന കാലത്ത് നാടകത്തിൽ സ്ത്രീവേഷം കെട്ടിയിട്ടുണ്ട്, ടി.ജെ.എസും).
എം.ജി. കോളജിൽ പഠിക്കുമ്പോഴാണ് പറവൂർ ദേവരാജൻ സ്ത്രീവേഷത്തിൽ വേദിയിൽ വന്നത്. ‘‘ഞാൻ സ്ത്രീവേഷം കെട്ടിയാൽ എങ്ങനെയെന്ന് ഊഹിക്കാമല്ലോ. എന്നെക്കൊണ്ട് അതിൽ ഡാൻസും ചെയ്യിച്ചു.’’
വീരരാഘവൻ നായർക്ക് മുൻപും പിൻപുമായി തിരുവനന്തപുരത്തെ അമച്വർ, പ്രഫഷനൽ നാടകവേദികളിൽ അനാർക്കലി വാസുദേവൻനായർ, അനഘ ചന്ദ്രശേഖരൻനായർ, ആർട്ടിസ്റ്റ് കെ.വി. നീലകണ്ഠൻനായർ, ആയുർവേദാചാര്യൻ കാലടി പരമേശ്വരൻപിള്ള, സാഹിത്യകാരനും പത്രാധിപരുമായ എ.പി. ഉദയഭാനു, സാഹിത്യകാരൻ ഡോ. എസ്.കെ. നായർ, കവി അയ്യപ്പൻ, നാടകാചാര്യൻ വയലാ വാസുദേവൻപിള്ള, പിന്നീടു ചീഫ് സെക്രട്ടറിമാരായ കെ. ജയകുമാർ, ജിജി തോംസൺ, പിന്നീടു ചലച്ചിത്ര നടന്മാരായ നെടുമുടി വേണു, ജഗതി ശ്രീകുമാർ, ജഗദീഷ്, രവി വള്ളത്തോൾ എന്നിങ്ങനെ എത്രയോ പേർ സ്ത്രീവേഷത്തിൽ നിറഞ്ഞാടി. പെൺവേഷത്തിൽ കസറുന്നതിനാൽ രവി വള്ളത്തോളിനെ ‘പെണ്ണു രവി’ എന്നാണു കൂട്ടുകാർ വിളിച്ചിരുന്നത്.
മറ്റിടങ്ങളിലേക്കു നോക്കിയാൽ മുഖ്യമന്ത്രിയാവും മുൻപ് ഇ.എം.എസ്. നമ്പൂതിരിപ്പാടും മന്ത്രിയാവും മുൻപ് ടി.കെ. ദിവാകരനും സ്ത്രീവേഷത്തിൽ വേദിയിൽ വന്നിട്ടുണ്ട്.
പ്രഫഷനൽ നാടകങ്ങളിലെ ഏറ്റവും രസകരമായ ആൾമാറാട്ടക്കഥ ഓച്ചിറയിൽ നിന്നുള്ളതാണ്. ഓച്ചിറ പരബ്രഹ്മോദയ സംഗീത നടനസഭയിൽനിന്നു മാറി ഓച്ചിറ വേലുക്കുട്ടിയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും കൂടി ആരംഭിച്ച നാടകസമിതിയുടെ പേരും പരബ്രഹ്മോദയ സംഗീത നടനസഭ എന്നു തന്നെയായിരുന്നു. മുതുകുളം രാഘവൻപിള്ളയുടെ ‘രവീന്ദ്രൻ’ ആയിരുന്നു അവരുടെ രണ്ടാമത്തെ നാടകം. പാതി രംഗങ്ങൾ കഴിയുമ്പോൾ നായിക പുരുഷവേഷത്തിലും നായകൻ സ്ത്രീവേഷത്തിലുമായിരുന്നു അഭിനയം!
English Summary: Kadhakkoottu column written by Thomas Jacob- Famous actors who played female characters