ജീവിതത്തിൽ ഒരിക്കലും കൃഷി ചെയ്യേണ്ടിവന്നിട്ടില്ലാത്ത ഞാൻ മനോരമയുടെ ‘കാർഷിക പേജി’ന്റെ ചുമതല വഹിക്കേണ്ടിവന്നപ്പോൾ പുതിയൊരു പംക്തി അതിൽ ആരംഭിച്ചു. പേര്: അങ്ങനെയല്ല, ഇങ്ങനെ.
നമ്മുടെ കൃഷിസ്ഥലങ്ങൾ മാറ്റേണ്ടതിനെപ്പറ്റി വിദഗ്ധർ എഴുതുന്ന പംക്തിയായിരുന്നു അത്. ആദ്യ ലക്കത്തിലേത് ഇന്നും ഓർക്കുന്നു: എല്ലാവരും കുരുമുളകിന്റെ വള്ളി മരത്തോടു ചേർത്താണു കുഴിച്ചുവയ്ക്കുന്നത്. അങ്ങനെയല്ല വേണ്ടത്. ഒരടി മാറ്റി നട്ടുവളർത്തി മരത്തിലേക്കു കയറ്റുകയാണു വേണ്ടത്. അതിന്റെ കാരണങ്ങളും വിശദീകരിച്ചതിനാൽ പംക്തി വിജയമായി.
അതിന്റെയൊരു തുടർച്ചയാണിത്: അങ്ങനെയല്ല, ഇങ്ങനെ.
ഏതു കുഴഞ്ഞ പ്രശ്നവും പരിഹരിക്കുമ്പോൾ ഡിറ്റക്ടീവ് ഷെർലക് ഹോംസ് തന്റെ സഹായി വാട്സനോടു പറയുന്ന വാചകമായി നമ്മുടെയൊക്കെ മനസ്സിൽ കൊത്തിവച്ചിട്ടുള്ളതാണ് Elementary, My dear Watson. ഷെർലക് ഹോംസ് ജീവിതത്തിൽ അങ്ങനെയൊരു വാചകം പറഞ്ഞിട്ടേയില്ല. 1894ൽ പ്രസിദ്ധീകരിച്ച The Crooked Man എന്ന കഥയിൽ ഒരിക്കൽ Elementary എന്ന വാക്കു മാത്രം ഉപയോഗിച്ചു. ഇരുപത്തൊന്നു വർഷത്തിനുശേഷം ഇംഗ്ലിഷ് നർമ നോവലിസ്റ്റ് പി.ജി. വോഡ്ഹൗസിന്റെ ഒരു കൃതിയിലാണ് ‘എലിമെന്ററി, മൈ ഡിയർ വാട്സൺ’ എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അഗതാ ക്രിസ്റ്റിയുടെ ‘ദ സീക്രട്ട് അഡ്വേഴ്സറി’ എന്ന കഥയിലെ നായകനും ഇങ്ങനെ പറയുന്നുണ്ട്. ഇവ രണ്ടിന്റെയും സ്വാധീനത്താലാവാം 1929ൽ ഇറങ്ങിയ ആദ്യ ഷെർലക് ഹോംസ് ശബ്ദചിത്രമായ ‘ദ റിട്ടേൺ ഓഫ് ഷെർലക് ഹോംസി’ൽ ഹോംസ് ഈ വാചകം പറയുന്നുണ്ട്.
അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ ഭാര്യയും ഒരു തവണ പ്രസിഡന്റ് സ്ഥാനാർഥിയുമായ ഹിലരി റോഥാം ക്ലിന്റന്റെ ജീവചരിത്രക്കുറിപ്പുകൾ എഴുതിയ പലരും ആഘോഷിച്ച ഒരു വാചകമാണ് ‘‘എവറസ്റ്റ് ആദ്യമായി കീഴടക്കിയ സർ എഡ്മണ്ട് ഹിലരിയുടെ പേരിനോടുള്ള ആദരവുകൊണ്ടാണ് ഹിലരി റോഥാം ക്ലിന്റന് ആ പേരു നൽകിയത്.’’ അമ്മ ഡൊറോത്തി റോഥാം ഇക്കാര്യം പല തവണ തന്നോടു പറഞ്ഞിട്ടുണ്ടെന്ന് 1995ൽ സർ എഡ്മണ്ടുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഹിലരി ക്ലിന്റൺ തന്നെ പത്രക്കാരോടു പറഞ്ഞിരുന്നു. ബിൽ ക്ലിന്റൺ 2004ൽ എഴുതിയ ആത്മകഥയിലും ഇക്കഥ പറയുന്നുണ്ട്. പക്ഷേ, ഹിലരി ക്ലിന്റൺ അതിന്റെ തലേവർഷം എഴുതിയ ആത്മകഥയിൽ ഇക്കഥയൊട്ടില്ലതാനും.
ഒരാൾ പ്രസിഡന്റ് സ്ഥാനാർഥിയായാൽ അയാളുടെ ജീവിതമാകെ അരിച്ചു പരിശോധിക്കാൻ ആളുകളുണ്ടാവുമെന്നതിനാൽ ഹിലരി ക്ലിന്റൺ സ്ഥാനാർഥിയായശേഷം അവരുടെ വക്താവു പറഞ്ഞു: ഒരു വലിയ ആളാകാൻ മകളെ പ്രേരിപ്പിക്കാൻവേണ്ടി അമ്മ ഉണ്ടാക്കിയ കഥയാണത്.
അങ്ങനെ വക്താവ് മുൻകൂർ ജാമ്യം എടുത്തില്ലായിരുന്നെങ്കിൽ പത്രക്കാർ തീർച്ചയായും ഇക്കഥ പൊളിച്ചടുക്കിയേനെ. കാരണം, എഡ്മണ്ട് ഹിലരി എവറസ്റ്റ് കീഴടക്കി പ്രശസ്തിയിലേക്കുയർന്നത് 1953ൽ മാത്രമാണ്. ഹിലരി ക്ലിന്റൺ ജനിച്ചത് അതിന് ആറു വർഷം മുമ്പ് 1947ലും.
ന്യൂട്ടന്റെ തലയിൽ ആപ്പിൾ വീണതുകൊണ്ടാണ് കണ്ടുപിടിത്തമുണ്ടായത് എന്നത് വ്യാപകമായി പ്രചരിച്ചിട്ടുള്ള ഒരു കഥയായിരുന്നു. പക്ഷേ, തോട്ടത്തിലിരിക്കുമ്പോൾ ന്യൂട്ടന്റെ തലയിലല്ല, സമീപത്താണ് ആപ്പിൾ വീണതെന്നു നമ്മൾ പിന്നീടു പഠിച്ചു.
കേരളത്തിലെ ക്രിമിനൽ അഭിഭാഷക ചക്രവർത്തിയായിരുന്ന മള്ളൂർ എസ്. ഗോവിന്ദപ്പിള്ളയെപ്പറ്റി മുതിർന്ന തലമുറയിലുള്ളവർ കേട്ടിട്ടുള്ള ഒരു ചൊല്ലുണ്ട്: ‘‘ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരെയും കൊല്ലാം.’’ (1950കളിലെ ആയിരം രൂപയ്ക്ക് ഇന്നു ലക്ഷങ്ങൾ വിലയുണ്ടാവും).
മള്ളൂർ ഉണ്ട വിഴുങ്ങിയ കഥയും ഇതോടൊപ്പം പ്രചരിച്ചിരുന്നു. കോളിളക്കമുണ്ടാക്കിയ ഒരു കൊലക്കേസിൽ പ്രതി വെടിവയ്ക്കാനുപയോഗിച്ച ബുള്ളറ്റ് കോടതിയിൽവച്ചു പരിശോധിക്കാനെന്ന നാട്യത്തിൽ എടുത്ത് അധികമാരും കാണാതെ വിഴുങ്ങിയിട്ട് മറ്റൊന്നു തിരികെവച്ചുവെന്നും പിന്നീടു തൊണ്ടി, കൃത്യത്തിന് ഉപയോഗിച്ചുവെന്നു പറയുന്ന തോക്കിന് അനുയോജ്യമല്ലെന്നുകണ്ട് തിരുവിതാംകൂർ ഹൈക്കോടതി പ്രതിയെ വിട്ടയച്ചുവെന്നുമാണു കഥ.
ഡോ. ബക്കിങാം സ്റ്റീവൻ എന്ന വിദേശിയെ വധിച്ചതിന് അയാളുടെ ഭാര്യ ഫ്ലോറൻസ് രണ്ടാം പ്രതിയും കാമുകനായ റിസർവ് പൊലീസ് ഇൻസ്പെക്ടർ സീനി ഒന്നാം പ്രതിയുമായുള്ള കേസ് 1914ൽ കോട്ടയം സെഷൻസ് കോടതിയിലാണ് ആരംഭിച്ചത്. മള്ളൂരിന്റെ വാദങ്ങൾ തള്ളി കീഴ്ക്കോടതി രണ്ടു പ്രതികളെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
വെടിയേറ്റായിരുന്നു മരണം എന്നത് ഹൈക്കോടതിയിൽ പ്രതിഭാഗം നിഷേധിച്ചില്ല. സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തതാണെന്നായിരുന്നു അവരുടെ വാദം. അതായത് തോക്കോ ഉണ്ടയോ തർക്കവിഷയമേ ആയിരുന്നില്ല. അല്ലെങ്കിൽതന്നെ തോക്കോ ഉണ്ടയോ അപ്പീൽ കോടതിയിൽ ഹാജരാക്കാറുമില്ലല്ലോ.
മള്ളൂർ അറുപതുകളിൽ ഒരു റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞു: ‘‘ഹൈക്കോടതിയിൽ തോക്കിനെപ്പറ്റിയോ ഉണ്ടയെപ്പറ്റിയോ യാതൊരു പരീക്ഷണവും ഉണ്ടായിട്ടില്ല. ഞാൻ ഉണ്ട കണ്ടില്ല, കൈകാര്യം ചെയ്യേണ്ട ആവശ്യം എനിക്കുണ്ടായതുമില്ല. ആത്മഹത്യ എന്ന വാദം പൂർണമായി സമ്മതിച്ചാണ് പ്രതികളെ വിട്ടത്.’’
ഉണ്ട വിഴുങ്ങിക്കഥ വിഴുങ്ങിയവരുടെ കണ്ണു തള്ളിപ്പോയി.
English Summary: How fake stories get circulated