ADVERTISEMENT

സാഹിത്യകാരന്മാർ കച്ചോടം നടത്തിയാൽ അതൊരു ദുരന്തകഥയാവുകയേ ഉള്ളൂ എന്നാണു വിലയിരുത്തൽ. എന്നിട്ടും സാഹിത്യ പ്രവർത്തക സഹകരണ സംഘം ഇവിടെ വിജയമായി. ആദ്യം കാരൂർ നീലകണ്ഠപിള്ളയും പിന്നീടു ഡിസി കിഴക്കെമുറിയും എം.കെ. മാധവൻ നായരും സെക്രട്ടറിമാരായിരുന്ന കാലത്തോളമെങ്കിലും അത് കേരളത്തിലെ വിജയകഥകളിലൊന്നായിരുന്നു. 

 

പക്ഷേ, പിന്നീട് എഴുത്തുകാർ തുടങ്ങിയ സാഹിത്യക്കച്ചവടങ്ങളിൽ സി. രാധാകൃഷ്ണന്റെ ‘ഹൈടെക് ബുക്സ്’ മാത്രമാണ് കാൽ നൂറ്റാണ്ടിലേറെയായി വിശ്വാസ്യതയുടെ വിജയക്കൊടി പാറിച്ചു നിൽക്കുന്നത്.

 

10 രൂപയ്ക്കു 12 പുസ്തകങ്ങൾ എന്ന മുദ്രാവാക്യത്തോടെ വി.ടി. ഭട്ടതിരിപ്പാട് മാനേജിങ് ഡയറക്ടറായി പൊന്നാനിയിൽ ആരംഭിച്ചതാണ് വെസ്റ്റ് കോസ്റ്റ് പബ്ലിഷേഴ്സ്. ടി.പദ്മനാഭന്റെ ‘പ്രകാശം പരത്തുന്ന പെൺകുട്ടി’, സി.ജെ. തോമസിന്റെ ‘ധിക്കാരിയുടെ കാതൽ’ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

 

ഇടശ്ശേരി, ഉറൂബ്, അക്കിത്തം, എൻ.വി. കൃഷ്ണവാരിയർ, വിടി തുടങ്ങിയവർ നടത്തിപ്പിനേൽപിച്ചയാളുടെ കെടുകാര്യസ്ഥതമൂലം എല്ലാം അവതാളത്തിലായപ്പോൾ പ്രമുഖ റോയിസ്റ്റ് എൻ. ദാമോദരനെ ഭരണമേൽപിച്ചു. അദ്ദേഹം കടമൊക്കെ വീട്ടിയെങ്കിലും സ്ഥാപനത്തിനു മുന്നേറാനായില്ല.

കുട്ടികൃഷ്ണ മാരാർ, ഇടശ്ശേരി, സുകുമാർ അഴീക്കോട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച കോഴിക്കോട്ടെ നവകേരള കോ–ഓപ്പറേറ്റീവ് പബ്ലിഷിങ് ഹൗസ്. ചിലർ കേസ് കൊടുത്തു നശിപ്പിക്കുകയായിരുന്നെന്ന് ഡോ. ജോർജ് ഇരുമ്പയം ഓർക്കുന്നു.

 

 

കുന്നത്തുനാട്ടിൽ നിന്ന് വടക്കാഞ്ചേരിയിലേക്കു കുടിയേറിയ സി ബി പണ്ടാരത്തിൽ അവിടെ എം.കെ. മാധവൻ നായർ ചുമതലക്കാരനായി ‘അരുണോദയം’ പ്രസും പുസ്തക പ്രസാധനശാലയും തുടങ്ങി. തകഴിയുടെ ‘തോട്ടിയുടെ മകൻ’ ആയിരുന്നു ആദ്യ പുസ്തകം. നല്ല റോയൽറ്റി കിട്ടിയപ്പോൾ കുറെ ഏക്കർ സ്ഥലം വാങ്ങി വടക്കാഞ്ചേരിയിലേക്കു കുടിയേറുന്നതിനെപ്പറ്റി താൻ ആലോചിച്ചിരുന്നുവെന്ന് തകഴി എഴുതിയിട്ടുണ്ട്.

 

പണ്ടാരത്തിൽ നാട്ടിലേക്കു മടങ്ങിയതോടെ പ്രസും പ്രസാധകക്കടയും പൂട്ടിക്കെട്ടി. എം.ടി. വാസുദേവൻ നായർ നടത്തിയ പ്രസാധനശാലയുടെ പേര് ക്ലാസിക് പബ്ലിഷിങ് കമ്പനി എന്നായിരുന്നു. സുകുമാർ അഴീക്കോട്, ഡോ. എം.എം. ബഷീർ, പുനത്തിൽ തുടങ്ങിയവരൊക്കെ ഷെയറെടുത്തു. ഒരു പുസ്തകം കൊണ്ടുതന്നെ പ്രസാധകശാല പ്രശസ്തമായി. അഴീക്കോടിന്റെ തത്ത്വമസി ആയിരുന്നു ക്ലാസിക്സിന്റെ ആദ്യ പുസ്തകമെന്നു പലരും എഴുതിയിട്ടുണ്ട്. എന്നാൽ, തന്റെ ‘അനുരാഗത്തിന്റെ ദിനങ്ങൾ’ ആണ് ക്ലാസിക്സിന്റെ ആദ്യ പുസ്തകമെന്നു ബഷീർ എഴുതുന്നു. പ്രസിദ്ധീകരണത്തിന് 50 വർഷം മുൻപു ‘കാമുകന്റെ ഡയറി’ എന്ന പേരിൽ ബഷീർ എഴുതിവച്ചിരുന്നതാണിത്. ‘‘പ്രസിദ്ധപ്പെടുത്താൻ എഴുതിയതല്ല. കുറെ കൊല്ലങ്ങൾക്കു മുൻപ് കത്തിച്ചു ചാമ്പലാക്കാൻ എന്റെ ഭാര്യ, ഫാബി ബഷീറിന്റെ കയ്യിൽ ഒരു വലിയ കടലാസുകെട്ട് കൊടുത്തിരുന്നു. ഭാര്യ അതു കത്തിച്ചില്ല. ‘അനുരാഗത്തിന്റെ ദിനങ്ങൾ’ എന്നു പേരിട്ടത് എംടിയാണ്: 

 

ഐഎഎസ് ദിനങ്ങളോടു വിടപറഞ്ഞ മലയാറ്റൂർ രാമകൃഷ്ണൻ ‘ഔട്ട് ഓഫ് പ്രിന്റ്’ ആയ സ്വന്തം പുസ്തകങ്ങൾ അച്ചടിക്കാൻ ഒരു പ്രസാധകശാല തുറന്നു. വൈദേഹി പബ്ലിക്കേഷൻസ്. അധികകാലം കഴിയും മുൻപ് ആ സ്ഥാപനവും ഔട്ട് ഓഫ് പ്രിന്റ് ആയി.

 

‘വിടി ബ്രദേഴ്സ്’ എന്ന പേരിൽ വി.ടി. ഭട്ടതിരിപ്പാട് കുറേക്കാലം തൃത്താലയിൽ ഒരു പ്രസാധകശാല നടത്തിയിരുന്നു. 

 

പുസ്തക പ്രസാധനശാല നടത്തിയിട്ടില്ലെങ്കിലും വൈക്കം മുഹമ്മദ് ബഷീർ കൊച്ചിയിൽ രണ്ടു ബുക്ക് സ്റ്റാളുകൾ നടത്തിയിരുന്നു. സർക്കിൾ ബുക്ക് സ്റ്റാളും ബഷീഴ്സ് ബുക്ക് സ്റ്റാളും. രണ്ടും പിന്നെ സാഹിത്യകാരന്മാർക്കു കൊടുത്തു: പി.കെ. ബാലകൃഷ്ണനും പോഞ്ഞിക്കര റാഫിക്കും.

 

കവി പഴവിള രമേശൻ 20,000 രൂപ മുടക്കി ‘ഹാൻസം ബുക്സ്’ എന്ന പേരിൽ ഒരു ബുക്ക് സ്റ്റാൾ നടത്തിയിരുന്നു. 

 

എം.ടി. വാസുദേവൻ നായർ കുറച്ചു കാലം ഒരു മെഡിക്കൽ ഷോപ്പ് നടത്തിയിട്ടുണ്ട്. നല്ല ബിസിനസാണെന്നു പറഞ്ഞു ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ളയും മറ്റു ചില ഡോക്ടർ സുഹൃത്തുക്കളും പിരികേറ്റി എടുത്തുചാടിച്ചതാണ്. കുടുംബവേരുകൾ ഓർമിപ്പിക്കാൻ ‘തെക്കേപ്പാട്ട് മെഡിക്കൽസ്’ എന്നുതന്നെ പേരിട്ടു. 

 

എംടിയുടെ ‘ക്ലാസിക്’ പുസ്തകക്കട നടത്താൻ രാമൻ എന്നൊരാളുണ്ടായിരുന്നു. ‘‘രാമൻ എംടിക്കും ഞങ്ങൾക്കും രാവിലെയും വൈകുന്നേരവും ചായയും പരിപ്പുവടയും കൊണ്ടുവരുന്ന പണിയാണ് കൂടുതലുമെടുത്തത്’’ എന്നു പുനത്തിൽ എഴുതുന്നു. രാമനുണ്ടല്ലോ എന്ന ധൈര്യത്തിൽ എംടി കടയിൽ ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ വാങ്ങി വച്ചു. ‘ഒരു പത്തായത്തിന്റെ വലുപ്പമുള്ള’ എന്നു പുനത്തിൽ വിശേഷിപ്പിക്കുന്ന ആ മുതുമുത്തച്ഛൻ എന്നും കേടാവും. പിന്നെ അതായി എംടിയുടെ തലവേദന.

 

കാട്ടുമാടം നാരായണൻ കുന്നംകുളത്ത് 1962ൽ ഒരു സ്പെയർ പാർട്സ് കട തുടങ്ങി. ജയശ്രീ എന്ന് അതിനു പേരിട്ടു. പക്ഷേ, ശ്രീ വന്നില്ല.

 

സിഗരറ്റ് വലിച്ചു കറപിടിച്ച കറുത്ത പല്ലുകൾ വെളുപ്പിക്കുന്നതിന് ‘സ്മോക്കേഴ്സ് ടൂത്ത് പേസ്റ്റ്’ നിർമിക്കുന്ന ഒരു സ്ഥാപനം എം.പി. നാരായണപിള്ള കുറേക്കാലം പെരുമ്പാവൂരിൽ നടത്തിയിരുന്നു. സ്വന്തം മുഖംകൂടി കറുത്തു തുടങ്ങിയതോടെ ബിസിനസ് പൂട്ടി മുംബൈയിലെത്തിയ നാണപ്പൻ മറ്റാളുകളെക്കൂടി കുഴിയിൽ ചാടിക്കാൻ അവിടെ ഒരു ബിസിനസ് മാസികയുടെ എഡിറ്ററായി!

 

Content Summary: ‘Kadhakoottu’ Column written by Thomas Jacob, When writers tries their hand in business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com