ഉയരങ്ങളിലെത്തിയ മിക്കവരുടെയും പിന്നിൽ കെട്ടുകഥകളെക്കാൾ അവിശ്വസനീയമായ ജീവിതകഥകളുണ്ടാവും.
സ്വന്തമായി കടകളോ ഓഫിസോ ഇല്ലാത്തവർക്ക് ഓരോ മണിക്കൂർ മാറിമാറി വാടകയ്ക്കെടുത്ത് സ്വന്തം ബോർഡ് വച്ചു പെരുമാറാവുന്ന ഇടങ്ങൾ അൻപതുകളിൽ ബോംബെയിലുണ്ടായിരുന്നു. ആ ഒരു മണിക്കൂർ ഉപയോഗിക്കാനായി ഒരു മേശയും രണ്ടു കസേരകളും ഒരു ലാൻഡ് ഫോണും കിട്ടും. ഒരു മണിക്കൂർ മാത്രം ആയുസ്സുള്ള ഒരു മുതലാളിയാണ് അവിടെ ഇരിക്കുന്നതെന്നു കണ്ടാൽ തോന്നില്ല.
ഗൾഫ് തുറന്നു കിട്ടുന്നതിനു മുൻപ് ഇന്ത്യക്കാർ ചെന്നടിയുന്ന സ്ഥലമായിരുന്ന ഏഡനിലെ ചെറിയ ജോലി ഉപേക്ഷിച്ചു ഭാഗ്യംപരീക്ഷിക്കാൻ 1957ൽ ബോംബെ താവളമാക്കിയ ധിരുബായ് അംബാനിയുടെ മേൽവിലാസം ഒരു മണിക്കൂറിനുശേഷം ‘പരിധിക്കു പുറത്താവുന്ന’ ഒരു ലാൻഡ് ഫോണിന്റെ കെയർ ഓഫ് ആയിരുന്നുവെന്ന് ഇന്ന് ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല.
കയ്യിലൊരു നിയമബിരുദവും പോക്കറ്റിൽ ഒരു പൈസയുമില്ലാതെ പാക്കിസ്ഥാനിൽ നിന്നു ബോംബെയിലെ അഭയാർഥി ക്യാംപിലെത്തിയ റാംജഠ്മലാനി എത്തിയ ഉയരങ്ങൾ നാം കണ്ടതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിഭാഷകനായ അദ്ദേഹം കേന്ദ്രത്തിൽ കരുത്തനായ മന്ത്രിയുമായി.
കയ്യിൽ ഒരു പൈസയുമില്ലാതെ ബോംബെയിലെത്തി തെരുവിലുറങ്ങിയാണ് എം.എഫ്. ഹുസൈന്റെ ജീവിതം ആരംഭിക്കുന്നത്. സ്യൂട്ട്കേസുകളിലും കുടകളിലും ഉടമസ്ഥന്റെ പേരു പെയിന്റ് ചെയ്തു കൊടുത്തുകൊണ്ടായിരുന്നു തുടക്കം. അൽപംകൂടി വരുമാനമുണ്ടാക്കാൻ വേണ്ടിയാണ് വര തുടങ്ങിയത്. ഇരുപത്തഞ്ചു രൂപ തരാൻ കഴിവുള്ളവരുടെ ഛായാചിത്രങ്ങൾ തെരുവിലെ ഒരു മൂലയിലിരുന്നു വരച്ചുകൊടുത്തു.
സിനിമാ ഹോർഡിങ്ങുകളായിരുന്നു അടുത്ത ജീവിതമാർഗം. മുളകൊണ്ടുള്ള വച്ചുകെട്ടിൽ പൊരിവെയിലത്തു കയറിനിന്ന് 40 അടി ഉയരമുള്ള പരസ്യചിത്രങ്ങളദ്ദേഹം വരച്ചു, ഒരു ചതുരശ്ര അടിക്കു നാലണ നിരക്കിൽ (പതിനാല് അണയാണ് ഒരു രൂപ). അധികം വൈകാതെ ഏറ്റവും ആവശ്യക്കാരുള്ള പോസ്റ്റർ പെയിന്ററായി ഹുസൈൻ. ഇതിനിടയ്ക്കു ചിത്രങ്ങളും പെയിന്റ് ചെയ്യുമായിരുന്നു. ഇതു കണ്ട ഒരു ചിത്രകലാ നിരൂപകൻ ഒരു പ്രദർശനം സംഘടിപ്പിച്ചു കൊടുത്തു. മുഴുവൻ ചിത്രങ്ങളും വിറ്റുപോയി. ഇന്ത്യയിൽ ഏറ്റവും പ്രതിഫലം പറ്റുന്ന ചിത്രകാരന്മാരിലൊരാളായി ഉയരാൻ പിന്നെ താമസമുണ്ടായില്ല.
നാൽപത്തഞ്ചു രൂപയുമായി ബോംബെയ്ക്കു പുറപ്പെട്ട ആർ.കല്യാണരാമൻ ഗുഡ്നൈറ്റ് മോഹനായത് ഒരു ബിസിനസ് അവസരം കണ്ട് അതിൽ ചാടിവീണതുകൊണ്ടാണ്. മകളെ കൊതുകുകടിയിൽനിന്നു രക്ഷിക്കാനുള്ള മാർഗം തേടിപ്പോയ കല്യാണരാമൻ ജപ്പാൻ നിർമിതമായ കൊതുകുനിവാരിണി വാങ്ങി. ഒരു പിതാവിന്റെ താൽപര്യം അവിടംകൊണ്ട് അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, കല്യാണരാമൻ ആ കൊതുകു കേക്കിന്റെ ഇന്ത്യയിലെ നിർമാതാവായി കോടിപ്രഭുവായി.
കണ്ണൂരിനടുത്ത് ഒരു അംശം കോൽക്കാരന്റെ മകനായി ഓലമേഞ്ഞ ഒരു സാധാരണ വാണിയ കുടുംബത്തിലായിരുന്നു ആ കുട്ടിയുടെ ജനനം. പഠിക്കാൻപോലും ഏറെ കഷ്ടപ്പെട്ടു. എണ്ണയാട്ടിലൂടെയായിരുന്നു അമ്മ അതിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. ജീവിക്കാൻ വേണ്ടി പട്ടാളത്തിൽ ചേർന്ന ആ കുട്ടി തിരിച്ചുവന്ന് ബോംബെ ആസ്ഥാനമായി ഇന്ത്യയിലെ വലിയൊരു ഹോട്ടൽ ശൃംഖലയുടെ സ്ഥാപകനായി: ക്യാപ്റ്റൻ കൃഷ്ണൻ നായർ.
ഇന്ത്യയിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞരിലൊരാളും രാഷ്ട്രപതിയുമായി ഉയർന്ന എ.പി.ജെ.അബ്ദുൽ കലാം ഒരു വള്ളക്കാരന്റെ മകനായിരുന്നു.
കേരളത്തിലേക്കു ഭരത് അവാർഡ് കൊണ്ടുവന്ന മൂന്നാളുകളിൽ രണ്ടു പേരും (പി.ജെ. ആന്റണി, ബാലൻ കെ.നായർ) വർക്ക്ഷോപ് തൊഴിലാളികളായിരുന്നുവെന്ന് എത്രപേർ ഓർക്കുന്നു?
അച്ഛൻ വേറെ വിവാഹം ചെയ്തപ്പോൾ കുറെനാൾ ലഹോർ റെയിൽവേ സ്റ്റേഷനിൽ ചായ വിറ്റാണ് ഗുലാം അലിഖാൻ ജീവിച്ചത്. സംഗീതത്തിന്റെ ഒരേയൊരു ബഡേ ഗുലാം അലിഖാൻ.
ഊട്ടിയിൽ ഹോട്ടൽ തൊഴിലാളിയും ചായത്തോട്ടത്തിലെ അടിമവേലക്കാരനുമായിരുന്നശേഷം പാലക്കാട് ഡി.സി.സി. ഓഫിസിൽ ചായ കൊണ്ടുപോയിക്കൊടുത്ത് ഉപജീവനം കഴിച്ച പി.ബാലനാണ് പിന്നീട് ആ ഡിസിസിയുടെ ആരാധ്യനായ പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായത്.
ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ എഡിറ്റോറിയൽ റൂമിൽ ഓഫിസ്ബോയ് (പ്യൂൺ) ആയിട്ടായിരുന്നു ജോസഫ് ലെലിവൽഡിന്റെ തുടക്കം. നാം അദ്ദേഹത്തെ അറിയുന്നത് ന്യൂയോർക്ക് ടൈംസിന്റെ പ്രശസ്തനായ പത്രാധിപരായാണ്. ഇദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയാണ് പ്രശസ്ത ഇൻഡോ–ആംഗ്ലിക്കൻ കവിയായ മീന അലക്സാണ്ടർ.
ഒരുകാലത്ത് ലോകത്തിലെ അതിസമ്പന്നരിൽ നാലാമനായി ഫോർബ്സ് മാസിക വിലയിരുത്തിയ ‘ഐക്കിയ’ സ്ഥാപകൻ ഇങ്‌വർ കംപ്രാദ് തന്റെ ഗാർഡൻ ഷെഡിൽ നിന്നാണ് കച്ചവടം ആരംഭിച്ചത്. വാച്ചും പേനയും ക്രിസ്മസ് കാർഡുമൊക്കെയായിരുന്നു കച്ചവടം. സ്വീഡൻ ‘പത്തുലക്ഷം വീടുകൾ’ പദ്ധതി ആരംഭിച്ച 1950കളിൽ അദ്ദേഹം വീടുകളിലേക്കുള്ള തടി ഉപകരണങ്ങളുടെ നിർമാണം ആരംഭിച്ചു. തടി ഉപകരണങ്ങളുടെ നിർമിതിയിൽ ലോകത്തിലെ ഏറ്റവും വലിയ റീടെയിലറായി ഉയരാൻ താമസമുണ്ടായില്ല. ലോകത്താകെ ഇരുനൂറിൽപരം ഷോറൂമുകൾ. അതിസമ്പന്നനായിട്ടും ഈ ഷോറൂമുകൾ സന്ദർശിക്കാൻ വിമാനത്തിൽ ഇക്കോണമി ക്ലാസിലേ അദ്ദേഹംസഞ്ചരിക്കുമായിരുന്നുള്ളൂ.
English Summary : Kadhakkoottu Column by Thomas Jacob about Success Persons Life Story