അവർ മെയ് ചേർന്നതും ജൂൺ കണ്ടു നിന്നതും

penakathi-845
SHARE

ആകാശം അലിഞ്ഞ് കുന്നിൻ മുകളിൽ മഞ്ഞു പെയ്തു.

ജാൻവിയോട് രജീഷ് ചോദിച്ചു..  ഉയരെയിൽ പാർവതി ആസിഫലിയെ കെട്ടിപ്പിടിച്ചതുപോലെ എന്നെ ഒന്നു കെട്ടിപ്പിടിക്കുമോ?

ജാൻവി പറഞ്ഞു.. എന്തിനാ അങ്ങനെയൊക്കെ ? 

രജീഷ് പറഞ്ഞു.. ഒരു ആശ്വാസത്തിന്..  എന്റെ ഇപ്പോഴത്തെ ടെൻഷനിൽ നിന്ന് ഒന്നു രക്ഷപ്പെടാൻ.. 

അവൾ പിന്നെ മറുത്തൊന്നും പറയാതെ അവനെ നെഞ്ചിലേക്കു ചേർത്തു.  അതുവരെ വാസനിക്കാത്ത ഏതോ പൂവിന്റെ അപൂർവ സുഗന്ധം അവനു കിട്ടാൻ തുടങ്ങി. 

അവൾ ചോദിച്ചു..  എന്താ നിനക്കു തോന്നുന്നെ ?

നെഞ്ചിൽ നിന്നു കേൾക്കുമ്പോൾ അവളുടെ ശബ്ദം തുടിക്കുന്നതുപോലെ രജീഷിനു തോന്നി. പതിവു ശബ്ദമേയല്ല. പുതുമയുള്ള വേറൊന്ന്.. അത് ആദ്യമായി അവൻ കേൾക്കുകയാണ്.  മിടിപ്പിന്റെ ഭാഷയിൽ ഹൃദയം സംസാരിക്കുന്നതുപോലെ.  കുറുമൊഴിയുടെ മൊട്ടുകൾ രാത്രിയിൽ വിടരുമ്പോൾ ശ്രദ്ധിച്ചു ചെവിയോർത്താൽ കേൾക്കുന്ന ശബ്ദം പോലെ..

അവൻ ചോദിച്ചു.. നിനക്കെന്താ തോന്നുന്നെ..?

ജാൻവി പറഞ്ഞു.. ഒരു ആഗ്രഹം. നീ എന്നെ പൂമ്പാറ്റ മോളേന്നു വിളിക്കുവോ !

ജാൻവിക്ക് അങ്ങനെയൊരു പേരുണ്ടെന്ന് അവൻ‌ ആദ്യമായാണ് കേൾക്കുന്നത്. പണ്ട്, പ്രീ സ്കൂളിൽ പഠിക്കുമ്പോൾ സ്കൂൾ ബസിന്റെ ഡ്രൈവർ അങ്കിൾ അവളെ വിളിച്ചിരുന്നത് അങ്ങനെയാണ്.  ഒരിക്കൽ ബേർത്ഡേയ്ക്ക് റോസാപ്പൂ ഇതൾ പോലുള്ള ഡിസൈനും ഒരുപാട് അലുക്കുകളുമുള്ള പുത്തൻ ഉടുപ്പിട്ടാണ് അവൾ സ്കൂൾ ബസ് കാത്തു നിന്നത്. മമ്മി അവളുടെ മുടി രണ്ടായി പിന്നി, അതുകണ്ട് വാർഡ് റോബിൽ നിന്ന് രണ്ടു ബട്ടർഫ്ളൈ സ്ളൈഡുകൾ പറന്നു വന്ന് അതിലിരുന്നു.  അന്ന് ഡ്രൈവർ അങ്കിൾ അവൾക്കിട്ട പേരാണ് പൂമ്പാറ്റ മോൾ. പിന്നെ സ്കൂളിലെ കുട്ടികളും അവളെ അങ്ങനെ വിളിക്കാൻ തുടങ്ങി. 

ഇപ്പോഴും പിറന്നാളിന്, അച്ഛമ്മ മരിച്ചതിന്റെ ആണ്ടിന്, സ്കൂളിലെ അലൂംനി യോഗത്തിന് ഒക്കെ ആരെങ്കിലും ആ പേരു വിളിക്കുന്നതു കേൾക്കാൻ അവൾക്കിഷ്ടമാണ്. 

രജീഷ് ചോദിച്ചു.. കുറേ നേരം ഇങ്ങനെ അനങ്ങാതെ നിൽക്കാൻ പറ്റുവോ ? 

ജാൻവി പെട്ടെന്നു കൈ അയച്ചു. അവന്റെ മുഖം അവളുടെ നെ‍ഞ്ചിൽ നിന്ന് അടർന്നു. 

അവൾ പറഞ്ഞു.. അത്യാഗ്രഹം പാടില്ല. ചില കാര്യങ്ങൾ കുറച്ചു നേരത്തേക്കു മാത്രം സംഭവിക്കുന്നു. എന്നിട്ടു കൂടുതൽ കാലത്തേക്ക് ഓർത്തു വയ്ക്കുന്നു. അതാണ് നല്ലത്. 

നാട്ടിൽ പൊതുവേ കാണാത്തത്ര കേമനായ ഒരു നായ പെട്ടെന്ന് ഓടിവന്നു. ആരോ അടിച്ചു തെറിപ്പിച്ച വെളുത്ത പന്തുപോലെയായിരുന്നു അവന്റെ വരവ്. ജാൻവിക്കു കൗതുകം തോന്നി. 

അവൾ രജീഷിനു നേരെ ചൂണ്ടിയിട്ട് നായയോടു പറഞ്ഞു.. ഇവനെ പിടിച്ചോ, കള്ളനാ..

നായ പെട്ടെന്ന് രജീഷിനു നേരെ ചാടി. അവന്റെ ചുറ്റും നടന്ന് മണംപിടിച്ചു. എന്നിട്ട് അവന്റെ ജീൻസിൽ കടിച്ചു. 

ജാൻവി അതൊട്ടും പ്രതീക്ഷിച്ചതല്ല. അവളുടെ മുഖം മഞ്ഞയായി. അവൾ നായയോടു പറഞ്ഞു.. ഞാൻ വെറുതെ പറഞ്ഞതാ.. അവൻ കള്ളനൊന്നുമല്ല. എന്റെ ഫ്രണ്ടാ.. അവനെ വിടൂ.. പ്ളീസ്.

നായ പിടിവിട്ടില്ല. 

ജൂൺ ഇവിടെ വരൂ എന്നുറക്കെപ്പറഞ്ഞുകൊണ്ട് ഒരാൾ കുന്നു കയറി വന്നു. ഒരു വൈദികനാണ്. അദ്ദേഹത്തിന്റെ കൈയിൽ ഒരു ചെറിയ ചൂരൽ വടിയുമുണ്ട്. ബ്രൗൺ നിറമുള്ള കുപ്പായമായിരുന്നു അദ്ദേഹത്തിന്റേത്. വൈദികനെ കണ്ടതോടെ അവൾക്കെന്തോ ആശ്വാസം തോന്നി. കാരണം അദ്ദേഹം ധരിച്ചിരുന്ന കുപ്പായത്തിന് ബ്രൗൺ നിറമാണ്.  ആ നിറം അവൾക്കിഷ്ടപ്പെട്ട കോഫി ബ്രൗൺ നിറമുള്ള ചോക്കലേറ്റിന്റെതാണ്. 

നായ പെട്ടെന്ന് പിടിവിട്ട് വൈദികന്റെ അടുത്തേക്ക് ഓടി വന്ന് അനുസരണയോടെ നിന്നു.

വൈദികൻ നായയോടു ചോദിച്ചു.. ഇവരൊക്കെ ആരാ? എന്തിനാ ഇവിടെ വന്നത് ?

നായ ജാൻവിയുടെയും രജീഷിന്റെയും ചുറ്റും ഓടിയിട്ട് തിരിച്ചു വന്ന് വൈദികന്റെ മുന്നിൽ നിന്നിട്ട് വാൽ ലവ് സിംബൽ പോലെ ചുരുട്ടിക്കാണിച്ചു. 

അച്ചൻ പറഞ്ഞു.. അതു ശരി. നിനക്ക് എങ്ങനെ മനസ്സിലായി ?

രജീഷും ജാൻവിയും കഴിച്ചിട്ടു താഴെയിട്ട ചോക്കലേറ്റിന്റെ കടലാസ് കടിച്ചെടുത്തു കൊണ്ടു വന്ന് നായ വൈദികന്റെ കാൽച്ചുവട്ടിലിട്ടു. ആ കവറിൽ ലാവൻഡർ നിറങ്ങളിൽ രണ്ടു ഹൃദയങ്ങൾ ഒട്ടിച്ചു വച്ചിരുന്നു. അവൻ അതിൽ മണംപിടിച്ചുകൊണ്ടു നിന്നു.

വൈദികൻ അവരോടു പറഞ്ഞു..  ഞാൻ ഫാ. ഇഗ്നേഷ്യസ് പൊന്നു മുത്തൻ. ഈ കുർബാനക്കുന്ന് ഇരിക്കുന്ന സ്ഥലം ഞങ്ങളുടെ പള്ളിയുടേതാണ്. നിങ്ങളുടെ സ്നേഹത്തിനു സ്തുതിയായിരിക്കട്ടെ.

ജാൻവി പെട്ടെന്നു പറഞ്ഞു.. ആമേൻ..! 

അച്ചൻ പെട്ടെന്ന് അവളോടു ചോദിച്ചു... ഈ മേൻ ?

രജീഷ് ആദ്യവും ജാൻവി പിന്നീടും സ്വന്തം പേരുകൾ പറഞ്ഞു. അച്ചൻ വീണ്ടും ജൂണിനു നേരെ നോക്കി. അവർ പറയുന്നത് സത്യമാണെന്ന മട്ടിൽ ജൂൺ വാലാട്ടി.

അച്ചൻ ചോദിച്ചു.. നിങ്ങൾ എന്തെടുക്കുകയായിരുന്നു ഇവിടെ ?

ഞങ്ങൾ കുമ്പസാരിക്കുകയായിരുന്നു ഫാദർ എന്നു ജാൻവിയും പ്രാർഥിക്കുകയായിരുന്നു അച്ചോ എന്ന് രജീഷും ഒരേ സമയം പറഞ്ഞു.

ഫാ. പൊന്നുമുത്തൻ നായയ്ക്കു നേരെ നോക്കി. അത് ഓടി വന്ന് അച്ചന്റെ കാലിൽ രണ്ടുകൈകൊണ്ടും കെട്ടിപ്പിടിച്ച് നാലഞ്ച് ഉമ്മ കൊടുത്തു.

ഫാ. പൊന്നുമുത്തൻ ചിരിച്ചു... നിങ്ങൾ രണ്ടുപേരും പറഞ്ഞതു കള്ളം...  ജൂൺ എന്ന എന്റെ നായ സത്യമേ പറയൂ.. 

ജാൻവിക്ക് എങ്ങനെയെങ്കിലും സ്ഥലം വിട്ടാൽ മതിയെന്നു തോന്നി. അവൾ രജീഷിനോടു പറഞ്ഞു.. ലേറ്റായി. നമുക്കു പോകാം..

അച്ചൻ പറഞ്ഞു.. നിങ്ങൾ ഇപ്പോൾ എന്റെ അതിഥികളാണ്. എന്റെ അനുവാദത്തോടെയേ പോകാൻ കഴിയൂ.  അതിനു മുമ്പ് എനിക്കു നിങ്ങളെപ്പറ്റി ചില കാര്യങ്ങൾ അറിയണമെന്നുണ്ട്. 

ജാൻവി പറഞ്ഞു..  നിന്നെപ്പോലെ നിന്റെ കൂട്ടുകാരിയെയും സ്നേഹിക്കുക എന്നല്ലേ പറയുന്നത്.. അതല്ലേ ഞങ്ങൾ ചെയ്യുന്നുള്ളൂ ഫാദർ..

അച്ചൻ വിടുന്ന മട്ടില്ല..  ഒരു ചോദ്യം കൂടി ബാക്കിയുണ്ട്. ചോദിക്കട്ടേ ?

ജാൻവി പറഞ്ഞു.. അതുവേണ്ട ഫാദർ, ഞങ്ങളുടെ പ്രായക്കാർക്ക് ചോദ്യങ്ങൾ ഒട്ടും ഇഷ്ടമല്ല... ഞങ്ങളെപ്പോലുള്ളവരെ കാണുമ്പോൾ അച്ചനു മാത്രമല്ല, ലോകത്ത് എല്ലാവർക്കും തോന്നുന്ന ഒരു ചോദ്യമുണ്ട്.  അതിനുള്ള ഉത്തരം അൽപം മുമ്പ് ജൂൺ പറഞ്ഞു കഴിഞ്ഞല്ലോ !

ഇലകളിൽ വീഴുന്ന മഞ്ഞുതുള്ളികൾക്കിടയിലൂടെ അവർ നടന്നു പോകുന്നത് ജൂൺ നോക്കി നിന്നു.

അവരുടെ കൈകൾ തമ്മിൽ ചേരുകയും അകലുകയും ചെയ്യുമ്പോഴൊക്കെ സംഗീതത്തിന്റെ ചില നൊട്ടേഷനുകൾ പിറക്കുന്നതായി ഫാ. പൊന്നുമുത്തനു തോന്നി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ