ADVERTISEMENT

ഒളിവിയൻ ബ്രിട്ടോ എന്ന സായിപ്പിനു പ്രായം 35. നെയിൽ പോളിഷ് കൊണ്ട് നഖങ്ങളിൽ ചിത്രം വരയ്ക്കുന്നതാണ് ഹോബി.  ഇതുവരെ 43000 നഖങ്ങളിൽ ചിത്രപ്പണികൾ ചെയ്തിട്ടുണ്ട്. വൈകാതെ ഗിന്നസ് ബുക്കിലും വരയ്ക്കും!

 

കക്ഷി കുമരകത്തു വന്നത് കരിമീൻ മപ്പാസിന്റെ മണം പിടിച്ചാണ്. നാലു സ്റ്റാറുള്ള കനാൽ കനവ് എന്ന ഹോട്ടലിലായിരുന്നു ബുക്കിങ്. വന്നപാടെ ഹോട്ടൽ ജീവനക്കാർ സായിപ്പിനെ പാന്റഴിപ്പിച്ച് കോണകവും കൈലിയും ഉടുപ്പിച്ചു. നെറ്റിയിൽ ചന്ദനക്കുറി തൊടുവിച്ച് കഴുത്തിൽ ഒരു ചെമ്പരത്തിമാലയുമിടുവിച്ചിട്ടാണ് റിസപ്ഷനിലേക്കു വരവേറ്റത്!

 

സായിപ്പ് വണ്ടറടിച്ചില്ല. കാരണം അദ്ദേഹം കേരളത്തിൽ വരുന്നത് ഇത് ആറാംതവണയാണ്. കൊല്ലത്ത് കശുവണ്ടി മാല, ആലപ്പുഴയിൽ കയർപിരി മാല, തിരുവനന്തപുരത്ത് നോട്ടുമാല, തൃശൂരിൽ ആനവാൽമോതിരം എന്നിവ അണിയിച്ചാണ് മുമ്പുവന്നപ്പോഴൊക്കെ വരവേറ്റത്. കോണകം ആദ്യമായാണെന്നു മാത്രം! 

 

മൾട്ടി പർപ്പസ് പീസ് ഓഫ് ക്ളോത്ത്. ക്യാൻ യൂസ് ആസ് മാസ്ക് ഓൾസോ! എന്നായിരുന്നു സായിപ്പിന്റെ കമന്റ്.

വരവേൽക്കാൻ വന്ന റിസപ്ഷനിസ്റ്റ് പെൺകൊടി നിലവിളക്കുമായി മുന്നിൽ നടക്കുമ്പോൾ ഓർമിപ്പിച്ചു. സാർ, പ്ളീസ് പുട് യുവർ റൈറ്റ് ലെഗ് ഫസ്റ്റ്. ദെൻ ലെഫ്റ്റ്, റൈറ്റ്, ലെഫ്റ്റ്...

 

സായിപ്പിന് അതുമാത്രം പിടികിട്ടിയില്ല... വാട്ട്? മാർച്ച് പാസ്റ്റ്..? 

 

റിസപ്ഷനിസ്റ്റ് വിശദീകരിച്ചു. ദിസ് ഈസ് ദ് ട്രഡീഷനൽ വേ ഓഫ് വെൽകമിങ് അവർ ഗസ്റ്റ്സ്. ഇൻ മലയാളം വി സേ ലൈക് വലതുകാൽ കുത്തി കയറൽ!

 

സായിപ്പിനു സന്തോഷമായി. അദ്ദേഹം യുവതിയോടു പറഞ്ഞു. ഇറ്റ്സ് ഫണ്ണി, യു ഓൾസോ പ്ളീസ് ജോയിൻ.. വാലറ്റ് കാൽ കുറ്റി കെയറിങ്..

 

അവൾ  നാണിച്ചു. സോറി സാർ ഐ കാണ്ട്. ഐ ആം ഓൾറെഡി മാരീഡ്. 

 

ഒരുമിച്ച് വലതുകാൽ വയ്ക്കുന്നത് കല്യാണം കഴിക്കുമ്പോഴാണെന്ന് റിസപ്ഷനിസ്റ്റ് ലളിതമായി വിശദീകരിച്ചപ്പോൾ സായിപ്പു പറഞ്ഞു.. ഐ വാസ് ഓൾസോ മാരീഡ്.. ബട് ഹാപ്പിലി ഡിവോഴ്സ്ഡ്. 

 

വലതുകാൽ വച്ച് ഒളിവിയൻ ബ്രിട്ടോ ചെക്ക് ഇൻ ചെയ്തിട്ടു ചോദിച്ചു. എത്ര മനോഹരമായ ആചാരങ്ങൾ.. മറ്റെന്തൊക്കെയുണ്ട് ഇതുപോലെ നിങ്ങളുടെ നാട്ടിൽ..?

 

ഹോട്ടൽ കസ്റ്റമർ എക്സിക്യൂട്ടീവ് പയ്യൻ ഓടി വന്നു വിശദീകരിച്ചു.. വി ഹാവ് എക്സൈറ്റിങ് ഇവന്റ്സ് ലൈക് ടോഡി ടാപ്പിങ്, കഥകളി വ്യൂയിങ്, ചുണ്ടൻ വള്ളം റോയിങ്, തെയ്യം ആൻഡ് തിറ..

 

ഇതൊക്കെ സായിപ്പ് മുമ്പേ കണ്ടതാണ്. ഒരു തവണ തൃശൂർ പൂരവും വല്ലങ്ങി വേലയും കണ്ടു. അന്ന് വെടിക്കെട്ടിന്റെയും ഇലഞ്ഞിത്തറ മേളത്തിന്റെയും ശബ്ദം അഡ്ജസ്റ്റ് ചെയ്തു കേൾക്കാൻ സ്റ്റിമുലേറ്റർ കം റെഗുലേറ്റർ എന്നൊരു ചെറിയ ഉപകരണം ചെവിയിൽ ഫിറ്റ് ചെയ്തിരുന്നു. മൊബൈൽ ഫോണിലെ ആപ്പിന്റെ സഹായത്താൽ ശബ്ദത്തിന്റെ ഡെസിബെൽ നിയന്ത്രിച്ച് കേൾക്കാനാണത്. ഇല‍ഞ്ഞിത്തറ മേളം കുട്ടൻമാരാർ ചെണ്ടയിൽ പൂക്കൾ വാരിയെറിയും പോലെ മൃദുവായും പാറമേക്കാവിന്റെ നിലയമിട്ട് പൊട്ടിക്കൽ പെൺകുട്ടികൾ വിരൽ ഞൊടിക്കുംപോലെ സാന്ദ്രമായും കേട്ടതാണ് സായിപ്പ്.

 

ഹോട്ടലിലെ പയ്യന്മാരോടു സായിപ്പ് പറഞ്ഞു.. ഷോ മീ സംതിങ് സിംപിൾ! ഐ ലവ് ദ് സൗണ്ട് ഓഫ് കിസ്സെസ്, നോട്ട് കില്ലിങ്സ്. ഐ പ്രിഫർ പ്രൈവസി, ലോൺലിനെസ് ആൻഡ് ഇമോഷനൽ എക്സ്റ്റസി. 

 

ടൈംസ് സ്ക്വയറിൽ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് ഞാൻ. അവിടത്തെ ബഹളം കേട്ടു മടുത്തു. എനിക്ക് സിംപിളായി എന്തെങ്കിലും വേണം എന്നായിരുന്നു സായിപ്പിന്റെ ആവശ്യം.

 

ട്രാവൽ ഗൈഡുകൾ തലകുത്തി നിന്ന് ആലോചിച്ചു. ഓല മെടയൽ, തേങ്ങാ ചിരണ്ടൽ, കമുകിൽ കയറ്റം, പശുവിനെ കറക്കൽ ഒക്കെ പൊതുവേ വിദേശികൾക്ക് ഇഷ്ടമുള്ള സംഭവങ്ങളാണ്. നാടിന്റെ നെഞ്ചിടിപ്പുകൾ എന്ന മട്ടിൽ അവതരിപ്പിച്ചാൽ അവർ പൊതുവേ അതിൽ സന്തുഷ്ടരാകാറുമുണ്ട്. തേങ്ങാ ചിരണ്ടൽ എന്തായാലും വേണ്ടെന്ന് ഹോട്ടൽ മാനേജർ നിക്സൺ ഡിസൂസ കട്ടായം പറഞ്ഞു. ഒരിക്കൽ ന്യൂസിലൻഡിൽ നിന്ന് ജെസിക്കാ മെലിൻഡ എന്ന യുവതി കുമരകത്തു വന്നു. ആർട്ടിസ്റ്റും ഡിസൈനറുമായ സൈനുൽ ആബിദിന്റെ സുഹൃത്തായിരുന്നു മെലിൻഡ. പരിസ്ഥിതി പ്രവർത്തകയും വെജിറ്റേറിയനുമായിരുന്നു അവർ. ഹോട്ടലിലെത്തിയ മെലിൻഡയ്ക്ക് അടുക്കള കാണാൻ മോഹം. പാചകക്കാർ തേങ്ങാ ചിരണ്ടുന്നതു കണ്ടപ്പോൾ മെലിൻഡയും ഒരു കൈ നോക്കി. തേങ്ങാ തെന്നി ചിരവയുടെ മൂർച്ചയുള്ള നാക്കിൽ ഉരുമ്മി കൈയൊന്നു കീറി. അതു കണ്ട് അടുക്കളയിൽ നിന്ന പാചകക്കാരൻ ഒന്നും ആലോചിക്കാതെ മെലിൻഡയുടെ ചോര പൊടിയുന്ന വിരൽ പിടിച്ച് വായിൽ വച്ചു... 

ഊവ്വാവ് പോട്ടെ, ഊവ്വാവ് പോട്ടെ... ! ശൂ.. ശൂ.. ശൂ...

 

ജെസിക്കാ മെലിൻഡ പേടിച്ചു നിലവിളിച്ചു. ഡർട്ടിയായ ആ വിരൽ ഇനി തനിക്കു വേണ്ടെന്നായി അവരുടെ നിലപാട്. 

ന്യൂസിലൻഡിൽ നിന്ന് നാലോ അഞ്ചോ മാസത്തെ ബുക്കിങ് ആണ് അതോടെ ക്യാൻസലായത്. അതുകൊണ്ട് അത്തരം റിസ്കുകൾ ഇനി വേണ്ട.

 

അതോടെ ട്രാവൽ പ്ളാനറിലെ ഇവന്റ് എക്സിക്യൂട്ടീവ് പിങ്കി ദേവസേന ചോദിച്ചു.. മലയാളികളുടെ ടിപ്പിക്കൽ സ്വഭാവം അനുസരിച്ച് ഒരു ഐറ്റം അറേഞ്ച് ചെയ്താലോ ! 

 

എല്ലാവരും ഒരുമിച്ചു ചോദിച്ചു.. അതെന്താ വേസ്റ്റ് എറിയൽ ആണോ?

 

അല്ലെന്നേ, ഹൈഡ് ൻ വാച്ച്.. ഒളിഞ്ഞുനോട്ടം. ഇയാളുടെ പേര് ഒളിവർ. സംഭവം ഒളിവേഴ്സ് ട്വിസ്റ്റ് എന്ന പേരിൽ പ്രസന്റ് ചെയ്യാം.

പിങ്കി ദേവസേന പദ്ധതി അവതരിപ്പിച്ചു. കുമരകത്ത് വള്ളിപ്പടർപ്പുകൾക്കിടയിൽ ഒരു നാടൻ കുളം. പച്ച നിറത്തിൽ പളുങ്കുപോലുള്ള വെള്ളം. അതിൽ നീന്തിത്തുടിക്കുന്ന രണ്ട് അരയന്നങ്ങൾ. ഒരു ബോയ് അരയന്നവും ഒരു ഗേൾ അരയന്നവും. കുളത്തിൽ കുളിക്കാനെത്തുന്ന ഒരു നാടൻ യുവതി. കുളക്കരയിൽ ഇരുന്ന് ഒളിവർ സായിപ്പിന്റെ ഒളിഞ്ഞു നോട്ടം!

 

ഐഡിയ സൂപ്പർ. എല്ലാവർക്കും സമ്മതം. കുമരകത്ത് ഒരിടത്ത് കുളം ഏർപ്പാടാക്കി. ലൊക്കേഷൻ കാണാൻ പോയ പിങ്കി ദേവസേന തലയിൽ കൈവച്ച് വിലപിച്ചു... സബ് സ്പോയിൽ കിയാ.. എല്ലാം കുളമാക്കി. കാരണം കുളത്തിന്റെ നാലു ചുറ്റും കാടുതെളിച്ച് വൃത്തിയാക്കി മണൽവിരിച്ച് ഇട്ടിരിക്കുകയാണ്. മുട്ടുസൂചി വീണാൽപ്പോലും കാണാം. ലൊക്കേഷൻ ബോയ്സിന്റെ പണിയാണ്. ഇനി സായിപ്പ് എവിടെ ഒളിച്ചിരിക്കും?!

 

ആ കുളം ഉപേക്ഷിച്ച് നൊടിക്കു നൊടിയിൽ മറ്റൊരെണ്ണം കണ്ടെത്തി. കുളക്കരയിൽ കുറ്റിക്കാടുണ്ട്. അതിനിടയിൽ അവിടവിടെ വളർന്നു നിന്ന തൊട്ടാവാടിയും ചൊറുതണവും കണ്ടെത്തി പിഴുതുമാറ്റി. കമ്യൂണിസ്റ്റ് പച്ചകളിൽ ചുവന്ന ചെമ്പകത്തിന്റെ പൂക്കൾ കൊണ്ടു വന്ന് പലയിടങ്ങളിലായി തിരുകിവച്ചു. 

 

പിങ്കി ദേവസേന ലൊക്കേഷൻ ബോയ്സിനോടു പറഞ്ഞു.. അർജന്റായി രണ്ടുലീറ്റർ ആന മൂത്രം കൂടി വേണം. 

സായിപ്പിനു കുളിക്കാനാണോ ?

 

അല്ല. അത് പറമ്പിൽ പലയിടത്തായി സ്പ്രേ ചെയ്തിട്ട് വെള്ളം തളിക്കണം. അപ്പോൾ ഗ്രാമത്തിൽ ഉൽസവം കഴ‍ിഞ്ഞ് മഴ പെയ്തതിന്റെ ഒരു ഫീൽ വരും. തിരിച്ചുനാട്ടിൽപ്പോയാലും ആ ഗന്ധം ഒളിവറുടെ മനസ്സിൽ ഒളിമിന്നും..

അതും ഏർപ്പാടാക്കി. തുടിച്ചു കുളിക്കാൻ പറ്റിയ ഒരു യുവതിയെ കൊണ്ടുവന്നു. മലയാളിയെ കിട്ടിയില്ല. പകരം മുംബൈയിൽ നിന്നാണ് മോഡൽ. മുല്ലപ്പൂവും മുലക്കച്ചയും വെളിച്ചെണ്ണയും ചന്ദ്രികാ സോപ്പും ഫോർട്ട്കൊച്ചിയിൽ നിന്നു സംഘടിപ്പിച്ചു. 

പിങ്കി ദേവസേന മോഡലിനോടു രംഗം വിവരിച്ചിട്ടു അറിയാവുന്ന ഹിന്ദിയിൽ പറഞ്ഞു.. പാനി മേം ആസാനി സേ ബാത് കരോ, ലേകിൻ കോയി ബാത് നഹീ കഹോ...

 

കുളത്തിൽ ലാവിഷായി 45 മിനിറ്റ് കുളിച്ചോളൂ, എന്തു സംഭവിച്ചാലും ഹിന്ദിയിൽ ഒന്നും സംസാരിക്കരുത്. 

 

കുളി വ്യക്തമായി കാണാവുന്ന വിധം ഒളിവർ കുറ്റിക്കാട്ടിനുള്ളിൽ ഒളിച്ചിരുന്നു. ഉത്തരേന്ത്യൻ മോഡൽ നേരത്തെ തന്നെ വന്ന് കുളി തുടങ്ങിയിരുന്നു. എണ്ണ തേച്ചു, പടവിലിരുന്നു, കാൽ നനച്ചു, മീനുകളെ കൊഞ്ചിച്ചു, കാലുരച്ചു, മേലു തേച്ചു, താളി തേച്ചു, ഇഞ്ച തേച്ചു, വെള്ളം തുടിച്ചു, തുള്ളി തെറിച്ചു. ഉള്ളം തുടിച്ചു.

 

പെട്ടെന്നാണ് സായിപ്പിന്റെ ചുറ്റും കുറ്റിക്കാടുകൾ ഇളകിയത്. ഒളിവർ ബ്രിട്ടോയുടെ പുറത്തു വീണു ഒരടി !

ഒന്നല്ല, രണ്ടു മൂന്നെണ്ണം കിട്ടി. സംഭവം മനസ്സിലാകാതെ സായിപ്പ് ചാടിയെണീറ്റു. സേവ് മീ, സേവ് മീ. വാട്ടീസ് ഗോയിങ് ഓൺ.. 

കൈലിയുടുത്ത് തോർത്ത് തലയിൽക്കെട്ടിയ നാലഞ്ചുപേരുണ്ട് ചുറ്റും. അവർ സായിപ്പിനെ തൂക്കിയെടുത്തു.

കുളിക്കടവിൽ വന്ന് ഒളിഞ്ഞു നോക്കുന്നോടാ, അലവലാതീ.. പെങ്ങളെയും അമ്മയെയും തിരിച്ചറിയാത്ത മരമാക്രീ..

അവർ പറയുന്നത് ഒന്നും സായിപ്പിന് മനസ്സിലായില്ല. അയാൾ സംശയത്തോടെ സ്വയം ചോദിച്ചു.. ഈ നാട്ടിലെ ഒരു ആചാരമാണെന്നാണല്ലോ മിസ് പിങ്കി പറഞ്ഞത്! നൗ വാട്സ് റോങ് ?

 

എങ്ങനെയൊക്കെയോ പ്രശ്നം പരിഹരിച്ച് ഹോട്ടലിൽ തിരിച്ചെത്തിയ സായിപ്പ് ആദ്യം അന്വേഷിച്ചത് മിസ് പിങ്കിയെയാണ്. 

ഒളിവർ ചോദിച്ചു.. ഈ അടിയും ഇവിടത്തെ ആചാരത്തിന്റെ ഭാഗമാണോ?!

പിങ്കി ദേവസേന ആവശ്യത്തിലധികം അപ്പോളജെറ്റിക്കായി പറഞ്ഞു... സോറി സാർ, അങ്ങനെയൊരു ആക്രമണം തീരെ പ്രതീക്ഷിച്ചില്ല. 

ഒളിവർ ചോദിച്ചു..  ആർ ദേയ് നക്സലൈറ്റ്സ് ?

നോ സാർ, ദേയ് ആർ മോറൽ പൊലീസുകാർ !

ഒളിവർ പറഞ്ഞു... കുളിക്കുന്ന ആ യുവതിയുടെ കൈ കാലുകളിലെ നഖങ്ങൾ നോക്കിയിരിക്കുകയായിരുന്നു ഞാൻ. അവയിൽ നെയിൽ പോളിഷ് പുരട്ടിയിരുന്നത് അമെച്വർ ഓറിയന്റൽ ആർട് പോലെ തോന്നി. അതിനെപ്പറ്റി ആലോചിച്ചിരിക്കുന്നതിനിടെയാണ് അറ്റാക്ക് ഉണ്ടായത്. 

പിങ്കി പറഞ്ഞു..  ഞങ്ങളുടെ നാട്ടിൽ ആർട് പോലെ മൂല്യങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്, സാർ !  

ഒളിവർ ചോദിച്ചു..  ബട്ട് മിസ് പിങ്കി, എനിക്കൊരു സംശയം. അത്ര വലിയ ബഹളം കേട്ടിട്ടും ആ യുവതി ഒന്നും ശ്രദ്ധിക്കാതെ കുളി തുടർന്നുകൊണ്ടേയിരുന്നു. ഇത്ര ഡെഡിക്കേഷനും കോൺസെൻട്രേഷനും വേണ്ട ആചാരമാണോ കുളത്തിലെ കുളി?

 

പിങ്കി ദേവസേന സീരിയസായി പറഞ്ഞു... അതേ സാർ. അതുകൊണ്ടല്ലേ താങ്കളെ ഞങ്ങൾ ആ കാഴ്ച കാണാൻ ക്ഷണിച്ചത് !

ഒളിവർ സായിപ്പിനു സന്തോഷമായി.

 

English Summary : Web Column Penakathy,
about some malayali habits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com