ADVERTISEMENT

ആളൊഴിഞ്ഞ അമ്പലമുറ്റത്ത് തൊഴുതു മടങ്ങിയവരുടെ പ്രാർഥനകൾ വലംവയ്ക്കാൻ‍ മടിച്ചുനിന്നു. ആൽത്തറപ്പടിയിൽ ഇരിക്കെ മുരളിയേട്ടൻ പറഞ്ഞു തുടങ്ങി... എന്റെ മകളുടെയത്ര ലളിതവും ഋജുവുമായിരുന്നില്ല എന്റെ പത്മരാജ, ഭരത പ്രണയ കാമനകൾ.

 

ഞാൻ പറഞ്ഞു... ചേട്ടായീ, അൽപം കൂടെ സിംപിളായി പറയൂ. അതിതീവ്ര വൈകാരികത അമിതമായി കാർബണേറ്റ് ചെയ്ത സോഡാ പോലെയാണ്.

 

അയാൾ‍ ‌ചിരിച്ചു... ഞാൻ ഇപ്പോൾ ഗ്യാസുപോയ വട്ടു സോഡ പോലെ ദുർബലനാണ്. 

മുരളിയേട്ടന്റെ ജീവിതത്തിന്റെ വസന്തം ഗൾഫിലും ഗ്രീഷ്മം അമേരിക്കയിലുമായിരുന്നു. വിദേശത്തു കഴിയുന്ന എല്ലാവരെയും പോലെ കക്ഷിയും ഭയങ്കര നൊസ്റ്റാൾജിക്കാണ്. പ്രധാന വീക്നെസ്സുകൾ കട്ടൻചായ, സ്ത്രീകളുടെ മുടിയിലെ അൽപം വാടിയ മുല്ലപ്പൂ, കോളജിലെ മൂത്രപ്പുര, മഴ, പത്മരാജൻ, കായൽ, പോത്തുലർത്തിയത്, മോഹൻലാൽ, കപ്പിലണ്ടി മിഠായി, യേശുദാസ്!

 

പകൽപ്പൂരം കഴിഞ്ഞ തിരുനക്കര അമ്പലമുറ്റത്ത് സന്ധ്യ മയങ്ങിയ നേരത്ത് ഒരുമിച്ചിരിക്കുകയായിരുന്നു ഞങ്ങൾ. എഴുന്നള്ളത്തു കഴിഞ്ഞു മടങ്ങിപ്പോയ ആനകൾ ബാക്കി വച്ച പിണ്ഡ, മദഗന്ധം കുടിച്ച് മത്തുപിടിച്ച ഏകാന്തത അമ്പലമൈതാനത്ത് കുത്തിമറിയുന്നതു കാണാമായിരുന്നു. ഉൽസവങ്ങൾ കഴിയുമ്പോൾ ക്ഷേത്രമൈതാനങ്ങൾ ഒരുതരം അശാന്തവും ഏകാന്തവും ശൂന്യവുമായ അരക്ഷിതാവസ്ഥയിലേക്കു വീഴുന്നതു കാണാറുണ്ട്. 

മുരളിയേട്ടൻ പറഞ്ഞു... എന്റെ മകൾ അനുരാഗിണി എന്റെ ഇഷ്ടങ്ങൾ‍ക്കു വിരുദ്ധമായി സ്വന്തം തീരുമാനപ്രകാരം വിവാഹിതയായിട്ട് ഇന്ന് രണ്ടു വർഷം പൂർത്തിയാകുന്നു. 

 

അത് എനിക്ക് അറിയാവുന്ന കഥയാണല്ലോ ചേട്ടായീ. മകളുടെ അപ്രതീക്ഷിതമായ ആ തീരുമാനത്തെ താങ്കൾ നേരിട്ട രീതിയോടാണ് എനിക്ക് കൗതുകം എന്നു പറയാൻ തോന്നിയെങ്കിലും ഞാൻ പറഞ്ഞില്ല.

നാട്ടിലെ ക്ഷേത്രത്തിൽ കളമെഴുത്തു പാട്ട് എന്നൊരു ആചാരമുണ്ട്. വൃശ്ചിക മാസത്തിലാണത്. അതെപ്പറ്റി പറഞ്ഞാണ് അയാൾ സംസാരം തുടങ്ങിയത്.... 18 കൈകളുള്ള ഭദ്രകാളിയുടെ കളം വരയ്ക്കുന്നതു പാലമുറ്റത്തെ വേണുക്കുറുപ്പാണ്. അരയിൽ ചുവന്ന പട്ടൊക്കെ കെട്ടി നിലത്തിരുന്ന് തറയിൽ എഴുതിയ കളത്തിൽ പഞ്ചവർണപ്പൊടികൾ വിരിച്ചും വീശിയും കുടഞ്ഞും കുറുപ്പ് രൂപങ്ങൾ സൃഷ്ടിക്കുകയാണ്. ഓരോ ദിവസവും ഭഗവതിയുടെ ഓരോ ഭാവമാണ്. ഒമ്പതാം ദിവസം സരസ്വതി. വീണാപുസ്തകധാരിണിയായ സരസ്വതിയുടെ കളം വരച്ചുകൊണ്ടിരുന്ന കുറുപ്പിനോട് ഞാൻ ചോദിച്ചു... മുഖം വരയ്ക്കുമ്പോൾ ആരാ മനസ്സിൽ...?

 

കുറുപ്പ് പറഞ്ഞ പേരും എന്റെ മനസ്സിൽ ഏറെ നാളായി നിറഞ്ഞ പേരും ഒന്നായിരുന്നു... അറയ്ക്കലെ ശ്രീദേവി. താമരപ്പൂവിലെ താമസക്കാരി. പിന്നെയെനിക്ക് ആ കളം നോക്കി തൊഴാൻ തോന്നിയില്ല. ഞാൻ പ്രാർഥിച്ചത്, എന്നെ ഇഷ്ടപ്പെടണേ ദേവീ എന്നാണ്. ശ്രീദേവിയുടെ തനിപ്പകർപ്പായിരുന്നു കാഴ്ചയിൽ എന്റെ മകൾ അനുരാഗിണി.

പൂർവ കാമുകിയുടെ മുഖഭാവമുള്ള മകൾ ! തീവ്രവും ഉൽക്കടവുമായ അനുരാഗം ഉള്ളിൽക്കിടന്ന് വീർപ്പുമുട്ടി മകളായി പിറന്നതായിരിക്കുമോ?! അത്തരമൊരു സാദൃശ്യം ഒരാളുടെ ദാമ്പത്യജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ കൗതുകം തോന്നി.

 

മുരളിയേട്ടൻ തുടർന്നു...  ദുബായിൽ ജോലി ചെയ്യുമ്പോൾ സിനിമാ താരങ്ങളുടെ തോളിൽ കൈയിട്ടു നിന്ന് ഫോട്ടോയെടുക്കുകയായിരുന്നു എന്റെ ഹോബി. താരങ്ങളെ പ്രോഗ്രാമിനു ഗൾഫിലേക്കു ക്ഷണിക്കുന്നതു തന്നെ തോളിൽകൈയിട്ടു നിന്നു ഫോട്ടോയെടുക്കാനാണ്. അവരുടെ തോളിൽ‍ ഞാൻ കൈയിട്ടു നിൽക്കും. 

എല്ലാ താരങ്ങളും അതിനൊക്കെ നിന്നു തരുമോ?

 

മമ്മൂട്ടിയും ശ്രീനിവാസനും തോളിൽ കൈയിടാൻ സമ്മതിച്ചില്ല. പക്ഷേ എന്നെ ചേർത്തു നിർത്തി. മറ്റൊരു താരവും എന്റെ ഇഷ്ടങ്ങൾക്ക് എതിരു നിന്നില്ല. എന്റെ മകൾ മാത്രം എന്നെ അനുസരിച്ചില്ല. 

 

താരങ്ങൾക്ക് നിങ്ങളുടെ ഒരിഷ്ടത്തെക്കുറിച്ചു മാത്രമേ ആലോചിക്കേണ്ടി വന്നുള്ളൂ. മകൾക്ക് നിങ്ങളുടെ ഒരുപാടിഷ്ടങ്ങൾ ബാധ്യതയായിക്കാണും. നിങ്ങൾ ഭയങ്കര മെയിൽ ഷോവനിസ്റ്റാണ്. 

 

എന്റെ സംസാരം കേട്ട് അയാൾ തർക്കിച്ചു.. അങ്ങനെ പറയാൻ പറ്റില്ല. വിവാഹം ആലോചിച്ചതും പയ്യനെ കണ്ടുപിടിച്ചതും മകളുടെ അറിവോടെയാണ്. കല്യാണ സാരിയും ആഭരണങ്ങളും വാങ്ങിയത് അവളുടെ ഇഷ്ടപ്രകാരം. വിവാഹത്തിന്റെ തലേദിവസം ഡൽഹിയിൽ നിന്ന് കൊച്ചിയിൽ വന്നിറങ്ങിയ എയർ ഇന്ത്യാ എക്സ്പ്രസിന്റെ പാസഞ്ചേഴ്സ് ലിസ്റ്റിൽ അവളുടെ പേരുണ്ടായിരുന്നു. അവൾ മാത്രം വന്നില്ല. 

മകൾ സൂചനയൊന്നും തന്നില്ലേ ?

 

ഇല്ല. വിമാനം ഡൽഹിയിൽ നിന്നു പുറപ്പെടുന്നതിനു മുമ്പും ഞാൻ അവളെ വിളിച്ചിരുന്നു. അവൾ ഫോണെടുത്തെങ്കിലും ഒന്നും സംസാരിച്ചില്ല. വിമാനങ്ങൾ പറക്കാൻ തുടങ്ങും മുമ്പ് പാസഞ്ചേഴ്സിന് എയർഹോസ്റ്റസ് കൊടുക്കുന്ന നിർജീവമായ നിർദേശങ്ങൾ കുറെ നേരം എന്നെ കേൾപ്പിച്ചു. സീറ്റ് ബെൽറ്റുകൾ കുർസി കെ നീചെ ബാന്ദ് രഖോ എന്നൊക്കെ ! അന്ന് അവൾ പറന്നത് ജയ്പൂരിലേക്കായിരുന്നു. അത് ഞാനറിഞ്ഞില്ല. 

 

മകൾക്കു നിങ്ങളെ പേടിയാണോ? അവൾ നിങ്ങളോടു കള്ളം പറയാറുണ്ടോ ?

ഒരച്ഛനും അത് അറിയാൻ മാർഗമില്ല. പല മക്കളും അച്ഛന്റെ മുന്നിൽ പേടി അഭിനയിക്കുകയാണ് ചെയ്യാറുള്ളത്.  കുട്ടിക്കാലത്ത് എന്റെ മകൾ ഭയങ്കര കുസൃതിയായിരുന്നു. അന്നൊക്കെ തിരുവനന്തപുരത്തെ ഒരു എംഎൽഎയുടെ പേരു പറഞ്ഞാണ് ഞങ്ങൾ അവളെ പേടിപ്പിച്ചിരുന്നത്. കറുത്ത താടിയൊക്കെ വച്ച് കോഴിക്കോടൻ ഹൽവ പോലെ കനത്ത മുഖമുള്ള ആളായിരുന്നു ആ എംഎൽഎ. മകൾ പാലു കുടിക്കാൻ, സ്കൂൾ യൂണിഫോമിന്റെയൊപ്പം സോക്സ് ഇടാൻ, മുടി ചീകാൻ, ഹോംവർക് ചെയ്യാൻ‍ ഒക്കെ വിസമ്മതിച്ചാൽ അദ്ദേഹത്തിന്റെ ഫോട്ടോ ഒരെണ്ണം എടുത്തു കാണിക്കും. അതോടെ അവൾ എന്തും അനുസരിക്കും. അങ്ങേരുടെ തിരഞ്ഞെടുപ്പു പോസ്റ്ററുകൾ കുറെയെണ്ണം സംഘടിപ്പിച്ച് ഞാൻ വീട്ടിൽ സൂക്ഷിച്ചിരുന്നു. ഓരോ സമയത്തും അവളെ അനുസരിപ്പിക്കാൻ. 

 

മകൾ വിവാഹത്തിന് വരില്ലെന്ന് അറിഞ്ഞപ്പോൾ നിങ്ങളുടെ ഭാര്യ എന്തു പറഞ്ഞു?

എന്റെ ഭാര്യ വാസുകി വളരെ കൂളായിരുന്നു. അന്നും അനൂപ് ജലോട്ടയുടെ ഗസൽകേട്ടാണ് അവൾ കുളിച്ചത്. തിരിച്ചു വന്ന് കട്ടിലിൽ ഇരുന്ന് കാൽവിരലിനിടയിലെ വെള്ളം വൃത്തിയായി തുടച്ചു കളയുന്നതിനിടെ അവൾ എന്നോടു പറഞ്ഞു. ഈ ക്രൈസിസ് നിങ്ങൾ നന്നായി മാനേജ് ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ എന്തു ചെയ്യുമെന്ന് കാണാൻ കാത്തിരിക്കുകയാണ് ഞാൻ.  

 

അവൾ നേരത്തെ വിവരം അറിഞ്ഞിരുന്നുവെന്ന് എനിക്കു തോന്നി. മുറിയിൽ നിന്ന് പുറത്തു വരുമ്പോൾ എന്നെ കാത്ത് നാലു വിന്റേജ് കാറുകളുമായി ഒരാൾ നിൽപ്പുണ്ടായിരുന്നു. വിവാഹത്തിന്റെ ഇവന്റ് മാനേജരായിരുന്നു. കല്യാണപ്പെണ്ണിന് യാത്ര ചെയ്യാൻ പറ്റിയ കാറുകൾ കാണിക്കാനായി വന്നതാണ്. ഞാൻ അയാളോടു പറഞ്ഞു.. എനിക്ക് അർജന്റായി ഒരു ആംബുലൻസ് വേണം. അന്ന് അയാൾ തന്ന ആംബുലൻസിൽ ഞാൻ കല്യാണച്ചെറുക്കന്റെ വീട്ടിൽ പോയി. ഞാൻ ചെല്ലുമ്പോൾ അവിടെ വീട്ടുമുറ്റത്തു കെട്ടിയ പന്തൽ അഴിക്കാൻ തുടങ്ങിയിരുന്നു. മുറ്റത്തേക്കു കയറുമ്പോൾ പയ്യന്റെ അച്ഛൻ എന്നോടു പറ‍ഞ്ഞു... പന്തലിന്റെ മോന്തായം തലയിൽ വീഴാതെ നോക്കണം.

 

എനിക്ക് വിഷയം അവതരിപ്പിക്കേണ്ടി വന്നതേയില്ല. അതിനു മുമ്പേ അയാൾ പറഞ്ഞു... നിങ്ങളുടെ മകൾ നിങ്ങളെക്കാൾ ഫാസ്റ്റാണ്. ഈ വിവാഹത്തിൽ നിന്നു പിന്മാറുന്ന കാര്യം അവൾ തന്നെ പറഞ്ഞു.

 

നോ ടൈം ടു വറി എന്നെഴുതിയ ഒരു ടിഷർട്ടുമിട്ട് പുറത്തു നിൽപ്പുണ്ടായിരുന്നു മകൾക്കു വേണ്ടി ഞങ്ങൾ കണ്ടുവച്ച പയ്യൻ. അവൻ പറഞ്ഞു... ചില വിവാഹങ്ങൾ നടക്കാതിരിക്കുന്നതാണ് നല്ലതെന്ന് പിന്നീടാണ് ആളുകൾ തിരിച്ചറിയുന്നത്. ഇത് നമ്മൾ നേരത്തെ മനസ്സിലാക്കി എന്നതിൽ സന്തോഷിക്കുകയാണ് വേണ്ടത് എന്ന് അനുരാഗിണി എന്നെ ഉപദേശിച്ചു. 

മുരളിയേട്ടൻ ആംബുലൻസിൽ വന്നതിലായിരുന്നു പയ്യൻ വീട്ടുകാരുടെ കൗതുകം. മുരളിയേട്ടൻ പറഞ്ഞു... മാവേലിക്കര ജംക്ഷൻ കടക്കാൻ ആംബുലൻസാണ് നല്ലത്.  

 

പയ്യന്റെ അച്ഛനും അതു ശരിവച്ചു.. ആളുകൾ ജീവിക്കുമ്പോഴും മരിക്കുമ്പോഴും യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്ന ഒരേയൊരു വാഹനമേയുള്ളൂ, അത് ആംബുലൻസാണ്. 

 

ആ വീട്ടിൽ നിന്ന് മുരളിയേട്ടൻ നേരെ പോയത് കല്യാണത്തിനുള്ള ഒരുക്കങ്ങൾ നടക്കുന്ന ഓഡിറ്റോറിയത്തിലേക്കായിരുന്നു. കറികളും ചോറുമെല്ലാം റെഡിയായിരുന്നു. പപ്പടം കാച്ചാൻ മാത്രം ബാക്കി. അത് ഏറ്റവും അവസാനമേയുള്ളൂ. കാരണം പാചകക്കാരുടെ തലവൻ കണ്ണൻ പറഞ്ഞു... ഒരിക്കൽക്കൂടി ചൂടാവാൻ മടിയുള്ള ഒന്നേയുള്ളൂ അടുക്കളയിൽ, പപ്പടം !

പയ്യനും പെണ്ണും വരാതിരുന്നിട്ടും പറഞ്ഞ സമയത്തു തന്നെ ചേട്ടായി ആ വിവാഹം ആർഭാടമായി നടത്തിക്കളഞ്ഞല്ലോ !

മുരളിയേട്ടൻ പറഞ്ഞു... അതിന് എന്നെ സഹായിച്ചത് ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മാനേജരാണ്. വളരെ സമർഥനായിരുന്നു അയാൾ. വധുവിനും വരനും പകരം രണ്ടു മോഡലുകളെ അയാൾ കൊണ്ടുവന്നു. വരന്റെ ബന്ധുക്കളായി കുറച്ച് ഓഡിയൻസിനെയും അയാൾ തന്നെ അറേഞ്ച് ചെയ്തിരുന്നു. അയാൾ പറയുന്നത് ഒരു വിവാഹത്തിന് ഇത്രയും കാര്യങ്ങളേ അത്യാവശ്യമുള്ളൂ എന്നാണ്. ബാക്കിയെല്ലാം ഭൂമി സൂര്യനെ ചുറ്റുന്നതുപോലെ താനേ സംഭവിച്ചുകൊള്ളും. 

വരനും വധുവും മാതാപിതാക്കളുടെ കാലിൽ തൊട്ടുതൊഴുന്ന ഒരു ആചാരം സ്റ്റേജിൽവച്ചുതന്നെ വേണമെന്ന് മുരളിയേട്ടൻ പറഞ്ഞിരുന്നു. അതു കഴിഞ്ഞയുടനെ അയാൾ ഭാര്യ വാസുകിയോടു പറഞ്ഞു... ഇത് നമ്മുടെ അറയ്ക്കലെ ശ്രീദേവിയുടെ മകളാണ്. അവൾ കൊച്ചിയിലെ അറിയപ്പെടുന്ന മോഡലാണ്.

 

വാസുകി അയാളെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു...  നിങ്ങളാണ് യഥാർഥ ഇവന്റ് മാനേജർ !

അപ്പോഴും വാസുകി വളരെ കൂളായിരുന്നു.

 

Content Summary: Penakkathi column on an interesting story of wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com