അപ്പന്റെ പിറന്നാളിന് ചില അപ്നാ അപ്നാ കാര്യങ്ങൾ

HIGHLIGHTS
  • ക്ലാസിൽ പഠിക്കാത്ത ആൾജിബ്ര ഓണപ്പരീക്ഷയ്ക്കു വന്നതുപോലെ അന്തംവിട്ടു നിൽക്കുകയാണ് നാലു മക്കളും. എന്താണ് കേണലിന്റെ അസാധാരണമായ ഈ നീക്കത്തിനു പിന്നിലെന്ന് ആലോചിക്കുകയായിരുന്നു അവർ
penakkathi birthday
വര: മുരുകേശ് തുളസീറാം
SHARE

ഭരണങ്ങാനത്തെ മാളികയിൽ തറവാട്ടിൽ‍ കേണൽ ജോർജ് തോമസ് മാളികയിലിന്റെ 65–ാം പിറന്നാൾ ആഘോഷം. ഐസിട്ട് തണുപ്പിച്ച സന്ധ്യ ! വെള്ളേപ്പത്തിന്റെ മാവു കോരിയൊഴിച്ചതുപോലെ നിലാവ് !

മക്കളിൽ ഒരാൾ പറഞ്ഞു... ഹാപ്പി ബേത്ഡേ ടു യൂ കേണൽ. ആദ്യം കേക്ക് കട്ടിങ്.

നാലു മക്കളാണ് കേണലിന്. രണ്ടു പെണ്ണും രണ്ട് ആണും. 

മൂത്ത മകൾ ഡിംപിൾ തോമസ് മാളികയിൽ അമേരിക്കയിൽ തൊറാസിക് സർജൻ.

ജഗൻ തോമസ് മാളികയിലിന് തൃശൂരിൽ ഓട്ടോമൊബീൽ ബിസിനസ്. 

ഇളയ മകൾ ആരാധന തോമസ് മാളികയിൽ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ ശ്രദ്ധിക്കുന്നു. 

ഏറ്റവും ഇളയവൻ ജ്യൂവൽ തോമസ് മാളികയിലിന് എറണാകുളത്ത് ടെക്സ്റ്റൈൽ‍ ബിസിനസ്. 

ഭാര്യ സ്നേഹാ തോമസ് മാളികയിൽ ഇപ്പോൾ കേണലിനൊപ്പമില്ല.  

മക്കൾ നാലുപേരും പിറന്നാളാഘോഷത്തിനായി തറവാട്ടിലെത്തിയതാണ്. രണ്ടു കൈകളും ഡൈനിങ് ടേബിളിലേക്ക് ഊന്നി നിന്ന് കേണൽ പറഞ്ഞു... കേക്ക് കട്ടിങ്ങിനു മുമ്പ് എനിക്ക് ഒരു പ്രധാന കാര്യം പറയാനുണ്ട്. അതു നിങ്ങൾ അംഗീകരിക്കണം.

പാലാ ലയൺസ് ക്ലബ് ഹാളിനുപുറത്ത്, മീനച്ചിലാറിന്റെ തീരത്ത് ഫ്രണ്ട്സിനെക്കൂട്ടി ഒരു രാത്രിവിരുന്ന്, രണ്ടു ദിവസം മൂന്നാറിലേക്ക് ഒരു ട്രെക്കിങ് ട്രിപ്പ് എന്നൊക്കെയായിരിക്കും കേണൽ പറയാൻ പോകുന്നതെന്നു മക്കൾ ചിന്തിച്ചെങ്കിലും വിഷയം അൽപം വ്യത്യസ്തമായിരുന്നു.  

കേണൽ മനസ്സു തുറന്നു... നിങ്ങൾ നാലുപേരും സ്വന്തം നിലയിൽ നല്ല സ്ട്രോങ്ങാണ്. നിങ്ങളുടെ എല്ലാവരുടെയും വരുമാനം ഞാൻ ഇന്നലെ മനസ്സിലാക്കി. ചിലരുടെ വളർച്ചാ നിരക്ക് മുന്നോട്ടു കുതിക്കുമ്പോൾ ചിലർ അത്രയും സ്റ്റെഡിയല്ല. ആരുടെയും പേരുകൾ ഞാൻ പ്രത്യേകം പറയുന്നില്ല.

ഞായറാഴ്ച രാവിലെകളിൽ പാതിയുറക്കത്തിൽ പള്ളിയിൽ നിൽക്കെ പതിവായി കേൾക്കാറുള്ള ഉപദേശങ്ങളിലൊന്ന് എന്ന മട്ടിൽ അലക്ഷ്യരായി നിന്ന നാലുപേരും വേഗം വിഷയാസക്തരായി. എന്താണ് കേണൽ പറയാൻ പോകുന്നത് !

ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ വരുമാനം നിങ്ങളിൽ ആർക്ക് ഉണ്ടായാലും അത് മറ്റു മൂന്നു സഹോദരങ്ങൾക്കുമായി പങ്കുവയ്ക്കണം. ഇപ്പോളത്തെക്കാൾ ഒരാൾക്കു വരുമാനം വല്ലാതെ കുറഞ്ഞാൽ മറ്റുള്ളവർ ചേർന്ന് അത് മേക്കപ്പ് ചെയ്യണം. ഇതാണ് ഈ പിറന്നാളിന് നിങ്ങളോടുള്ള എന്റെ കണ്ടിഷൻ.

ക്ലാസിൽ പഠിക്കാത്ത ആൾജിബ്ര ഓണപ്പരീക്ഷയ്ക്കു വന്നതുപോലെ അന്തംവിട്ടു നിൽക്കുകയാണ് നാലു മക്കളും.  എന്താണ് കേണലിന്റെ അസാധാരണമായ ഈ നീക്കത്തിനു പിന്നിലെന്ന് ആലോചിക്കുകയായിരുന്നു അവർ. 

മക്കൾ ആശയക്കുഴപ്പത്തിലാണെന്ന് കേണലിനു മനസ്സിലായി. അദ്ദേഹം പറഞ്ഞു... അപ്പുറത്തെ മുറിയിൽ ഫ്രഞ്ച് വൈനും ചീസുമുണ്ട്. അതുകഴിച്ചു കൊണ്ട് ആലോചിക്കൂ. പിറന്നാൾ കേക്കിനു മുകളിലെ മെഴുകുതിരി അണയുന്നതുവരെ സമയമുണ്ട്. അതിനു മുമ്പ് തീരുമാനം പറഞ്ഞാൽ മതി.

അപ്പുറത്തെ മുറിയിലേക്ക് ആലോചനയ്ക്കായി പോകുന്നതിനു മുമ്പ് മകൾ ഡിംപിൾ ചോദിച്ചു... നമ്മുടെ ഇടവക വികാരി ഫാ. സ്നേഹതീരത്തോട് അഭിപ്രായം ചോദിക്കണോ?

കേണൽ ചിരിച്ചു... വേണമെന്നില്ല. അഞ്ചാമത്തെ ഷെയർ പള്ളിക്കു കൂടി വേണമെന്ന് ഫാ. സ്നേഹപൂർവം പറഞ്ഞാലോ? !

ഫാ. സേവ്യർ സ്നേഹതീരത്തെ കാണാൻ പോയ ദിവസം കേണൽ ഓർമിച്ചു. ഭാര്യ സ്നേഹയുമായി വേർപിരിയുന്ന കാര്യം പറയാനായിരുന്നു ‌‌അത്. രണ്ടുപേർക്കും പറയാനുള്ളത് കേട്ടു കഴിഞ്ഞ് വൈദികൻ സ്നേഹയോടു ചോദിച്ചു... ഒരു സ്ത്രീയെ അവളുടെ ഭർത്താവുമായി പിരിയാൻ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനമായ ഒരേയൊരു കാരണം എന്തായിരിക്കും?

സ്നേഹ പറഞ്ഞു... പങ്കുവയ്ക്കൽ. അത് സ്ത്രീകൾ സമ്മതിക്കില്ല ഫാദർ. 

അതുകേട്ട് ഫാ. സേവ്യർ പറഞ്ഞു... ഇനിയുള്ള ഓരോ പെസഹയ്ക്കും അപ്പം മുറിച്ചുള്ള ശുശ്രൂഷയിൽ പ്രസംഗിക്കാൻ നിൽക്കുമ്പോൾ നിന്റെ വാക്കുകൾ ഞാൻ ഓർമിച്ചേക്കും. 

മക്കൾ അടുത്ത മുറിയിലേക്കു പോയതോടെ കേണലും കേക്കും ഡൈനിങ് റൂമിൽ തനിച്ചായി. കൈയിലൊതുങ്ങുന്ന കൗതുകച്ചെപ്പിൽ‍ നിന്ന് രണ്ട് ചെറിയ ഇയർഫോണുകൾ എടുത്ത് കേണൽ ചെവിയിൽ തിരുകി. യുദ്ധവിമാനങ്ങളുടെ ഇരമ്പം, സൈന്യത്തിന്റെ മാർച്ച് പാസ്റ്റ്, ബ്യൂഗിളിൽ മുഴങ്ങുന്ന ദേശീയ ഗാനം,  കീഴടങ്ങിയ ശത്രുരാജ്യത്തെ സൈനികന്റെ വിലാപം, പങ്കജ് ഉദ്ദാസിന്റെ ഗസൽ... പരിചിതമായ ശബ്ദങ്ങൾ അയാൾ കേൾക്കാൻ തുടങ്ങി. ഏറ്റവും ഒടുവിൽ രതിക സാവന്തിന്റെ ചിലങ്കകളുടെ ശബ്ദം അയാളുടെ കാതിൽ മുഴങ്ങിത്തുടങ്ങി.

രജൗറിയിൽ നിന്ന് രാജേന്ദ്ര ചൗക്കിലേക്കുള്ള വഴിയരികിൽ ദേവദാരു മരങ്ങൾ അറ്റൻഷനായി നിൽക്കുന്ന തടാകത്തിനരികിൽ കേണൽസ് ബംഗ്ളാവിന്റെ ഔട്ട്ഹൗസിൽ രതികയെന്ന കഥക് നർത്തകി നൃത്തം ചെയ്യാനൊരുങ്ങുകയാണ്. 

ഫയർ പ്ളേസിലെ വിറകുകളുടെ നേരെ തീജ്വാലകൾ ഓടിയടുക്കുന്നു. ബംഗ്ളാദേശ് അതിർത്തിയിൽ നിന്നു കൊണ്ടു വന്ന ഒരേ നീളത്തിൽ മുറിച്ച വിറകുകളാണ്. സൈന്യത്തിൽ വിറകുകൾക്കു പോലും ഡിസിപ്ളിനുണ്ട് !

തീയുടെ നിറമുളള ജോർജെറ്റ് സാരിയിൽ രതിക സാവന്തിനെ കാണാൻ പതിവിലുമധികം സൗന്ദര്യമുണ്ടെന്ന് കേണലിനു തോന്നി.

അവളുടെ ചിറകടിക്കുന്ന കൈവിരലുകൾ പിടിച്ച് തീയുടെ നേരെ അടുപ്പിച്ചുകൊണ്ട് അയാൾ ചോദിച്ചു... പൊള്ളുന്നുണ്ടോ?

അവൾ ചിരിച്ചു.. ഉണ്ട്, ഉടലും മനസ്സും ! നിങ്ങൾ പട്ടാളക്കാർ എപ്പോഴും അതിർത്തികൾ ലംഘിക്കുന്നു.

കേണൽ‍ പൂരിപ്പിച്ചു... അതിർത്തികൾ ലംഘിക്കുമ്പോഴാണ് ആഹ്ളാദമുണ്ടാകുന്നത് ! നൃത്തം ചെയ്യുമ്പോൾ നിന്റെ പാദങ്ങൾക്കരികിൽ നിലത്തു കിടക്കാൻ എന്നെ അനുവദിക്കുമോ? ! ചിലങ്കകളുടെ സംസാരം എനിക്ക് അരികെ നിന്ന് കേൾക്കണം. 

അന്ന് രതികയുടെ കാൽച്ചിലങ്കകളിൽ ചെറിയ മൈക്രോഫോൺ ഘടിപ്പിച്ച് റെക്കോർഡ് ചെയ്തെടുത്തതാണ് കേണലിന്റെ കാതിൽ മുഴങ്ങുന്ന ഓഡിയോ. 65–ാം പിറന്നാളിന്റെ വിശേഷങ്ങൾ അറിഞ്ഞാൽ രതികയും സ്നേഹയും എന്തായിരിക്കും പ്രതികരിക്കുക എന്ന് കേണൽ വെറുതെ ആലോചിച്ചു. 

എന്തിനാണ് കേണൽ മക്കളെ കൺഫ്യൂഷനിലാക്കിയത് എന്നായിരിക്കും സ്നേഹയുടെ ചോദ്യം.

മെഴുകുതിരി ഉരുകിയുരുകി കേക്കിന്റെ അരികിലേക്ക് എത്താറായ നേരത്താണ് മക്കൾ നാലുപേരും അടുത്ത മുറിയിൽ നിന്ന് തിരിച്ചു വന്നത്.  

ഡിംപിൾ തോമസ് മാളികയിൽ ഡൈനിങ് ടേബിളിന് അരികിലെത്തി കുസൃതി നിറഞ്ഞ ശബ്ദത്തിൽ ഹാപ്പി ബേത്ഡേ ടു യു കേണൽ എന്നു പറഞ്ഞ് കേണലിന്റെ മുഖത്തേക്ക് ശക്തമായി ഊതി. വീഞ്ഞു മണക്കുന്ന കാറ്റിൽ കേക്കിനു മുകളിലെ മെഴുകുതിരിയണഞ്ഞു !

കേണൽ ചാടിയെഴുന്നേറ്റു...  എന്റെ അനുവാദമില്ലാതെ നീയെന്തിനാണ് മെഴുകുതിരി അണച്ചത്?

മകൾ പറഞ്ഞു...  മറ്റുള്ളവർക്കായി ഉരുകിത്തീരുന്ന മെഴുകുതിരിയാകാൻ താൽപര്യപ്പെട്ട ഒരാളുണ്ടായിരുന്നു, നമ്മുടെ കുടുംബത്തിൽ; ഞങ്ങളുടെ പ്രിയപ്പെട്ട മമ്മി ! ഇനി മെഴുകുതിരിക്ക് ഇവിടെ പ്രസക്തിയില്ല, കേണൽ. കേക്ക് മാത്രം മതി.

കേക്കിൽ നിന്ന് ഒരു കഷണം മുറിച്ചെടുത്ത് കേണലിന്റെ വായിൽ തിരുകി മകൾ തുടർന്നു... ഇനി മെഴുകുതിരിയായി ഉരുകാനല്ല, കേക്ക് ആസ്വദിക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം. 

മക്കളിൽ കേണലെത്ര, ഭാര്യയെത്ര എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു ഇതുവരെ താനെന്ന് രതിക സാവന്തിന്റെ പ്രതികരണം അടുത്ത നിമിഷം കേണലിന്റെ ഫോണിൽ വന്നു വീണു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS