വട്ടയപ്പവും ബീഫും ബേക്ക്ഡ് കോഴിപ്പിടിയും; ഫ്യൂഷന്‍ ഫ്ളേവറുകളാണ് ഇവിടെ സൂപ്പർസ്റ്റാര്‍
Mail This Article
ഇഷ്ട കായിക വിനോദങ്ങള്‍ തത്സമയം ആസ്വദിക്കുന്ന ത്രില്ലിനൊപ്പം നാവിലെ ടേസ്റ്റുബഡുകളെ ത്രസിപ്പിക്കുന്ന കിടിലന്‍ ഫ്യൂഷന്‍ ഫുഡുകളും കൂടെ ചേര്‍ന്നാലോ? അങ്ങനെയൊരു കിടിലന്‍ അനുഭവം ഉറപ്പുനല്‍കുന്ന പ്രീമിയം സ്‌പോര്‍ട്‌സ് ബാര്‍, അതാണ് തിരുവനന്തപുരം ആക്കുളത്തുള്ള ഓ ബൈ താമരയിലെ ഹൈ ഡൈവ്.
'വൈബ്' ആണ് പ്രധാനം
ചില രുചിക്കൂട്ടുകള്‍ നമുക്ക് അത്രയും പ്രിയങ്കരമായി മാറുന്നത് നാം അവ കഴിക്കുന്ന അന്തരീക്ഷത്തിന്റെ സവിശേഷത കൊണ്ടുകൂടിയാണ്, ഇതാണ് എക്‌സിക്യൂട്ടീവ് ഷെഫ് സുരേഷ് പി.എമ്മിന്റെ ഫുഡ് ഐഡിയോളജി. ഭക്ഷണം വയറുമാത്രം നിറച്ചാല്‍ മാത്രം പോരാ, ഒപ്പം മനസ്സും നിറയണം. ഭക്ഷണം കാണുമ്പോള്‍ തന്നെ ഒന്ന് കഴിച്ചു നോക്കുവാന്‍ തോന്നണം, അത്രത്തോളം ആകര്‍ഷകമായിരിക്കണം, കഴിച്ചു കഴിഞ്ഞാലോ ആ രുചിയുടെ ഓര്‍മ നാവിലിങ്ങനെ തങ്ങി നില്‍ക്കണം. അതിലാണ് സംഗതിയിരിക്കുന്നത്, ഷെഫിന്റെ മിടുക്കും. അത്തരത്തില്‍ വീണ്ടും വീണ്ടും കഴിക്കുവാന്‍ തോന്നിപ്പിക്കുന്ന കിടിലന്‍ രുചിക്കൂട്ടുകളില്‍ തയ്യാറാക്കിയ ബേക്ക്ഡ് കോഴിപ്പിടി, വട്ടയപ്പവും ബീഫും, മംഗോളിയന്‍ പോര്‍ക്ക്, തന്തൂരി മോമോസ്, കൂണ്‍ കുഴല്‍ വിസ്മയം തുടങ്ങിയ ഫ്യൂഷന്‍ രുചിക്കൂട്ടുകളുടെ ഒരു നീണ്ട നിര തന്നെയാണ് ഹൈ ഡൈവിലെ സ്റ്റാര്‍ വിഭവങ്ങള്‍.
ബേക്ക്ഡ് കോഴിപ്പിടി
മധ്യകേരളത്തില്‍, പ്രത്യേകിച്ച് കോട്ടയം ഭാഗത്തെ സ്‌പെഷ്യല്‍ വിഭവങ്ങളാണ് കോഴിയും പിടിയും. നമ്മുടെ നാടന്‍ കൂട്ടൊക്കെ വിട്ട് ഇതിനൊരു ഇന്റര്‍നാഷണ്‍ ഫ്യൂഷന്‍ ടച്ച് കൊടുത്താലോ എന്ന ആലോചനയില്‍ നിന്നാണ് ബേക്ക്ഡ് കോഴിപ്പിടിയുടെ രുചി ജനിക്കുന്നത്. സ്പൈസി കോക്കനട്ട് ക്രീമില്‍ ചീസൊക്കെയിട്ട് ബേക്ക് ചെയ്തെടുക്കുന്ന ഈ പിടിയ്ക്ക് ആരാധകര്‍ ഏറെയാണ്.
കൂണ്‍ കുഴല്‍ വിസ്മയം
പൊതുവേ ബാറുകളില്‍ വെജിറ്റേറിയന്‍ ഓപ്ഷനുകള്‍ പരിമിതമായിരിക്കും. വെജ് ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്കായി കേരള സ്‌പൈസസിന്റെ തനത് രുചികള്‍ ചോരാതെ തയ്യാറാക്കിയ ഒരു വിഭവമാണിത്. ഫ്രഷ് ബട്ടണ്‍ മഷ്‌റൂമും പാസ്തയും നല്ല ക്രീമി തേങ്ങാപ്പാലില്‍ ചേർത്ത് തയ്യാറാക്കുന്ന ഈ വിഭവം ഒരു തവണ രുചിച്ചാല്‍ പിന്നെയും പിന്നെയും കഴിക്കാന്‍ തോന്നിക്കൊണ്ടേയിരിക്കും.
വട്ടയപ്പവും ബീഫും
ബീഫിനൊപ്പം പൊറോട്ടയോ, അപ്പമോ ഒക്കെയാണ് പൊതുവേ മലയാളികള്‍ക്ക് താത്പര്യം. ഇളം മധുരത്തിനൊപ്പം നേരിയ പുളിപ്പും ചേര്‍ത്തുള്ള വട്ടയപ്പം മലയാളികളുടെ പ്രിയപ്പെട്ട രുചികളിലൊന്നാണ്. അതിനൊപ്പം എരിവുള്ള ബീഫും കൂടെ ചേര്‍ന്നാലോ? തേങ്ങാപ്പാലില്‍ കുതിര്‍ന്ന വട്ടയപ്പം എരിവുള്ള ബീഫിനൊപ്പം ചേര്‍ത്തൊരു പിടി പിടിച്ചാല്‍ പിന്നെ വേറെന്ത് വേണം..?
ഇങ്ങനെ നാടന്‍ രുചികള്‍ക്ക് പുത്തന്‍ ഭാവങ്ങള്‍ നല്‍കുകയാണ് ഒ ബൈ താമരയിലെ ഹൈ ഡൈവില്‍ ഷെഫ് സുരേഷ് പിഎം. മംഗോളിയന്‍ പോര്‍ക്ക്, തന്തൂരി മോമോസ് തുടങ്ങിയ സ്പെഷ്യല്‍ വിഭവങ്ങളും ഇവിടെ ഹിറ്റാണ്.
വൈകുന്നേരങ്ങളില്‍ ജോലിത്തിരക്കുകളില്‍ നിന്നൊക്കെ മാറി ഒഴിവു സമയങ്ങളോ, നല്ലൊരു വൈകുന്നേരമോ ആസ്വദിക്കുവാന്‍ തിരുവനന്തപുരത്ത് ഇനി മറ്റൊരു സ്ഥലം അന്വേഷിക്കേണ്ട. ഒപ്പം പുത്തന്‍ രുചിയനുഭവങ്ങള്‍ ഉറപ്പുനല്‍കുന്ന രുചികരമായ ഭക്ഷണം കൂടിയാകുമ്പോള്‍ സന്തോഷം ഡബിളല്ലേ.