അത്രമേൽ മധുരിച്ചിരുന്നു ആ ക്രിസ്മസ് കാലം; അമ്മയുടെ കൈപ്പുണ്യത്തിന്റെ നിറവുള്ളത്
![music-entertainment-musician-director-m-jayachandran എം. ജയചന്ദ്രൻ](https://img-mm.manoramaonline.com/content/dam/mm/mo/pachakam/features/images/2022/12/25/music-entertainment-musician-director-m-jayachandran.jpg?w=1120&h=583)
Mail This Article
എന്റെ ക്രിസ്മസ് ഓർമകൾക്ക് കേക്കിന്റെ ഗന്ധമാണ്. അതിൽ അമ്മയുടെ കൈപ്പുണ്യത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും നിറവുണ്ടായിരുന്നു. അമ്മയ്ക്ക് തിരുവനന്തപുരം പൂജപ്പുരയിൽ മംഗല്യ ബേക്കറി എന്ന സ്ഥാപനം ഉണ്ടായിരുന്നു. അവിടെ ക്രിസ്മസ് കാലത്ത് ഒന്നൊന്നര മാസത്തിനു മുൻപുതന്നെ കേക്ക് മിക്സിങ് ആരംഭിക്കും. ടൺ കണക്കിനു കേക്കുകൾ ഉണ്ടാക്കിയിരുന്ന കാലമുണ്ട്. ബേക്കറിയിൽ മാത്രമല്ല, ആ സമയങ്ങളിൽ വീട്ടിലും കേക്കിന്റെ ഗന്ധമായിരിക്കും. കാരണം ബേക്കറിയിൽ അത്രയും കേക്കുകൾ വയ്ക്കാനുള്ള സ്ഥലമില്ല. അതിനാൽ വീട്ടിൽ ചൂടു കേക്കുകൾ നിരത്തി തണുക്കാൻ വയ്ക്കുമായിരുന്നു. പിന്നീടാണ് അതു കവർ ചെയ്യുന്നത്.
ക്രിസ്മസ് കേക്ക് പൊതിയുന്നതിനും ചില പ്രത്യേക രീതികളുണ്ട്. നിലത്തിരുന്ന് ഞങ്ങൾ എല്ലാവരും ചേർന്നാണ് വർണക്കടലാസുകളിൽ പ്രത്യേക രീതിയിൽ അതു പൊതിഞ്ഞിരുന്നത്. തുടർന്ന് അതിനു മുകളിൽ മംഗല്യ ബേക്കറി എന്ന സ്റ്റിക്കർ പതിക്കും. സ്ഥലപരിമിതി കാരണം കിടപ്പുമുറികളിൽ വരെ കേക്കുകൾ വച്ചിരുന്ന കാലം. പലപ്പോഴും എനിക്കും കേക്കിന്റെ ഗന്ധമുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയാണ് എനിക്ക് ക്രിസ്മസ് പ്ലം കേക്കുകളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ആ കേക്കിനു വേണ്ടി അടുത്ത ക്രിസ്മസാകാൻ ഞാൻ കാത്തിരുന്നു. അമ്മ അതിഗംഭീരമായി കേക്ക് ഉണ്ടാക്കുമായിരുന്നു. 1970കളുടെ അവസാനത്തിൽ തന്നെ തിരുവനന്തപുരത്ത് അമ്മ റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് കേക്കുകൾ ഉണ്ടാക്കുമായിരുന്നു. ക്രിസ്മസ് ബസാറിലാണ് ഭൂരിഭാഗം കേക്കുകളും വിറ്റിരുന്നത്. അവിടെ കേക്ക് വിൽക്കാനായി നിന്നതും, സുഹൃത്തുക്കളോടൊപ്പമുള്ള തമാശ നിറഞ്ഞ കളിചിരികളുമെല്ലാം നല്ല സുഖമുള്ള ഓർമകളാണ്. വർഷങ്ങളോളം ഞാനും അതിന്റെ ഭാഗമായിട്ടുണ്ട്. കേക്കുകളിലൂടെയും എന്നെ സ്നേഹിച്ച അമ്മയുടെ കരുതലാണ് എനിക്ക് ക്രിസ്മസ്. അമ്മയുടെ പാചകത്തിന്റെ രുചി, സ്നേഹ സമർപ്പണമാണ് ആ കേക്കുകളിൽ ഉണ്ടായിരുന്നത്. ഇപ്പോഴും ക്രിസ്മസ് കാലത്ത് നല്ല കേക്കുകളാണ് ഞാൻ തിരയുന്നത്. എന്റെ നാവു പോലും അതിനായി കൊതിക്കുന്നുണ്ട്.
Content Summary : Music Director M. Jayachandran's Christmas Memoir