എങ്ങനെയുണ്ട് ഈ വിദ്യ? വെളുത്തുള്ളി തൊലി കളയാന്‍ ഇനി മിനിറ്റുകള്‍ മാത്രം!
Mail This Article
അടുക്കളയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ പണികളില്‍ ഒന്നാണ് വെളുത്തുള്ളി തൊലി കളയല്‍. ഇന്ത്യന്‍ പാചകരീതിയില്‍ മിക്ക കറികളിലും നമ്മള്‍ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. അച്ചാര്‍ ഇടാനും മറ്റും വലിയ അളവില്‍ വെളുത്തുള്ളി വേണ്ട സമയത്താണ് ശരിക്കും പെട്ടു പോകുന്നത്. ഇത്രയും വെളുത്തുള്ളി നന്നാക്കിയെടുക്കാന്‍ ഒരു ദിവസം മതിയാവില്ല!
എന്നാല്‍ വെളുത്തുള്ളി എളുപ്പത്തില്‍ നന്നാക്കിയെടുക്കാന്‍ ഒരു ട്രിക്കുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഫാരിഹ അസ്ഫന്ദ് എന്ന വ്ലോഗര്‍ ആണ് ഈ വിദ്യ പങ്കുവെച്ചത്.
ഇതിനായി ആദ്യം നന്നാക്കിയെടുക്കേണ്ട വെളുത്തുള്ളി അല്ലികളായി വേര്‍തിരിക്കുക. വലിയ അല്ലികളുള്ള വെളുത്തുള്ളിയാണെങ്കില്‍ എളുപ്പം പണി കഴിയും. എന്നിട്ട് അടുപ്പില്‍ ഒരു പാന്‍ വെച്ച് ചൂടാക്കുക. ഇതിലേക്ക് വെളുത്തുള്ളി ഇട്ട് നന്നായി ഇളക്കി കൊടുക്കുക. ചൂടായ ശേഷം, ഒരു കോട്ടന്‍ തുണിയിലേക്ക് മാറ്റുക. തുണിക്കുള്ളില്‍ വെളുത്തുള്ളി പൊതിഞ്ഞ ശേഷം നന്നായി എല്ലാ വശവും ഉരയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ത്തന്നെ വെളുത്തുള്ളിയുടെ തൊലി വേര്‍പെട്ടിട്ടുണ്ടാകും.
ഇങ്ങനെ തൊലി കളഞ്ഞ വെളുത്തുള്ളി സൂക്ഷിക്കാനുള്ള വിദ്യയും കമന്‍റില്‍ ഒരാള്‍ പറഞ്ഞിട്ടുണ്ട്. ഇവ പ്ലാസ്റ്റിക് ബാഗ് പോലുള്ള ഫുഡ് കണ്ടെയ്നറിലാക്കി, ഒന്നോ രണ്ടോ ടേബിള്‍സ്പൂണ്‍ ഉപ്പും ചേര്‍ത്ത് സൂക്ഷിച്ചു വയ്ക്കാം.
കൈകളിലെ വെളുത്തുള്ളി മണം കളയാന്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് വ്ളോഗര്‍ കമന്‍റില്‍ മറുപടി പറഞ്ഞിട്ടുണ്ട്. ചൂടുവെള്ളത്തില്‍ രണ്ടു സ്പൂണ്‍ വിനാഗിരിയും ഒരു സ്പൂണ്‍ ഉപ്പ്/ബേക്കിംഗ് സോഡയും ചേര്‍ക്കുക. ഇതില്‍ 5-7 മിനിറ്റ് കൈകള്‍ മുക്കിവെച്ചാല്‍ വെളുത്തുള്ളി മണം മാറും.
വെളുത്തുള്ളിയുടെ തൊലി കളയാനുള്ള മറ്റൊരു വിദ്യയും ഒരാള്‍ കമന്റ് ചെയ്തു. വെളുത്തുള്ളി അല്ലികള്‍ ആക്കിയ ശേഷം ഇതില്‍ എണ്ണ പുരട്ടുക. ശേഷം, കുറച്ചു നേരം വെയിലത്ത് വച്ചാല്‍ അല്ലിയും തൊലിയും വേറെയാകും എന്നാണ് കമന്റ് ചെയ്ത ഒരാള്‍ പറഞ്ഞത്.