മനുഷ്യനേക്കാള് ആയുസുള്ള മീൻ; അംബാനി കല്യാണത്തിന് വിളമ്പിയത് ലോകത്തിലെ വിലപിടിപ്പുള്ള മീൻമുട്ട
Mail This Article
ആഡംബരവും ആഘോഷവും അതിന്റെ പൂർണതയിലെത്തി നിൽക്കുന്ന ഒരു വിവാഹമേളത്തിനാണ് ഇന്ത്യ ഇപ്പോൾ സാക്ഷിയായത്. ഇന്ത്യയിൽ നിന്നും മറ്റുപല രാജ്യങ്ങളിൽ നിന്നുമുള്ള പ്രമുഖരെല്ലാം എത്തിയിരിക്കുന്ന കല്യാണത്തിനു വിളമ്പിയ വിഭവങ്ങളിലുമുണ്ട് ഏറെ പ്രത്യേകത. തിരാംസുവും കാവിയാറും ഉൾപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ളതും ഏറെ വ്യത്യസ്തവും അപൂർവവുമായ വിഭവങ്ങളുടെ ഒരു നീണ്ട നിരയാണ് അംബാനി കല്യാണത്തിന്റെ പ്രധാന പ്രത്യേകത.
കാസ്പിയൻ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റർജൻ എന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാർ. മനുഷ്യനേക്കാളും ആയുസുള്ള, ഏകദേശം നൂറു വർഷം വരെ ജീവിക്കുന്ന ഈ മത്സ്യങ്ങൾക്ക് 450 കിലോഗ്രാം തൂക്കം വരെയുണ്ടാകും. ഏറ്റവും വിലപിടിപ്പുള്ള കാവിയാർ ബെലൂഗ എന്ന മൽസ്യത്തിന്റെയാണ്. 100 ഗ്രാമിന് 60000 രൂപ വരെ വിലവരും. ഈ മൽസ്യങ്ങളുടെ എണ്ണം വളരെ കുറവാണെന്നത് തന്നെയാണ് മുട്ടയുടെ വില ഇത്രയധികം ഉയരുന്നതിനു പുറകിലെ കാരണം. കാവിയാർ കയറ്റുമതി ചെയ്യുന്നതിൽ മുൻനിരയിലുള്ള രാജ്യം ചൈനയാണ്. സ്റ്റർജൻ മത്സ്യങ്ങളിൽ പെൺവർഗത്തിൽ പെട്ട മീനുകൾ മാത്രമേ മുട്ടയിടുകയുള്ളൂ. ഈ പെൺ മൽസ്യങ്ങൾ പൂർണ വളർച്ച പ്രാപിക്കാൻ എട്ടു മുതൽ ഇരുപതു വർഷം വരെ വേണ്ടിവരും.
അത്യപൂർവ വിഭവമായ കാവിയാർ മാത്രമല്ല, റിയലിസ്റ്റിക് ഫ്രൂട് കേക്കും അംബാനി കല്യാണത്തിനുണ്ടായിരുന്നു. പഴങ്ങളുടെ ആകൃതിയിൽ തയാറാക്കിയെടുക്കുന്നവയാണ് ഹൈപ്പർ റിയലിസ്റ്റിക് കേക്ക് ഫ്രൂട്സ്.
ലോകത്തിലെ ഏറ്റവും മികച്ച 50 റസ്റ്ററന്റുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം ലഭിച്ച സെൻട്രൽ റസ്റ്ററന്റാണ് അംബാനി കല്യാണത്തിന് സസ്യാഹാര വിഭവങ്ങൾ തയാറാക്കിയത്. പെറുവിൽ നിന്നുമുള്ള ഷെഫ്, വിർജിലിയോ മാർട്ടിനെസിന്റെ ഉടമസ്ഥതയിൽ ഉള്ള റസ്റ്ററന്റാണിത്. വിവാഹത്തിന്റെ വെജിറ്റേറിയൻ ഭക്ഷണം ഒരുക്കുന്നത് ഈ ഷെഫും സംഘവുമാണ്.