വെണ്ടയ്ക്കയുടെ വഴുവഴുപ്പ് ആണോ പ്രശ്നം? ഒഴിവാക്കാൻ ഈ രീതിയിൽ പരീക്ഷിക്കൂ
Mail This Article
പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്. എന്നാൽ എല്ലാ പച്ചക്കറികളും മിക്കവരും കഴിക്കാറില്ല, വെണ്ടയ്ക്ക എന്നു കേൾക്കുന്നത് തന്നെ മിക്കവർക്കും അരോചകമാണ്. എന്നാൽ വെണ്ടയ്ക്ക നല്ലതുപോലെ ഫ്രൈയായി എടുത്താൽ രുചിയോടെ കഴിക്കുന്നവരുമുണ്ട് എന്നിരുന്നാലും ഭൂരിഭക്ഷം ആളുകളും വെണ്ടയ്ക്ക എന്നു കേട്ടാൽ നെറ്റിചുളിക്കും. വെണ്ടയ്ക്കയിലെ വഴുവഴുപ്പാണ് മിക്കവർക്കും ഇഷ്ടമില്ലാത്തത്. വെണ്ടയ്ക്ക ധാരാളം പോഷകങ്ങള്‍ നല്‍കുന്ന ന്യൂട്രിയന്റ് പവര്‍ഹൗസാണ്. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക ദഹനത്തിന് നല്ലതാണ്. വെണ്ടയ്ക്ക ഇനി വഴുവഴുപ്പില്ലാതെ നല്ല ക്രിസ്പിയായി തയാറാക്കാൻ ഇങ്ങനെ ചെയ്യാം.
വെണ്ടയ്ക്ക് ഒത്തിരി നേരം വെള്ളത്തിൽ ഇട്ട് വയ്ക്കരുത്. പാകം ചെയ്യുന്നതിന് മുൻപ് മാത്രം കഴുകിയെടുക്കാം. ശേഷം ഉണങ്ങിയ തുണി അല്ലങ്കിൽ ടിഷ്യു ഉപയോഗിച്ച് വെണ്ടയ്ക്കയുടെ ഈർപ്പം തുടച്ച്മാറ്റാം. വെണ്ടയ്ക്ക അരിയുന്നതിലും ശ്രദ്ധ വേണം. ഒരേ വലുപ്പത്തിൽ വെണ്ടയ്ക്ക മുറിയ്ക്കണം. പെട്ടെന്ന് വെന്തുകിട്ടാൻ ഇത് സഹായിക്കും. അരിയുമ്പോൾ കത്തിയിൽ വെണ്ടയ്ക്കയുടെ വഴുവഴുപ്പ് ആയാൽ നാരങ്ങാനീര് ചേർത്താൽ മതി. പാചകം ചെയ്യുന്നതിനുമുമ്പ്, മുറിച്ച വെണ്ടയ്ക്ക കഷണങ്ങൾ വിനാഗിരിയിലോ നാരങ്ങാനീരിലോ മുക്കിവയ്ക്കാം.
കൂടാതെ വെണ്ട്യ്ക്ക പാകം ചെയ്യുമ്പോള്‍ ഒട്ടിപിടിക്കാതിരിക്കാനും വഴുവഴുപ്പ് കുറയ്ക്കാനും അല്പം നാരങ്ങാ നീരോ തൈരോ ചേർത്ത് കൊടുക്കാം. ഇത് കറിയ്ക്ക് രുചിയും വർദ്ധിപ്പിക്കും. കൂടാതെ വെണ്ടയ്ക്ക അരിഞ്ഞ് മസാല പുരട്ടിയ ശേഷം കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുത്താലും നല്ല ക്രിസ്പിയായി കഴിക്കാം. വെണ്ടയ്ക്ക പാകം ചെയ്യുമ്പോൾ അടച്ച്‍വച്ച് വേവിക്കേണ്ട, ആവി വന്ന് കൂടുതൽ വെള്ളമയം ഉണ്ടാകും അത് കൂടുതൽ കുഴഞ്ഞുപോകാനും കാരണമാകും. ഗ്രില്ലിങ് അല്ലെങ്കിൽ ഫ്രൈ പോലെ ഉയർന്ന ചൂടുള്ള പാചക രീതികളിൽ വെണ്ടയ്ക്ക ഒട്ടിപ്പിടിക്കില്ല.