മുറിമീശ, കുറുവടി, കോമഡി...; ചാർലി ചാപ്ലിൻ, ചിരിയുടെ ‘ദ് ഗ്രേറ്റ് ഡിക്റ്റേറ്റർ’
Mail This Article
ശബ്ദത്തേക്കാൾ നിശ്ശബ്ദതയെ സ്നേഹിച്ചയാൾ. ലോകം ശബ്ദസിനിമയുടെ വഴിയേ ആവേശപൂർവ്വം സഞ്ചരിച്ചു തുടങ്ങിയപ്പോഴും നിശ്ശബ്ദതയിൽ ഉറച്ചുനിന്ന് ലോകത്തെ ചിരിപ്പിച്ചയാൾ. ചിരികൊണ്ടു ലോകം കീഴടക്കുമ്പോഴും ദുരന്തബാല്യത്തിന്റെ കറുത്തകാലമുണ്ടായിരുന്നു എന്നും ചാപ്ലിന്റെ മനസ്സിൽ... ചാപ്ലിൻ ഇന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ (പലരും ഇന്നത് ആഗ്രഹിക്കുന്നുമുണ്ട്) ഏപ്രിൽ 16ന് അദ്ദേഹത്തിന് 134 വയസ്സു തികഞ്ഞേനെ. ആ ഓർമകളിലൂടെ ഒരു ചലച്ചിത്ര യാത്ര... അഴുക്കുപിടിച്ച തെരുവ്... അനാഥനും തെരുവുതെണ്ടിയുമായ അയാളുടെ ജീവിതമിപ്പോൾ ഈ തെരുവിലാണ്. അയാൾ അലഞ്ഞുനടന്ന പല തെരുവുകളിലൊന്ന്. അന്ധയും ദരിദ്രയുമായ ആ പൂക്കാരിയെ അയാൾ കണ്ടുമുട്ടിയ തെരുവുകൂടിയാണത്. അവളോടു തോന്നിയ അലിവും ആർദ്രതയുമാണ് അയാളുടെ ജീവിതത്തിന് അദ്യമായൊരു ലക്ഷ്യം നൽകിയത്. തെരുവു തൂത്തുവാരിക്കിട്ടുന്ന ചില്ലിക്കാശു പോലും അയാൾ അവൾക്കും രോഗിയായ അവളുടെ മുത്തശ്ശിക്കും വേണ്ടിയാണു ചെലവിട്ടത്. അവളുടെ കണ്ണുചികിത്സയ്ക്കുള്ള പണം സമ്പാദിക്കാനുള്ള ഒാട്ടമാകട്ടെ ഒടുവിലയാളെ ജയിലിലെത്തിക്കുകയും ചെയ്തു. ഏറെ നാളുകൾക്കു ശേഷം ജയിൽമോചിതനായി, ദരിദ്രനും ദീനനുമായി അയാൾ പഴയ തെരുവിൽ മടങ്ങിയെത്തിയിരിക്കുന്നു. ആകെ മുഷിഞ്ഞ അയാളെ ചൂണ്ടി തമാശയൊപ്പിക്കുന്ന കുട്ടികൾ. അതുകണ്ട് തെരുവിലെ പൂക്കടയിലിരുന്ന് ആർത്തുചിരിക്കുന്ന പെൺകുട്ടി. ഒരു നിമിഷം, അയാൾ സ്തബ്ധനായി, അന്നത്തെ അതേ പൂക്കാരി, വ്യത്യാസം ഒന്നു മാത്രം...