അന്ന് എൻ.എൻ.പിള്ള പറഞ്ഞു: എനിക്കിപ്പോൾ നാല് ആൺമക്കളാണ്; മൈക്കിളപ്പനും മുൻപേ 'അഞ്ഞൂറാനെ' സ്റ്റാറാക്കിയ സിദ്ദിഖ്
Mail This Article
തമാശകൾക്കൊരു കുഴപ്പമുണ്ടെന്ന് എല്ലാവരും പറയും. ഒറ്റ പറച്ചിലിലേ ചിരി വരൂ. ആവർത്തിക്കുന്തോറും ആ ചിരി മാഞ്ഞു പോകും. പുതിയ കാലത്തിന്റെ ഭാഷയിൽ പറയും, ആ കോമഡി ചീഞ്ഞു എന്ന്! പക്ഷേ, എത്രയാവർത്തി കണ്ടാലും മലയാളികൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്ന സിനിമകളെടുത്താൽ, അതിൽ ഉറപ്പായും സിദ്ദിഖ്–ലാൽ ചിത്രങ്ങളുണ്ടാകും. എത്ര ആവർത്തിച്ചിട്ടും ആ ചിരികളിലെ ഹാസ്യം മടുപ്പിക്കാത്തത് എന്തുകൊണ്ടാകും? അതിന് ഒറ്റ ഉത്തരമേ ഉള്ളൂ. ആ നർമ മുഹൂർത്തങ്ങളിലെല്ലാം ജീവിതത്തിന്റെ നോവും ചൂടുമുണ്ട്. സാധാരണക്കാരുടെ നിത്യസംഭാഷണങ്ങളിൽനിന്നും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടങ്ങളിൽനിന്നുമെല്ലാം സിദ്ദിഖും ലാലും കണ്ടെടുത്ത കഥകളും കഥാപാത്രങ്ങളും സംഭാഷണങ്ങളുമായിരുന്നു അവ. മത്തായിച്ചനും ഉർവശി തിയറ്ററും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അപ്പുക്കുട്ടനും ഗോവിന്ദൻ കുട്ടിയും തോമസുകുട്ടിയും ഗർവാസീസ് ആശാനും അഞ്ഞൂറാനും സാഗർ കോട്ടപ്പുറവും ഹിറ്റ്ലറും കന്നാസും കടലാസും കെ.കെ. ജോസഫും തുടങ്ങി എത്രയെത്ര കഥാപാത്രങ്ങളാണ് സിദ്ദിഖ് ലാൽ സിനിമകളിൽനിന്ന് മലയാളികളുടെ ചിരിവട്ടത്തിന്റെ ഭാഗമായത്.