‘വിജയ് അടുത്ത മുഖ്യമന്ത്രി’: എന്തിനാണ് ‘ലിയോ’യെ അവരിത്ര പേടിക്കുന്നത്? കോടികളാകുമോ ഉത്തരം?
Mail This Article
‘‘സ്വന്തം വിരൽവച്ച് സ്വയം കണ്ണിൽ കുത്തുക എന്നു കേട്ടിട്ടില്ലേ... അതാണ് ഇപ്പോൾ നാം ചെയ്തുകൊണ്ടിരിക്കുന്നത്. പണം വാങ്ങി വോട്ട് ചെയ്യൽ! ഒരു വോട്ടിന് 1000 രൂപ നൽകുന്നുവെന്ന് കരുതുക. ഒരു മണ്ഡലത്തിൽ ഒന്നരലക്ഷം പേരുണ്ടെങ്കിൽ 15 കോടി രൂപയായി. അങ്ങനെയെങ്കിൽ ഇത്രയും പണം നൽകാൻ തയാറാകുന്ന ഒരു സ്ഥാനാർഥി ഇതിന് മുൻപ് എത്ര സമ്പാദിച്ചിട്ടുണ്ടാകും? നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ... വിദ്യാഭ്യാസ മേഖലയിൽ ഇതുകൂടി പഠിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പണം വാങ്ങി വോട്ട് ചെയ്യരുതെന്ന് തമിഴ്നാട്ടിലെ എല്ലാ വിദ്യാർഥികളും മാതാപിതാക്കളോടു പറയണം. ഒന്നു ശ്രമിച്ചുനോക്കൂ...നിങ്ങളെക്കൊണ്ട് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം ഇനി വോട്ടർമാരായി വരുന്നത് നിങ്ങളാണ്.’’– മാസങ്ങൾക്ക് മുൻപ് ചെന്നൈയിൽ നടന്ന ‘വിജയ് മക്കൾ ഇയക്കം’ വിദ്യാഭ്യാസ പുരസ്കാര ചടങ്ങിൽ ദളപതി വിജയ് നടത്തിയ പ്രസംഗത്തിന്റെ മാറ്റൊലി പുതിയ ചിത്രം ‘ലിയോ’ വരെ എത്തി നിൽക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയപ്രവേശന സാധ്യതകൾ ചർച്ചയാകുമ്പോഴാണ് ലിയോയുടെ വരവ്. രാഷ്ട്രീയവും സിനിമയും തമ്മിൽ എന്തിന് കൂട്ടിക്കെട്ടണം എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരം തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സർക്കാരിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിട്ടുണ്ട്. ലിയോയുടെ ഓഡിയോ ലോഞ്ച് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സർക്കാർ അതിന് അനുമതി നിഷേധിച്ചത്. അതും പോരാതെ