‘മംഗലശേരി’യുടെ അയൽപക്കത്തെ ‘വാത്സല്യം’ വീട്; സംവിധാനം നിർത്തി ഹനീഫ നടനായി; ഈ നാട്, സിനിമയുടെ ‘ഓളവും തീരവും’
Mail This Article
സീന്‍ 5. രാത്രി. മംഗലശ്ശേരി തറവാട്. പൂമുഖം. നിറഞ്ഞു കത്തുന്ന ആട്ടവിളക്ക്. അതിനു മുന്‍പില്‍നിന്നു ശ്രീകണ്ഠ പൊതുവാളിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യസംഘം തകര്‍ത്തു കൊട്ടുകയാണ്. വലിയ ചാരുകസേരയില്‍ കിടന്ന്, പാതിയടഞ്ഞ കണ്ണുകളില്‍ ഏകാഗ്രതയാവാഹിച്ച്, മേളം ആസ്വദിക്കുകയാണു നീലകണ്ഠന്‍ എന്ന സാക്ഷാല്‍ മംഗലശ്ശേരി നീലകണ്ഠന്‍. വർഷങ്ങൾക്കു മുമ്പ് പ്രേക്ഷകരുടെ മുന്നിൽ തെളിഞ്ഞ ഈ ചിത്രം ഇന്നും മാഞ്ഞിട്ടില്ല. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രം ദേവാസുരത്തിലേതാണ് ഈ രംഗമെന്ന് പ്രത്യേകം പറയേണ്ട കാര്യവുമില്ല. ആ മംഗലശേരി തറവാട് വരിക്കാശേരി മനയാണെന്നതും. വാസ്തവത്തിൽ മംഗലശ്ശേരി തറവാടിനു യോജിച്ച വീടു തിരഞ്ഞു പലയിടത്തും അന്വേഷിച്ചു നടന്നാണു സംവിധായകന്‍ ഐ.വി.ശശിയും തിരക്കഥാകൃത്തും ഒറ്റപ്പാലം മനിശ്ശേരിയിലെ വരിക്കാശ്ശേേരി മനയിലെത്തിയത്. ഒറ്റനോട്ടത്തില്‍തന്നെ സംവിധായകനു തൃപ്തിയായി. മനയുടെ അനുവാദം വാങ്ങി. തിരക്കഥയിലെ മംഗലശ്ശേരിത്തറവാടിന്റെ പ്രൗഢമുഖം പ്രേക്ഷകര്‍ക്കു പുതുമയായി. ദേവാസുരത്തിനു ശേഷം, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ വരിക്കാശ്ശേരിമന നൂറുകണക്കിനു സിനിമകള്‍ക്കു ലൊക്കേഷനായി. അതില്‍ ഇതരഭാഷാ സിനിമകളുമുണ്ട്. ദേവാസുരത്തിനൊപ്പം വരിക്കാശേരി മനയും സൂപ്പർസ്റ്റാറായി. ഒറ്റപ്പാലം എന്ന ഭൂപ്രദേശം സിനിമാ ചിത്രീകരണങ്ങളുടെ കേന്ദ്രമായി മാറി. വരിക്കാശ്ശേരി മന മാത്രമല്ല, പോഴത്തുമനയും കുന്നത്തുവീടും കയറാട്ടു വീടും ഭാരതപ്പുഴയും കിഴൂരിലെ നീര്‍പ്പാലവും അനങ്ങന്‍മലയും ഒറ്റപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസുമൊക്കെ പ്രേക്ഷകര്‍ക്കു സുപരിചിതമായി. സിനിമയിലേക്കുള്ള ഒറ്റപ്പാലമായി ഒരു നാടു മാറി. എന്നാൽ ആ കാലം ഇന്ന് മലയാള സിനിമയുടെ ഇന്നലെകളിലാണ്. എന്തു കൊണ്ടാണ് ഇന്നും ഗൃഹാതുരതയോടെ ഒറ്റപ്പാലം പ്രേക്ഷകരെ തേടി വരുന്നത്? ഒറ്റപ്പാലത്തിന്റെ ഫ്ലാഷ് ബാക്ക് വായിച്ചാലോ...