മമ്മൂട്ടിയോടും മോഹൻലാലിനോടും അക്കാര്യം ചോദിക്കാൻ ‘ധൈര്യ’മില്ലാതിരുന്ന വിജയകാന്ത്; മണിയുടെ ആരാധകന്; രജനിയെയും തിരുത്തിയ ‘ക്യാപ്റ്റന്‍’
Mail This Article
തൊണ്ണൂറുകളുടെ തുടക്കം. തമിഴ് സിനിമയില്‍ വിജയകാന്ത് കത്തിനില്‍ക്കുന്ന കാലം. രജനീകാന്ത്, കമൽഹാസന്, വിജയകാന്ത്... അങ്ങനെയാണ് അക്കാലത്ത് തമിഴിലെ താരക്രമം. വിജയകാന്തിന്റെ നൂറാമത്തെ പടമായ 'ക്യാപ്റ്റന്‍ പ്രഭാകര'ന്റെ ഷൂട്ടിങ് ചാലക്കുടിക്കു സമീപം അതിരപ്പിള്ളി കാടുകളില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് കാണാന്‍ വന്ന ഒരു സംഘം ചെറുപ്പക്കാര്‍ കൂട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാട്ടുപാടുന്നതു വിജയകാന്ത് കണ്ടു. ഇരുണ്ടു മെലിഞ്ഞൊരു ചെറുപ്പക്കാരനാണ് പാട്ട് പാടിക്കൊടുക്കുന്നത്. കൂട്ടുകാര്‍ കൂടെപ്പാടുന്നു. നല്ല താളമുള്ള പാട്ട്. വിജയകാന്തിന് ആ പാട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. ഉടന്‍ സഹായിയെ വിട്ട് പാട്ട് ടേപ് റിക്കോര്‍ഡറില്‍ പകര്‍ത്തി. ‘ക്യാപ്റ്റന്‍ പ്രഭാകരന്’ പുറത്തുവന്ന് വമ്പന്‍ ഹിറ്റായതിനു പിന്നാലെ വിജയകാന്തിന്റെ അടുത്ത പടം പുറത്തിറങ്ങി: ‘മൂന്ട്രെഴുത്തില് എന്‍ മൂച്ചിരുക്കും’. പിന്നീടു നടനായ, സമീപകാലത്ത് അന്തരിച്ച മനോബാല സംവിധാനം ചെയ്ത ആ പടം കേരളത്തില്‍ അധികമാരും കണ്ടുകാണില്ല. പക്ഷേ, കണ്ടവരെല്ലാം അതിലെ ‘ചന്ദനക്കിളി രണ്ട് തകതിമി തക്കോം എന്ട്ര്’ എന്ന പാട്ടു കേട്ട് ഞെട്ടി: ‘ഇത് ആ പാട്ടല്ലേ?’. യശശ്ശരീരനായ വാഴപ്പള്ളി മുഹമ്മദ് എഴുതി വി.എം.കുട്ടി ഈണമിട്ട് യേശുദാസ്പാടിയ ‘സംകൃത പമഗിരി’ എന്ന സൂപ്പര്‍ഹിറ്റ് മൈലാഞ്ചിപ്പാട്ടിന്റെ ഈണമായിരുന്നു വിജയകാന്തിന്റെ പുതിയ പടത്തിലെ പുതിയ പാട്ടിന് (ആദ്യകാലത്ത് വി.എം. കുട്ടിതന്നെ പാടി ജനപ്രിയമാക്കിയ പാട്ട് പിന്നീട് തരംഗിണി കസെറ്റ്സിനു വേണ്ടി യേശുദാസ് പാടി കൂടുതല്‍ പ്രശസ്തമാവുകയായിരുന്നു). അതിരപ്പിള്ളിയില്‍ ഷൂട്ടിങ് കാണാന്‍ വന്ന ചെറുപ്പക്കാരില്നിന്നു കേട്ടു പകര്‍ത്തിയ പാട്ടിന്റെ ഈണം അതേപടി വിജയകാന്ത് പുതിയ പടത്തില്‍ ഉപയോഗിച്ചതാണ്. യേശുദാസിനെക്കൊണ്ടുതന്നെ പാടിക്കുകയും ചെയ്തു.