‘കാണാപ്പൊന്നു’മായി യേശുദാസ് വന്നുകയറിയ രാത്രികൾ!– രവി മേനോൻ എഴുതുന്നു...
Mail This Article
പല്ലവിയിൽനിന്ന് അനുപല്ലവിയിലേക്കുള്ള യാത്രാമധ്യേ കൈവിട്ടുപോയ മനോഹരമായ ഒരു ഗാനം പോലെയായിരുന്നു പത്തുവയസ്സുകാരന് ആ സ്വപ്നം. തെല്ലും നിനച്ചിരിക്കാതെ ഒരു സന്ധ്യയ്ക്ക് ശുഭ്രവസ്ത്രധാരിയായി വയനാട്ടിലെ വീട്ടിൽ കയറിവരുന്ന യേശുദാസ്. ഇന്നത്തെ പോലെ സമൃദ്ധമായ താടിയില്ല. ക്ലീൻ ഷേവ് ചെയ്ത മുഖം. സിനിമാമാസികകളിലും പത്രങ്ങളിലും മറ്റും കണ്ടു പരിചയിച്ചത് ആ മുഖമാണല്ലോ. അച്ഛനുമമ്മയും വല്യമ്മയും ചേർന്ന് വിടർന്ന ചിരിയോടെ സ്വീകരിക്കുന്നു പ്രിയഗായകനെ. പൂമുഖത്തിരുന്ന് കൊണ്ടുപിടിച്ച ചർച്ചയാണ് പിന്നെ. ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധവും നക്സലൈറ്റ് ആക്രമണവുമൊക്കെ കടന്നുവരുന്നുണ്ട് സംസാരത്തിൽ. വാതിൽപ്പാളിയിൽ തിരുപ്പിടിച്ചുകൊണ്ട് എല്ലാം ഒളിഞ്ഞുകേട്ട് ലജ്ജാനമ്രമുഖനായി പതുങ്ങി നിൽക്കുന്നു അഞ്ചാം ക്ലാസുകാരൻ ഞാൻ. ഇടയ്ക്കെപ്പോഴോ അച്ഛന്റെ വിളി: ‘‘ബടെ വാടോ.. നിനക്ക് യേശ്വാസിനെ കാണണ്ടേ?’’ എന്നിട്ട് തിരിഞ്ഞ് യേശുദാസിനെ നോക്കി ഒരു പരിചയപ്പെടുത്തൽ: