പാടിക്കൊണ്ടിരിക്കെ ഹൃദയം നിലച്ചു: മരിച്ചുകിടന്ന അമ്മയെപ്പോലും കാണാൻ അനുവദിച്ചില്ല: മറക്കില്ല മക്കേബാ നിന്റെ പാട്ടും പോരാട്ടവും
Mail This Article
2024ലെ ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോള്‍ അതിൽ ‘ദ് റിക്കോർഡിങ് അക്കാദമി’ മൂന്നു വിഭാഗങ്ങള്‍ പുതുതായി ചേർത്തിരുന്നു. അതിലെ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു മികച്ച ആഫ്രിക്കൻ പെർഫോമൻസിനുള്ള അവാർഡ്. ഇത്രയും കാലം പോപ് അല്ലെങ്കിൽ മറ്റു പാശ്ചാത്യ സംഗീതത്തിനു മാത്രം പ്രാധാന്യം നൽകി വന്ന ഗ്രാമിയിലേക്കാണ് ആദ്യമായി ഇത്തരമൊരു കാറ്റഗറിതന്നെ വന്നുചേർന്നത്. എന്നാൽ ഗ്രാമിയിൽ ആഫ്രിക്കൻ സംഗീത സൗന്ദര്യം നിറഞ്ഞുതൂവുന്നത് ഇതാദ്യമല്ല. പല പാട്ടുകൾക്കും ആഫ്രിക്കൻ കഥകളേറെ പറയാനുമുണ്ട്. 1959ൽ ആരംഭിച്ച ഗ്രാമി പുരസ്കാരങ്ങളിൽ ഇതുവരെ 12 ‘ഗോൾഡൻ ഗ്രാമഫോണു’കളാണ് ആഫ്രിക്ക സ്വന്തമാക്കിയിട്ടുള്ളത്. അതിൽ രണ്ടെണ്ണം ഇത്തവണയും. 66 വർഷങ്ങൾക്കിപ്പുറം ആദ്യമായി മികച്ച ആഫ്രിക്കൻ പെർഫോമൻസ് എന്ന കാറ്റഗറി ഉണ്ടാവുകയും ടൈല എന്ന ദക്ഷിണാഫ്രിക്കൻ ഗായിക അതു സ്വന്തമാക്കുകയും ചെയ്യുമ്പോൾ അവിടെ ഓർക്കപ്പെടേണ്ട മറ്റൊരു പേരുകൂടിയുണ്ട്– മിറിയം മക്കേബാ, അഥവാ മാമ ആഫ്രിക്ക. 1965ൽ ആദ്യമായി ആഫ്രിക്കയ്ക്കു വേണ്ടി ഗ്രാമിയുടെ ഗോൾഡൻ ഗ്രാമഫോൺ സ്വന്തമാക്കിയ മക്കേബ പാട്ടിലൂടെ ഓർമപ്പെടുത്തിയത് സ്വത്വരാഷ്ട്രീയത്തിന്റെ സാംസ്കാരിക സമരങ്ങളെക്കുറിച്ചാണ്. അവരുടെ പാട്ടുകളിലൂടെയാണ് ലോകം ആഫ്രിക്കൻ നാടോടി ഗാനങ്ങൾ കണ്ടെത്താനും ആസ്വദിക്കാനും അംഗീകരിക്കാനും ഒരു സമരമുറയായി സ്വീകരിക്കാനും ആരംഭിക്കുന്നത്. മിരിയം മക്കേബാ പാട്ടുകൊണ്ടും ജീവിതംകൊണ്ടും തകർത്തത് വർണവിവേചനത്തിന്റെ, മനുഷ്യനെ പലവിധ കാരണങ്ങളുടെ പേരിൽ പരസ്പരം അകറ്റി നിര്‍ത്തുന്നതിന്റെ ഭീകരതയായിരുന്നു. തന്റെ ശബ്ദം വെറും ആസ്വാദനത്തിൽ അവസാനിച്ചുകൂടാ എന്ന അവരുടെ തീരുമാനം പാട്ടിലേക്കു പതിയെ രാഷ്ട്രീയം കടന്നുവരാനും കാരണമായി.