സാരിയുടുത്ത് സമ്മാനം നൽകാൻ മാത്രം മതിയോ ദീപിക? എവിടെപ്പോയി കറുത്ത വർഗക്കാർ? ഇന്നും മാറാത്ത ‘വർണവെറി’
Mail This Article
ഉയർന്ന ബജറ്റിൽ, അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെ ചിത്രീകരിക്കപ്പെട്ട ക്രിസ്റ്റഫർ നോളന്റെ ഓപൻഹൈമറിനോട്, രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’ വരെ കിടപിടിക്കുന്ന തരത്തിലുള്ള ഒരു വിശാല ലോകമായിരിക്കുന്നു ഇന്ന് സിനിമയുടേത്. ഒരുകാലത്ത് ഇംഗ്ലിഷ് ഭാഷാ സിനിമകൾ മാത്രം അംഗീകരിക്കപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് ഭാഷയുടെ അത്തരം കുരുക്കുകളെല്ലാം അഴിച്ചെടുത്ത് ഒരു ദൃശ്യലോകം ഉയർന്നു വന്നിരിക്കുന്നു. അതാകട്ടെ പെട്ടെന്നൊരു സുപ്രഭാതത്തിൽ സംഭവിച്ചതല്ല, ഒരുപാട് മനുഷ്യരുടെ പ്രതിരോധങ്ങളുണ്ട് അതിനു പിന്നിൽ. പല കാരണങ്ങളാൽ, പല കാലഘട്ടങ്ങളിലായി മാറ്റി നിർത്തപ്പെട്ട സിനിമകൾ ‘വിഭാഗീയത’ മറികടന്ന് രാജ്യാന്തരതലത്തിലുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരുന്ന, അംഗീകരിക്കപ്പെടുന്ന, ആഘോഷമാക്കപ്പെടുന്ന കാലമാണിത്. മുൻപ് സിനിമാ ലോകത്തെ ഏറ്റവും ഉന്നത അംഗീകാരമായി കണക്കാക്കിയിരുന്നത് ഓസ്കർ ആയിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിനു കീഴിൽ ഇംഗ്ലിഷ് ചിത്രങ്ങളെ, മുഖ്യമായും ഹോളിവുഡ് ചിത്രങ്ങളെ, അംഗീകരിക്കുകയും ഒരു കുത്തക നിലനിർത്തുകയും അതു തന്നെ തുടർച്ചയായി ആവർത്തിക്കുകയും ചെയ്തു പോരുകയായിരുന്നു ഓസ്കർ. അവിടെയും കാലാന്തരത്തിൽ മാറ്റങ്ങളുണ്ടാവുകയാണ്. ഭാഷയ്ക്കതീതമായി സിനിമകളും നിർമാതാക്കളും കലാകാരന്മാരും അംഗീകരിക്കപ്പെട്ടു തുടങ്ങുന്നു. അതോടൊപ്പംതന്നെ കാൻ ചലച്ചിത്രമേള, വെനീസ് മേള, ബെർലിൻ മേള തുടങ്ങി സിനിമാ നിലവാരത്തെ അതിന്റെ വാണിജ്യാടിസ്ഥാനങ്ങളിൽനിന്ന് മോചിപ്പിക്കുന്ന അവാർഡുകൾ ജനകീയമാകുകയും അത് സിനിമയ്ക്കുള്ളിലെ ഉൾപ്പെടുത്തലുകളെ സ്വാധീനിക്കുകയും ചെയ്തുതുടങ്ങി. കാലാകാലങ്ങളായി വെളുത്ത വർഗക്കാർ മറ്റ് മനുഷ്യരോട് ചെയ്ത അസംബന്ധങ്ങളുടെ ഏറ്റുപറച്ചിലുകളും തിരുത്തുകളും ഈയിടങ്ങളിലെല്ലാം തെളിഞ്ഞു തുടങ്ങിയതും അങ്ങനെയാണ്.