ജഗനെ വിജയിപ്പിച്ച മമ്മൂട്ടിയുടെ ‘യാത്ര’: ‘കേരള സ്റ്റോറി’യിൽ തീരുന്നില്ല; ആയുധമാണോ ആ 9 സിനിമകൾ?
Mail This Article
‘‘സിനിമ ഓർമയാണ്. ഓർമകൾ ചരിത്രമാണ്’’ - ഓസ്കറില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘സോൺ ഓഫ് ഇൻട്രസ്റ്റിന്റെ’ സംവിധായകൻ ജോനാഥൻ ഗ്ലേസർ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ടു പറഞ്ഞ വാക്കുകളാണ്. എന്നാൽ സിനിമയെന്നത് ചരിത്രം മാത്രമല്ല, ചരിത്രം സൃഷ്ടിക്കാൻ കഴിവുള്ള ആയുധം കൂടിയാണെന്ന് വർഷങ്ങള്‍ക്കു മുൻപേ തെളിയിക്കപ്പെട്ടതാണ്, ഇപ്പോഴും അക്കാര്യം തെളിഞ്ഞുകൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ അവസ്ഥയും വ്യത്യസ്തമല്ല. ലോക്സഭാ തിരഞ്ഞെടുപ്പിലേയ്ക്കു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ, ഒട്ടേറെ ചിത്രങ്ങളാണ് പ്രദർശനത്തിനെത്തിയിരിക്കുന്നതും റിലീസിനായി കാത്തിരിക്കുന്നതും. ഇതിൽ പത്തോളം ചിത്രങ്ങൾക്കെങ്കിലും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നാലുവർഷത്തെ കാലതാമസത്തിനൊടുക്കം പൗരത്വ ഭേദഗതി ബിൽ പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര നടപടിക്കു സമാനമായാണ് ചില സിനിമകളുടെ റിലീസിനെ നിരൂപകർ വിലയിരുത്തുന്നതുതന്നെ. അതിനു കാരണവുമുണ്ട്. പല ചിത്രങ്ങളും വർഷങ്ങൾക്കു മുൻപേ പ്രഖ്യാപിച്ചിരുന്നവയാണ്. അവയിൽ മിക്കതും റിലീസ് ചെയ്യുന്നതാകട്ടെ, ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും! നേരത്തേ റിലീസ് ചെയ്ത ചില സിനിമകൾ തിരഞ്ഞെടുപ്പു സമയത്ത് വിവാദമാകുന്നതും കേരളം കണ്ടു. 2023 മേയിൽ റിലീസ് ചെയ്ത ‘കേരള സ്റ്റോറി’ എന്ന ചിത്രം ദൂരദർശനിലൂടെ സംപ്രേഷണത്തിനു തീരുമാനിച്ചതിനെതിരെ വൻ വിമർശനങ്ങളാണ് ഉയർന്നത്. ഇടുക്കി രൂപതയിൽ വേദ പഠന ക്ലാസിന്റെ ഭാഗമായി ഈ ചിത്രം പ്രദർശിപ്പിച്ചതും തുടർ പ്രതികരണങ്ങളും വിഷയത്തെ വീണ്ടും മുഖ്യധാരയിലെത്തിക്കുകയും ചെയ്തു. എന്നാൽ സിനിമകളിലൂടെ ‘പ്രൊപ്പഗാൻഡ’കളുടെ പ്രചാരണം ചലച്ചിത്ര ലോകത്ത് നടക്കുന്നു എന്ന വാദത്തിൽ കഴമ്പുണ്ടോ? അനാവശ്യ വിവാദമാണോ ഇതിന്റെ പേരിലുണ്ടാകുന്നത്? എന്താണ് പ്രൊപ്പഗാൻഡ സിനിമകളുടെ ചരിത്രം?