ഫഹദും നിവിനും ധ്യാനുമെല്ലാം ‘ഹിറ്റ്’; തിയറ്ററിൽ ‘ചോരുന്നത്’ കോടികൾ; പിവിആർ പിണങ്ങിയാൽ തകരുമോ മലയാള സിനിമ?
Mail This Article
2024 ആദ്യപകുതി പോലുമായിട്ടില്ല; കോടികൾ വാരി മുന്നേറുകയാണ് മലയാള സിനിമ. ‘ഓഫ് സീസൺ’ എന്നു വിശേഷിപ്പിക്കാവുന്ന പരീക്ഷാക്കാലത്തു പോലും മലയാള സിനിമയ്ക്ക് കൈനിറയെ കാശാണ്, തുടരൻ ഹിറ്റുകളും. ആ ഹിറ്റ് തുടർച്ചയിലാണ് വിഷുക്കാലവും. കാശിൽ മാത്രമല്ല, ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കുന്ന കാര്യത്തിലും നമ്മുടെ സിനിമ മുന്നോട്ടുതന്നെയാണ്. സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ‘ലെറ്റർബോക്സ്’ മാർച്ചിൽ പുറത്തിറക്കിയ മികച്ച സിനിമകളുടെ പട്ടികയിൽ ഇന്ത്യൻ സിനിമകളിൽനിന്നു തിരഞ്ഞെടുത്ത അഞ്ചിൽ നാലും മലയാള സിനിമകളായിരുന്നു. മാത്രമല്ല, ടോപ് 10 സിനിമകളിൽ എട്ടാം സ്ഥാനത്തായിരുന്നു ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ്. നിരൂപക പ്രശംസ വാങ്ങിക്കൂട്ടി, മറുവശത്ത് തിയറ്ററിൽ നഷ്ടം നേരിടുന്ന സ്ഥിരം ശ്രേണിയെ മറികടക്കാൻ പഠിച്ചുതുടങ്ങുകയാണ് മലയാള സിനിമാ വ്യവസായം. 2024ൽ ഇതുവരെ വാരിക്കൂട്ടിയത് 600 കോടി രൂപയ്ക്കു മേൽ നേട്ടം. ഇതേ വിജയ പ്രതീക്ഷയാണ് ഈയടുത്ത് റിലീസ് ചെയ്തതും, ഇനി റിലീസ് ചെയ്യാനിരിക്കുന്നതുമായ ബിഗ് ബജറ്റ് സിനിമകളിലും നിർമാതാക്കളും പ്രേക്ഷകരും പുലർത്തുന്നത്. എന്നാൽ സുഗമമായ ഈ യാത്രയ്ക്കു തടയിട്ട് മുന്നിലൊരു കിടങ്ങൊരുക്കുകയാണോ ഇന്ത്യയിലെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയായ പിവിആർ? പെരുന്നാൾ - വിഷു ആഘോഷക്കാലം കേരളത്തില്‍ എക്കാലത്തും കലക്‌ഷൻ വാരിക്കൂട്ടാൻ സിനിമാ മേഖലയ്ക്ക് സാധ്യതകളൊരുക്കുന്ന സമയമാണ്. വേനലവധിയും അടുപ്പിച്ചുണ്ടാവുന്ന ഒഴിവുദിവസങ്ങളും തിയറ്ററുകളിലേക്ക് പ്രേക്ഷകരെ എത്തിക്കും. ഈ പ്രതീക്ഷയ്ക്കുപുറത്താണ് ജിത്തു മാധവൻ സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം 'ആവേശ'വും, വിനീത് ശ്രീനിവാസനും അനിയൻ ധ്യാനും പ്രണവ് മോഹൻലാലും ചേർന്ന താരസംഗമ ചിത്രം 'വർഷങ്ങൾക്കു ശേഷ'വും രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘ജയ് ഗണേഷും’ പുറത്തിറങ്ങിയത്. പക്ഷേ ഈ സിനിമകളൊന്നും പിവിആറിൽ കാണാൻ കാത്തിരിക്കേണ്ട, നടക്കില്ല. ഇവയെന്നല്ല, മലയാളത്തിൽ റിലീസ് ചെയ്യുന്നതോ, മലയാളത്തിൽനിന്ന് ഡബ് ചെയ്തെത്തുന്നതോ ആയ ചിത്രങ്ങൾ ഇന്ത്യയിൽ എവിടെയും പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണവർ. എന്താണു കാരണം?