‘മമ്മൂക്ക നൽകിയ ഡേറ്റ് അടുത്തു, തിരക്കഥ ആയിട്ടില്ല...: വെളുപ്പാൻ കാലത്ത് എഴുന്നേറ്റിരുന്ന് അലറിയിട്ടുണ്ട് ഞാൻ’
Mail This Article
ബ്ലെസി എന്ന സംവിധായകന്‍ സംസാരിക്കുമ്പോൾ അതിന് പലപ്പോഴും ജീവിതമെന്ന മരുഭൂമിയുടെ ചൂടുണ്ടാകും. തീച്ചൂളയിലെന്ന പോലെ, അത്രയേറെ അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് അദ്ദേഹം. അതേ ജീവിതത്തിൽത്തന്നെ, മനസ്സമാധാനത്തിന്റെ മരുപ്പച്ചകളിൽ സമാധാനത്തിന്റെ വാക്കുകൾ പകരുന്ന ഒരു ബ്ലെസിയെയും കാണാം. ‘എന്റെ ഭ്രാന്ത് സിനിമയാണ്. സിനിമ എപ്പോഴും എനിക്കൊരു യുദ്ധം പോലെയാണ്’ എന്ന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട് എത്രമാത്രം ആ മനുഷ്യൻ സിനിമയെ സ്നേഹിക്കുന്നതെന്ന്. എന്തിനെയെങ്കിലും ആഴത്തിൽ സ്നേഹിക്കുമ്പോൾ അറിയാതെയാണെങ്കിലും നാമതിനെ വിശേഷിപ്പിക്കുന്നത് ‘ഭ്രാന്തമായ സ്നേഹം’ എന്നല്ലേ! 2024 മാർച്ച് 28നാണ് ബ്ലെസിയുടെ സ്വപ്ന ചിത്രം എന്നുതന്നെ പറയാവുന്ന ‘ആടുജീവിതം’ റിലീസാകുന്നത്. അതിനും എത്രയോ വർഷം മുൻപേതന്നെ ആ ചിത്രത്തിനു വേണ്ടി അദ്ദേഹം പരിശ്രമം ആരംഭിച്ചിരുന്നു. വിഷു റിലീസ് ചിത്രങ്ങളുടെ തിരക്കിനിടയിലും ഇപ്പോഴും തിയറ്ററുകളിൽ ആടുജീവിതം നിറഞ്ഞ സദസ്സിലുണ്ട്. അതിന്റെ ഫലം കലക്‌ഷൻ റിപ്പോർട്ടുകളിലും കാണാം– ഏപ്രിൽ 13 വരെയുള്ള കണക്കെടുത്താൽ രാജ്യാന്തരതലത്തിൽ 130 കോടിക്കടുത്താണ് ചിത്രം നേടിയത്. പക്ഷേ ഈ കോടിക്കണക്കുകളുടെ കൂട്ടിക്കിഴിക്കലുകൾക്കിടയിലും സിനിമയെക്കുറിച്ച് വാചാലനാണ് ബ്ലെസി. ആടുജീവിതത്തിലെ നജീബിനെപ്പോലെ ഒട്ടേറെ പേരുണ്ട് നമുക്കു ചുറ്റിലും. അദ്ഭുതകരമായ പോരാട്ടങ്ങൾ നടത്തി ജീവനും ജീവിതവും തിരിച്ചുപിടിച്ചവർ. അവരുടെ അനുഭവങ്ങൾ കേൾക്കാനും പങ്കുവയ്ക്കാനുമായി മനോരമ ഓൺലൈൻ ഒരുക്കിയ ‘സർവൈവേഴ്സ് മീറ്റി’ൽ ഒട്ടേറെ ചോദ്യങ്ങളാണ് ബ്ലെസിക്കു നേരെ വന്നത്. ഒരിക്കല്‍ ആത്മഹത്യയിലേക്കു വഴുതിപ്പോകുമെന്നു കരുതിയ സ്വന്തം ജീവിതത്തെക്കുറിച്ചു വരെ ബ്ലെസി അവരോടു മനസ്സു തുറന്നു. പക്ഷേ പ്രകാശമാനമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ബ്ലെസി മനസ്സു തുറക്കുകയാണ് സ്വന്തം ജീവിതത്തെപ്പറ്റി, സിനിമയെപ്പറ്റി, ആടുജീവിതത്തെപ്പറ്റി...