മഞ്ഞുമ്മൽ ബോയ്സിനും ഭ്രമയുഗത്തിനും നായികമാരെ വേണ്ടേ? സൂപ്പർഹിറ്റ് മലയാള സിനിമകളിൽ ‘പുരുഷാധിപത്യം’
Mail This Article
സൂപ്പർഹിറ്റ് മലയാള സിനിമകളിൽനിന്നു സ്ത്രീകൾ പതിയെ അപ്രത്യക്ഷരാകുകയാണോ? വമ്പൻ വാണിജ്യവിജയം നേടുന്ന പല സിനിമകളിലുമിപ്പോൾ നായികമാരെ പൊടിക്കുപോലും കാണാനില്ലാത്ത സ്ഥിതിയാണ്. ആൺ ജീവിതാഘോഷങ്ങളുടെയും സംഘർഷങ്ങളുടെയും സൂപ്പർ ഹീറോയിസത്തിന്റെയും സമ്പൂർണ പകർന്നാട്ടങ്ങളായി മാറുകയാണു നമ്മുടെ വാണിജ്യവിജയം നേടുന്ന സിനിമകളിലേറെയും. അത്തരം സിനിമകളിലുള്ള മറ്റു സ്ത്രീ കഥാപാത്രങ്ങളാകട്ടെ ഏതാനും മിനിറ്റുകൾ മാത്രം സ്ക്രീൻ സമയം ലഭിച്ചവരും അപ്രധാന വേഷങ്ങൾ ചെയ്തവരും ആയിരിക്കുകയും ചെയ്യും. ഇതെല്ലാം മുൻപും ഇങ്ങനെത്തന്നെയായിരുന്നില്ലേ എന്നു തോന്നാമെങ്കിലും നായികാ പ്രാതിനിധ്യം പേരിനു പോലുമില്ലാത്ത വിധത്തിൽ തുടർസംഭവമായി വരുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ട്. ശക്തമായ ആൺകോയ്മ ഇന്നും നിലനിൽക്കുന്ന സമൂഹമാണെങ്കിലും വിവിധ തൊഴിൽ മേഖലകളിലെല്ലാം സ്ത്രീകളുടെ എണ്ണവും നേതൃത്വവും ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ചു കൂടുതലുള്ള നാടാണല്ലോ കേരളം. വിദ്യാഭ്യാസരംഗത്തുൾപ്പെടെ പല മേഖലകളിലും ആൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരായി പെൺകുട്ടികൾ മാറുന്ന കാഴ്ചയും നമ്മൾ കാണുന്നുണ്ട്.