സംഗീതത്തിന്റെ വലിയ ‘രാജ’, വിവാദങ്ങളുടെയും; ഇളയരാജ ഇങ്ങനെ ചെറുതാകണമായിരുന്നോ? ആ വാദം ദൗർഭാഗ്യകരം
Mail This Article
ആരായിരുന്നു ഇളയരാജ? ആരായിത്തീര്‍ന്നു ഇളയരാജ? ഈ രണ്ട് ചോദ്യങ്ങളും ഒരു പോലെ പ്രസക്തമാണ്. സ്ഥിരീകരിക്കാന്‍ തെളിവുകള്‍ ലഭ്യമല്ലെങ്കിലും വായ്‌മൊഴിയായി പകര്‍ന്നു കിട്ടിയ അറിവുകള്‍ പ്രകാരം തമിഴ്‌നാട്ടിലെ ഉള്‍നാടന്‍ ഗ്രാമങ്ങളിലുടനീളം പാട്ട് പാടി നടന്ന ഒരു തെരുവ് ഗായകനായിരുന്നു തുടക്കത്തില്‍ അദ്ദേഹം. പിന്നീട് നാടകങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചുപോന്ന രാജ മ്യൂസിക്ക് കണ്ടക്ടര്‍ എന്ന നിലയില്‍ നിരവധി സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചു. സുഹൃത്തായ ഭാരതിരാജയുടെ സിനിമാ പ്രവേശനത്തോടെ ചലച്ചിത്രമേഖലയിലേക്ക് കടന്നു. 1976ല്‍ അന്നക്കിളി എന്ന തമിഴ് സിനിമയ്ക്കാണ് ഇളയരാജ ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. പിന്നീടുളളതെല്ലാം ചരിത്രം. 1991ല്‍ ബിബിസി ഒരു സര്‍വേ നടത്തുകയുണ്ടായി. ലോകത്തിലെ ഏറ്റവും മികച്ച പത്ത് ഗാനങ്ങള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ആ തിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്ത് വന്നത് ദളപതി എന്ന സിനിമയ്ക്കായി രാജ ഈണം നല്‍കിയ ‘രാക്കമ്മാ കയ്യേ തട്ട്...’ എന്ന ഗാനമായിരുന്നു. തമിഴ് സിനിമയ്ക്കും ഭാരതീയ സംഗീതത്തിനും ലഭിച്ച അപൂര്‍വ അംഗീകാരം ഇളയരാജ വഴിയായിരുന്നു എന്നതും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. അതിപ്രഗത്ഭരായ നിരവധി സംഗീത സംവിധായകരെ ഇന്ത്യന്‍ സിനിമ കണ്ടിട്ടുണ്ട്. പല കാലങ്ങളില്‍ പ്രത്യക്ഷപ്പെട്ട് കാലാന്തരത്തില്‍ മണ്‍മറഞ്ഞു പോയവരും തിളക്കം മങ്ങിപ്പോയവരും അക്കൂട്ടത്തിലുണ്ട്. എന്നാല്‍ തുടക്കം കുറിച്ച നാള്‍ മുതല്‍ ഇന്നോളം ഒരേ പ്രഭാവത്തോടെ നിലനില്‍ക്കുന്ന ഒരു സംഗീതജ്ഞനേ ഇന്ത്യന്‍ സിനിമയിലുളളൂ, സാക്ഷാല്‍ ഇളയരാജ. ഒരു പ്രത്യേക കാലത്തിന്റെയോ ട്രെൻഡിന്റെയോ വക്താവല്ല അദ്ദേഹം. എല്ലാക്കാലത്തിന്റെയും സംഗീതജ്ഞനാണ് രാജ. മലയാളത്തിലും നിരവധി ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുണ്ട്. അതില്‍ പലതും ശ്രവണ മധുരവുമായിരുന്നു. എന്നാല്‍ രാജയേക്കാള്‍ മികച്ച ഗാനങ്ങള്‍ നൗഷാദും ദേവരാജന്‍ മാഷും ബാബുരാജും രവീന്ദ്രനും ജോണ്‍സണും ഔസേപ്പച്ചനുമെല്ലാം ഒരുക്കിയിട്ടുണ്ട്. പക്ഷേ അവരിലാര്‍ക്കും രാജ സ്പര്‍ശിച്ച ഉയരങ്ങള്‍ താണ്ടാന്‍ കഴിഞ്ഞിട്ടില്ലെന്നു മാത്രം. നിമിഷവേഗത്തില്‍ കാലാതീതമായ ഗാനങ്ങള്‍ക്ക് ഈണമിടാന്‍ കഴിയുന്ന അസാധ്യ പ്രതിഭാവിലാസം ഇളയരാജയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്. പല അഭിരുചികള്‍ നയിക്കുന്ന തലമുറകളെ ഒരുപോലെ തന്റെ വരുതിയില്‍ നിര്‍ത്താനും ഇളയരാജയ്‌ക്കേ കഴിയു. റഹ്‌മാന്‍ തരംഗത്തില്‍ രാജ അസ്തമിച്ചു എന്ന് കരുതിയവരുണ്ട്. ഒരു പരിധി വരെ രാജ അപ്രസക്തനായോ എന്നു പോലും ശങ്കിച്ചവരുണ്ട്. അത്രമേല്‍ ഉയരത്തിലായിരുന്നു അന്ന് റഹ്‌മാന്റെ സ്ഥാനം. ഓസ്‌കറോളം വളര്‍ന്ന അദ്ദേഹം രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംഗീതജ്ഞനായി. എന്നാല്‍ കാലം കടന്നു പോകവേ പഴയ റഹ്‌മാന്‍ മാജിക്ക് മെല്ലെ മങ്ങിപ്പോകുന്ന കാഴ്ചയാണ് കണ്ടത്. ഏതാനും ചില ഗാനങ്ങളില്‍ റഹ്‌മാന്‍ എന്ന നാമധേയം ഒതുങ്ങി നിന്നപ്പോള്‍ രാജ സിനിമയില്‍ സജീവസാന്നിധ്യമായി നിലകൊണ്ടു. ഇതിനിടയില്‍ ലണ്ടനില്‍ പോയി ഫുള്‍ സിംഫണി ഒരുക്കാനും കഴിഞ്ഞു.