ജീവൻ പിടിച്ചു നിർത്തിയത് മനുഷ്യമാംസം; തകർന്ന റേഡിയോ പറഞ്ഞു,‘ഇനിയൊരു മടക്കമില്ല’; മരണത്തോട് പൊരുതി 72 ദിവസം!
Mail This Article
അതിജീവന കഥകൾ (സർവൈവൽ സ്റ്റോറീസ്) എക്കാലത്തെയും ജനപ്രിയകലാസൃഷ്ടികളാണ്. വിവിധ രാജ്യങ്ങളിലെ അതിമനോഹരമായ ഇതിഹാസ കഥകൾ മുതൽ പുതിയകാല ചലച്ചിത്രങ്ങളിൽ വരെ കാണാം ഉദ്വേഗജനകമായ അത്തരം അധ്യായങ്ങൾ. അകപ്പെട്ടുപോയ പ്രതിസന്ധിയുടെ ആഴത്തിൽനിന്ന്, ചിലപ്പോഴെങ്കിലും കൊടുമുടിയിൽനിന്ന്, അസാമാന്യമായ പോരാട്ടവീര്യവും ആത്മധൈര്യവും കൊണ്ട് മനുഷ്യൻ തിരിച്ചുവന്ന കഥകൾക്കു മുൻപിൽ പലപ്പോഴും ഭാവന തോറ്റുപോകും. മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നീ സിനിമകളിലൂടെ രണ്ടുതരം സർവൈവൽ സിനിമകൾ കണ്ട മലയാളികൾക്ക് തീർച്ചയായും ആസ്വദിക്കാവുന്ന സിനിമയാണ് സൊസൈറ്റി ഓഫ് ദ് സ്നോ. ആടുജീവിതം ഒരു പൊള്ളുന്ന തിരിച്ചുവരവിന്റെ കഥയാണെങ്കിൽ സൊസൈറ്റി ഓഫ് ദ് സ്നോ ശവത്തണുപ്പിൽ നിന്ന് ജീവിതത്തിലേക്കു തിരിച്ചുവരുന്ന കൂട്ടുകാരുടെ കഥയാണ്. ആടുജീവിതത്തിൽ മൂന്നുപേരുടെ സ്വയം ജീവൻരക്ഷാ ദൗത്യമാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘മഞ്ഞുമ്മലി’ലെപ്പോലെ ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് സൊസൈറ്റി ഓഫ് ദ് സ്നോയും. എന്നാൽ, രക്ഷിക്കാനുള്ളത് ഒരാളെയല്ല. അവരെയെല്ലാം പൊതിഞ്ഞുകൊണ്ടിരിക്കുന്ന ഐസ് പാളികൾക്കു പിടികൊടുക്കാതിരിക്കുകയും തിരിച്ചുവരവിനുള്ള ജാലം തുറക്കുകയും വേണം അവർക്ക്. ∙ മഞ്ഞുമലകളിലെ പുതുമുഖ ഹിറ്റ് 1972ൽ ഉണ്ടായ വിമാനാപകടത്തെക്കുറിച്ച് 2009ൽ മാധ്യമപ്രവർത്തകനും തിരക്കഥാകൃത്തുമായ പാബ്ലോ വിയേഴ്സി എഴുതിയ ‘ലാ സൊസൈഡാഡ് ഡെ ലാ നീവ്’ എന്ന സ്പാനിഷ് പുസ്തകമാണ് അതേ പേരിൽ, അതേ ഭാഷയിൽ സിനിമയായത്. സിനിമയുടെ ഇംഗ്ലിഷ് പതിപ്പാണ് സൊസൈറ്റി ഓഫ് ദ് സ്നോ. മലയാളത്തിൽ ഇറങ്ങുമായിരുന്നെങ്കിൽ മഞ്ഞുസമൂഹം എന്നോ മറ്റോ വിളിക്കാം. ജെ.എ.ബയോണ സംവിധാനം ചെയ്ത ചിത്രം 2023 സെപ്റ്റംബർ 9ന് വെനീസ് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ അവസാനചിത്രമായി, പ്രദർശനചിത്രമായാണ് റിലീസ് ചെയ്തത്. സെപ്റ്റംബർ 13ന് യുറഗ്വായിൽ ആദ്യമായി തിയറ്റർ റിലീസ്. 15ന് സ്പെയിനിലും റിലീസ് ചെയ്തു. ഡിസംബർ 22ന് അമേരിക്കയിൽ എത്തിയപ്പോഴേക്കും സിനിമ വൻ ചർച്ചയായിരുന്നു.