പുലിമടയിലേക്ക് വാറുണ്ണിയെ ഇറക്കിവിട്ട ബ്രില്യൻസ്; കോടി ക്ലബ്ബുകളുടെ രാജകുമാരൻ; ബ്രാന്‍ഡായി മാറിയ ഐ.വി.ശശി
Mail This Article
അന്നോളം ആളുകള്‍ സിനിമയ്ക്ക് പോയിരുന്നത് അഭിനയിക്കുന്ന താരം ആരെന്ന് നോക്കിയിട്ടായിരുന്നു. ശശി ആ അവസ്ഥയ്ക്ക് മാറ്റം സൃഷ്ടിച്ചു. ആര് അഭിനയിച്ചാലും ആര് തിരക്കഥയെഴുതിയാലും ഏത് ബാനറില്‍ നിര്‍മ്മിച്ചാലും സംവിധാനം: ഐ.വി.ശശി എന്ന പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങി. ഐ.വി.ശശി എന്ന ബ്രാന്‍ഡില്‍ അത്രമേല്‍ വിശ്വാസമായിരുന്നു പ്രേക്ഷകര്‍ക്ക്. ലോബജറ്റ് സിനിമകളില്‍ നിന്ന് പതുക്കെ വഴുതിമാറിയ ശശി ബിഗ്ബജറ്റ് മാസ്മസാല പടങ്ങള്‍ അടക്കം ഏത് ജോണറും വഴങ്ങുന്ന സംവിധാനകലയുടെ ഒരു യൂണിവേഴ്സിറ്റിയായി പരിവര്‍ത്തിക്കപ്പെട്ടു. രജനീകാന്തിനെയും കമലഹാസനെയും വച്ച് ആദ്യത്തെ ബഹുഭാഷാ ചിത്രം ഒരുക്കിയ മലയാളി സംവിധായകനായി ശശി. രജനിയെ വച്ച് കാളി എന്ന തമിഴ്ചിത്രവും ഒരുക്കിയ അതേ കൈകള്‍ പത്മരാജന്റെ തിരക്കഥയില്‍ വാടകയ്ക്ക് ഒരു ഹൃദയവും ഇതാ ഇവിടെ വരെയും പോലെ കാതലുള്ള ശക്തമായ സിനിമകള്‍ ചെയ്തു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി സമകാലിക രാഷ്ട്രീയത്തിലെ ജീര്‍ണ്ണതകള്‍ കേന്ദ്രപ്രമേയമാക്കി ഒരു സിനിമ സംഭവിക്കുന്നത് മലയാളത്തിലാണ്; ടി.ദാമോദരന്റെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത ഈ നാട്.