അന്ന് സീമയ്ക്കൊപ്പം ബാർ ഗായകന്റെ വേഷം; മോഹിച്ചത് പ്രേം നസീറിനെപ്പോലെയാവാൻ; എംടിയുടെ മൗനവും ഒപ്പിയ ‘ഹരിഹര ഗാഥ’
Mail This Article
ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയുടെ സംവിധായകനാണ് ഹരിഹരന്. ഒരര്‍ഥത്തില്‍ ഹരിഹരന്റെ ജീവിതകഥയെ ഒറ്റവാചകത്തില്‍ സംഗ്രഹിക്കാനും ആ സിനിമാ ശീര്‍ഷകം മതി. ശരിക്കം ഒരു വടക്കന്‍ വീരഗാഥ തന്നെയാണ് ഹരിഹരന്റെ പോരാട്ടവഴികളില്‍ നിറയുന്നത്. കോഴിക്കോടുകാരനാണ് ഹരിഹരന്. തെക്കന്‍ തിരുവിതാംകുറുകാരുടെ കണ്ണില്‍ ഒരു വടക്കന്‍. ഐ.വി.ശശിയും കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും ടി.ദാമോദരനും കുതിരവട്ടം പപ്പുവും അടക്കം ഒരുപാട് മഹാരഥന്മാര്ക്ക് ജന്മം നല്കിയ നാട്. ജന്മം കൊണ്ട് കൂടല്ലൂരാണെങ്കിലും എം.ടിയുടെയും ജീവിതം ചേര്‍ന്നു നില്‍ക്കുന്നത് കോഴിക്കോടിന്റെ മണ്ണുമായാണ്. മുകളില്‍ പരാമര്‍ശിച്ചവരെല്ലാം അവരവരുടെ മേഖലകളില്‍ മുടിചൂടാമന്നന്മാരായി. ശരാശരി വാണിജ്യസിനിമകളിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച ഹരിഹരന് ആ തലത്തിലെത്തുമോയെന്ന് സംശയിച്ചവര്‍ക്ക് തെറ്റി. പില്ക്കാലത്ത് സംവിധായകന് എന്ന നിലയില്‍ വേറിട്ട അടയാളപ്പെടുത്തലുകളിലുടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച ഹരനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി.ദാനിയല്‍ അവാര്‍ഡ് വരെ ലഭിക്കുകയുണ്ടായി.