‘ഒരു അഡാർ ലവ്’ ഇല്ലായിരുന്നെങ്കിലും ഞാൻ നടിയാകുമായിരുന്നു; സിനിമയിലെ മറ്റുള്ളവരുടെ അനുഭവം പേടിപ്പിക്കുന്നു; പലതും തിരിച്ചറിഞ്ഞു’
Mail This Article
ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ദശലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ച ഒരു പെൺകുട്ടി. ഇൻസ്റ്റഗ്രാമിൽ കിട്ടുന്ന ഓരോ ലൈക്കിനും ഡോളറുകൾ വന്നുവീഴുന്നുണ്ടെന്നു പലരും അസൂയയോടെ അടക്കം പറഞ്ഞ ഒരു സാധാരണ തൃശൂരുകാരി. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി, നാടൻ ഭക്ഷണം കഴിച്ച്, ക്ലാസിക്കൽ നൃത്തവും സംഗീതവും അഭ്യസിച്ച്, വീടിനോടും വീട്ടുകാരോടും പറ്റിച്ചേർന്നു വളർന്ന ആ പെൺകുട്ടി ഒറ്റച്ചിത്രത്തിലെ ഒരേയൊരു രംഗം കൊണ്ട് അനേകരുടെ ഹൃദയം കീഴടക്കി. അതില്‍ മലയാളികൾ മാത്രമായിരുന്നില്ല, ലോകമൊട്ടുക്കുണ്ടായി പ്രിയ വാരിയർ എന്ന ആ പെൺകുട്ടിക്ക് ആരാധകർ. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ’ എന്ന പാട്ടിലെ കണ്ണിറുക്കൽ രംഗമായിരുന്നു പ്രിയ വാരിയർ എന്ന സോഷ്യൽ മീഡിയ താരത്തെ സൃഷ്ടിച്ചത്. പക്ഷേ ആ പാട്ട് ഹിറ്റായില്ലായിരുന്നെങ്കിൽ പോലും താൻ സിനിമയിലെത്തുമായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയുന്നു പ്രിയ. കുട്ടിക്കാലം മുതൽ കണ്ട സിനിമയെന്ന വലിയ സ്വപ്നത്തെ പിന്തുടരവേ അഡാർ ലവും ആ പാട്ടും പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായെന്നു മാത്രം. ചെറുപ്രായത്തിൽത്തന്നെ പ്രതീക്ഷിച്ചതിലധികം ജനകീയത പ്രിയയ്ക്കു കിട്ടി. ഇൻസ്റ്റഗ്രാമിലെ ഫോളോവേഴ്സിന്റെ എണ്ണം 80 ലക്ഷത്തോടടുക്കുന്നു. പെട്ടെന്നുണ്ടായ പേരിനും പ്രശസ്തിക്കുമൊപ്പം വിമർശനങ്ങൾക്കും കുറവൊന്നുമുണ്ടായിരുന്നില്ല. തുടക്കത്തിൽ അതെല്ലാം അൽപം മുറിവേൽപ്പിച്ചെങ്കിലും ഇന്ന് എല്ലാറ്റിനെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള ധൈര്യവും മാനസിക പക്വതയും തനിക്കുണ്ടെന്നും പറയുന്നു പ്രിയ. നടിയും മോഡലും മാത്രമല്ല, ഇന്ത്യയിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന സോഷ്യല്‍ മീഡിയ താരങ്ങളിലൊരാൾ കൂടിയായ പ്രിയ സംസാരിക്കുകയാണ്. തന്റെ കരിയർ, സ്വപ്നങ്ങൾ, സിനിമകൾ, വിവാദങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ സീന എലിസബത്ത് മാമ്മനുമായുള്ള സുദീർഘ സംഭാഷണത്തിൽ മനസ്സു തുറക്കുകയാണ് പ്രിയ.