സ്ക്രിപ്റ്റ് വായിച്ച് കരഞ്ഞു, റീലെടുക്കുന്നുവെന്ന് പറഞ്ഞ് ദിവ്യയെക്കൊണ്ട് അഭിനയിപ്പിച്ചു; ഒടുവിൽ പായൽ മലയാളവും പറഞ്ഞു!
Mail This Article
പായൽ കപാഡിയ പറയുന്നു. ‘വളരെ ക്രൂരത നിറഞ്ഞ ഒരു നഗരമാണ് മുംബൈ’. പക്ഷേ ആ നഗരം തന്നെയാണ് പായലിന്റെ ആദ്യ ചിത്രത്തിനു വേണ്ട ലൊക്കേഷനുകളെല്ലാം സമ്മാനിച്ചത്, ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ഇന്ത്യയ്ക്ക് ആദ്യമായി കാൻ ചലച്ചിത്രമേളയിൽ ഗ്രാൻപ്രി നേടിക്കൊടുത്തത്. പായൽ പറഞ്ഞ മുംബൈയുടെ ക്രൂരത ഒരിക്കലും അവിടുത്തെ മനുഷ്യന്മാരെപ്പറ്റിയായിരുന്നില്ല. ആ നഗരം അവിടെയെത്തുന്ന മനുഷ്യർക്ക് ഒരുപാട് സ്വാതന്ത്ര്യം നൽകുന്നുണ്ട്. പക്ഷേ ഒരു വാണിജ്യനഗരത്തിന്റേതായ എല്ലാ പൊതുസ്വാഭാവവും അതു കാണിക്കുന്നുമുണ്ട്. അത്തരമൊരു ‘ക്രൂരത’യാണ് യഥാർഥത്തിൽ പായലിന്റെ സിനിമയ്ക്കു വേണ്ടിയുള്ള ലൊക്കേഷനും സമ്മാനിച്ചത്. 1980കളിൽ മുംബൈയിലെ ദാദറും ലോവർ പരേലുമെല്ലാം കോട്ടൺ മില്ലുകളാൽ സമ്പന്നമായിരുന്നു. എന്നാൽ 1982ലെ ഗ്രേറ്റ് ബോംബെ ടെക്സ്റ്റൈൽ സ്ട്രൈക്ക് എന്നറിയപ്പെടുന്ന സമരം എല്ലാം മാറ്റിമറിച്ചു. മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ടായിരുന്നു സമരം. അതിനിടെ മറ്റ് വ്യവസായങ്ങളും അവിടെ വളര്‍ന്നു വന്നു. അന്ന് ദാദറിലും പരേലിലുമൊക്കെ താമസിച്ചിരുന്നവരിൽ മൂന്നിലൊന്നും കോട്ടൺ മില്ലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നവരായിരുന്നു. എന്നാൽ അവർക്കെല്ലാം വൈകാതെ വീട് നഷ്ടപ്പെട്ടു. 1980കളിൽ അവിടെ നിന്നിരുന്ന വീടുകളും അപാർട്മെന്റുകളുമൊന്നും ഇന്ന് കാണാനാകില്ല. അവിടമാകെ വമ്പൻ ഫ്ലാറ്റുകളാണ്. ചില പാർപ്പിട സമുച്ചയങ്ങളിലേക്കു കയറണമെങ്കിൽ പ്രത്യേകം അനുമതി പോലും വേണം. ഇന്ന് അവിടെ താമസിക്കുന്നവരൊന്നും പണ്ട് അവിടെയുണ്ടായിരുന്നവരല്ല. ആ പ്രദേശമാകെ മാറിപ്പോയിരിക്കുന്നു.