കാഴ്ചയായും രുചിയായും തലയുയർത്തി ‘മഹിഷ്മതി’; വിശപ്പകറ്റാൻ ‘ബാഹുബലിയും ദേവസേനയും’; ഒറ്റയ്ക്ക് തീർത്താൽ സമ്മാനമഴ!
Mail This Article
കട്ടപ്പ ബട്ടൂര, ഭല്ലാദേവ ദോശ, ദേവ സേന ബിരിയാണി. ബാഹുബലി തട്ടുകട തുടങ്ങിയോ എന്നു സംശയിക്കേണ്ട. തുടങ്ങിയ കട പക്ഷേ തട്ടല്ല, തട്ടുപൊളിപ്പൻ!!! ഇവിടെ പേരു പോലെ തന്നെ എല്ലാം ബാഹുബലി മയമാണ്. ‘വീണാലും തണൽ ബാക്കി’ എന്ന പോലെ ഷൂട്ടിങ് കഴിഞ്ഞ് വർഷങ്ങളായിട്ടും ബാഹുബലി സിനിമയുടെ സെറ്റും കഥാപാത്രങ്ങളുടെ പേരുകളും കാഴ്ചയായും രുചിയായും ആരാധകരുടെ മനസ്സും വയറും നിറയ്ക്കുകയാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച പണം വാരി പടങ്ങളിലൊന്നായ ബാഹുബലി വിപണിയിൽ ഉണ്ടാക്കിയ ചലനങ്ങൾ നിലയ്ക്കുന്നില്ല. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ ബാഹുബലി സിനിമ ചിത്രീകരിച്ച സെറ്റ് അതേ പടി ഇന്നുമുണ്ട്. റാമോജിയുടെ കവാടത്തിൽ നിന്ന് രാവിലെ 9ന് പുറപ്പെടുന്ന ബസിൽ കയറിയാൽ കാഴ്ചകൾ കണ്ട് ബസുകൾ മാറി മാറി കയറി ഒരു മണിയോടെ മഹിഷ്മതി സാമ്രാജ്യത്തിന്റെ കോട്ടയ്ക്ക് മുന്നിലെത്താം. രാവിലെ മുതൽ ആകെ ആറ് ബസുകൾ കയറിയിറങ്ങിയാലാണ് വൈകുന്നേരം റാമോജി ഫിലിം സിറ്റി കണ്ട് തീരുക.