പ്രഭ മുഖംതിരിച്ച അനുവിന്റെ നഗ്നത എന്തിനാണ് സംവിധായിക പ്രേക്ഷകരെ കാണിച്ചത്? കയ്യടി വേണമെങ്കിൽ ലൈംഗികത പ്രദർശിപ്പിക്കണോ?
Mail This Article
ഓരോ വർഷവും ദേശാടനപ്പക്ഷികളെപ്പോലെ ഏഷ്യയിലെങ്ങുമുള്ള ചലച്ചിത്രപ്രേമികൾ ചേക്കേറുന്ന അറബിക്കടലിന്റെ കൊങ്കൺതീരം! നഗരത്തെ തൊട്ടൊഴുകി കടലിലേക്കെത്താൻ െവമ്പുന്ന മണ്ഡോവിനദിയെപ്പോലെ, കലയുടെ ഗോവൻതീരത്തെ ലോകസിനിമയുടെ കാണാക്കാഴ്ചകളിലേക്ക് ഒഴുകിയെത്തുന്നവർ. 55–ാം ഇഫിയുടെ (International Film Festival of India- IFFI) പ്രധാന പ്രത്യേകത മേളയിലെ സ്ത്രീസാന്നിധ്യമായിരുന്നു. രാജ്യാന്തര മത്സരവിഭാഗത്തിൽ എത്തിയ 15 ചലച്ചിത്രങ്ങളിൽ ഒൻപതും ഒരുക്കിയത് വനിതാ സംവിധായകർ. പ്രദർശനത്തിനെത്തിയ 80 രാജ്യങ്ങളിൽ നിന്നുള്ള 180 ചിത്രങ്ങളില്‍ കൂടുതൽ വനിതാപ്രാതിനിധ്യം. ഇതുവരെയുള്ള മേളകളിൽ നിന്ന് 55–ാം പതിപ്പിനെ വേറിട്ടു നിർത്തിയത് ഇതേ വനിതാ പങ്കാളിത്തം തന്നെ. ഇത്തവണ മേളയ്ക്കെത്തിയ ചലച്ചിത്രാസ്വാദകര്‍ ആദ്യം മനസ്സില്‍ കുറിച്ചിട്ടതും ഒരു വനിതാ സംവിധായികയുടെ പേരാണ്– പായൽ കപാഡിയ. കാൻ ചലച്ചിത്രമേളയിൽ രാജ്യത്തിന്റെ അഭിമാനമായി ‘ഗ്രാൻപ്രി’ പുരസ്കാരം നേടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ത്യയിലെ ഒരു മേളയിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന േവദി കൂടിയായിരുന്നു ഗോവ.