അന്ന് മധു പറഞ്ഞു, ‘ഇവിടെ, ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു’; ചലച്ചിത്ര ലോകത്ത് നിശ്ശബ്ദനായിപ്പോയ താരകം!
Mail This Article
2015ലെ സംഭവമാണ്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്ക് തൃശൂർ ചലച്ചിത്ര കേന്ദ്രം നൽകുന്ന ജോസ് കാട്ടൂക്കാരൻ അവാർഡ് നടൻ മധു ഏറ്റുവാങ്ങുന്നതാണ് സന്ദർഭം. പുരസ്കാരം സ്വീകരിച്ചുകൊണ്ട് മധു ഏതാനും വാക്കുകൾ മാത്രമാണ് സംസാരിച്ചത്. സെന്റ് തോമസ് കോളജ് വേദിയിൽ രണ്ട് കാര്യങ്ങൾ തൃശൂരിനെക്കുറിച്ചുള്ള ഓർമകളായി അദ്ദേഹം പങ്കു വച്ചു. ‘കുട്ടിക്കുപ്പായം’ സിനിമ റിലീസായ കാലത്ത് ആ ചിത്രം കാണാനായി തൃശൂരിലെ ഒരു തിയറ്ററിൽ എത്തിയപ്പോൾ അവിടെ കാഴ്ചക്കാരായി വന്ന ആരൊക്കെയോ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരം കണ്ട് ‘ആരാണ് ഈ ടിബി പേഷ്യന്റ്’ എന്ന് കളിയാക്കിയത്രേ. ‘ആ വാശിയാണ് ഇപ്പോഴത്തെ തടി’ എന്ന് മധു തമാശ പറഞ്ഞു. പിന്നെ മറ്റൊന്നു കൂടി അദ്ദേഹം ഓർത്തു– ‘‘ഇവിടെ ഈ തൃശൂരിൽ ഒരു സാബു ഉണ്ടായിരുന്നു. ഒരു എ.സി.സാബു...’’ പിന്നെ അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. പൊടുന്നനെ സംസാരം നിർത്തി.