ആ വേദനയുടെ പേര് സ്നേഹം: ‘കുഴി വെട്ടടീ, കുഴി വെട്ടടീ, ഭൂമി തൊരന്ന്, ആഴത്തിൽ വെട്ടടീ...’
Mail This Article
കവിതയുടെ ഭാഷയിൽ എഴുതപ്പെട്ട നോവൽ. അതാണു രാഹുൽ മണപ്പാട്ടിന്റെ ‘ചാവോളികളുടെ ആയിരാന്തികൾ’. മാറ്റിനിർത്തപ്പെട്ട ഒരു വംശത്തിന്റെ കഥയാണത്. പ്രണയവും വിരഹവും രതിയും മരണവുമെല്ലാം സംഗമിക്കുന്ന ഒരിടം. ‘‘നഷ്ടപ്പെടുമോ എന്ന ഭയത്തിൽ നിന്നാണ് ഓരോ സ്നേഹവും ആരംഭിക്കുന്നത്. അത് മനുഷ്യന്റെ കാലങ്ങളായുള്ള ഭയങ്ങളിൽ ഒന്നാണ്. സ്നേഹത്തിൽ ഏറ്റവും കൂടുതൽ മനുഷ്യർ ആസ്വദിക്കുന്നത് അതിന്റെ മനോഹാരിതയല്ല, മറിച്ച് അത് എല്ലാക്കാലത്തേക്കും പിടിച്ചുവയ്ക്കാനുള്ള കാരണങ്ങൾ കണ്ടെത്തിക്കൊണ്ടാണ്. ഞാൻ പറഞ്ഞുവരുന്നത്, സ്നേഹം നമ്മളെ സ്വാർഥരാക്കും. ഏതൊരു ബന്ധങ്ങളിലും മൂന്നാമതൊരാൾ വന്നാൽ സ്നേഹത്തിന്റെ ഭയം തുടങ്ങുന്നു. അതുകൊണ്ടു സൂക്ഷിക്കുക. എല്ലാ മനുഷ്യരും സ്വാർഥരാണ്. സ്നേഹത്തിനു വേണ്ടി ചിലപ്പോൾ അവർ കൊലപാതകികൾ ആകും. അവരുടെ നിയമത്തിൽ അതു തെറ്റല്ല. കരുതിയിരിക്കുക!’’. ഇങ്ങനെയൊരു ഗംഭീര തുടക്കമുള്ള നോവൽ ഒറ്റയടിക്കു വായിച്ചു തീർക്കാതെ താഴെ വയ്ക്കുന്നതെങ്ങനെ. ചത്തവർക്കു ചാവു പാടാൻ എഴുപത്തിരണ്ടാം വയസ്സിലും മല കേറിപ്പോകുന്ന കൊരട്ടിക്കോളനിയിലെ പറങ്ങോടച്ചൻ എന്ന മിത്ത് നോവലിലെ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും തമ്മിൽ ബന്ധിപ്പിക്കുന്ന വാമൊഴിപ്പെരുക്കമാണ്. മരണം ഒറ്റയ്ക്കാക്കിയ ഇരട്ട സഹോദരങ്ങളെപ്പറ്റി രാഹുൽ എഴുതുന്നതു ചങ്കിൽ തറച്ചുകയറും വിധമാണ്. ‘‘ഇത്രകാലം ഞങ്ങളിലേക്ക് വാതില് മുട്ടാതെ കടന്നു വന്ന മമ്മയുടെ ഒച്ച മുഴുവനും ആ വീട്ടിൽ നിന്നും ഇറങ്ങി പോന്നേക്കുവാണ് ഈ കുഴിയിലോട്ടെന്ന് ആലോചിച്ചപ്പോൾ മരണം കൂടാൻ വന്നവരുടെ ഇടയിൽ ഞാനും അവനും ഒറ്റയ്ക്കായി’’. മരണം പലപ്പോഴും അവശേഷിപ്പിക്കുന്നതു കൊടിയ നിശബ്ദതയാണ്. പലർക്കും ആ ശബ്ദമില്ലായ്മ അതിജീവിക്കുക പ്രയാസകരമായിരിക്കും. ‘‘കുഴി വെട്ടടീ, കുഴി വെട്ടടീ, ഭൂമി തൊരന്ന്, ആയത്തിൽ വെട്ടടീ, ചത്ത പ്രാണന്റെ കൊരലുവെട്ടടീ, ചത്തപ്രാണന്റെ കൊരലുവെട്ടടീ, ആയത്തിലായത്തിലങ്ങനെയങ്ങനെ, വെട്ടടീ, വെട്ടടീ, കുഴി ആയത്തിൽ വെട്ടടീ’’. നോവലിലെ ഈ കുഴിവെട്ടുപാട്ട് മാറ്റിനിർത്തപ്പെട്ട ഒരു സമൂഹത്തിന്റെ അതിജീവനശബ്ദമാണ്.