ദുബായിൽ ഇനി റോയൽ അറ്റ്ലാന്റിസ് വിസ്മയം; വിമാനം വരെ ഇറക്കാവുന്ന ബുർജ് അൽ അറബും!
Mail This Article
അംബരചുംബികളുടെയും വിസ്മയ നിർമിതികളുടെയും നഗരമായ ദുബായിൽ ഏറ്റവും പുതിയ ആകർഷണമാണ് നീലക്കടലിന് അഭിമുഖമായി ചില്ലു കൊട്ടാരം പോലെ നിർമിച്ചിരിക്കുന്ന റോയൽ അറ്റ്ലാന്റിസ് റിസോർട്ട്. ഓരോ ആറുമാസം കൂടുമ്പോഴും എന്തെങ്കിലും പുതിയ വിസ്മയം ഒരുക്കി സന്ദർശകരെ ആകർഷിക്കുന്ന ദുബായുടെ പുതിയ കൗതുകക്കാഴ്ചയാണിത്. കടൽ നികത്തി നിർമിച്ച പാം ജുമൈറ എന്ന വിസ്മയ ദ്വീപിന്റെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതാണ് ഈ പുത്തൻ ഹോട്ടൽ- അപാർട്മെന്റ് സമുച്ചയം. 1640 അടി നീളത്തിലും 584 അടി ഉയരത്തിലുമുള്ള ഈ നിർമിതി ആരെയും കൊതിപ്പിക്കും വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക ദ്വീപിൽ നിർമിച്ചിരിക്കുന്ന ഈ 46 നില കെട്ടിടത്തിൽ 795 മുറികളും സ്വീറ്റുകളും ഉണ്ട്. നല്ല വെള്ളാരംകല്ലിൽ സ്വർണരേഖകൾ കോറിയിട്ടിരിക്കുന്ന തറയിൽ ചവിട്ടണോ വേണ്ടയോ എന്ന സംശയം തോന്നിയാൽ ആരെയും കുറ്റപ്പെടുത്താനാവില്ല. നാൽപതടി ഉയരമുണ്ട് സ്വീകരണ ഇടത്തിലെ (ലോബി) മേൽക്കൂരയ്ക്ക്. ഇതിന് ഒത്തനടുവിൽ മരുഭൂമിയിൽ ആദ്യ മഴത്തുള്ളികൾ വീഴുന്നതിനെ അനുസ്മരിപ്പിക്കുന്ന നിർമിതിയാണ് മറ്റൊരു കൗതുകക്കാഴ്ച. വീഴാൻ വെമ്പി നിൽക്കുന്ന മഴത്തുള്ളികൾ പോലുള്ള അലങ്കാര തൂക്കുവിളക്കുകളും ആരുടെയും മനംമയക്കും.