ചെരിപ്പിടില്ല, പഴങ്കഞ്ഞിപ്രിയനായ കോടീശ്വരന്; താമസം തമിഴ് ഗ്രാമത്തിൽ, കമ്പനി യുഎസില്‍
Mail This Article
കേരളത്തിലൂടെ യാത്ര ചെയ്യുന്നവർക്ക് ഇപ്പോൾ കാണാനാവുന്നത് ‘വരൂ യുകെയിൽ പോകാം’, ‘ഞങ്ങൾ കാനഡയിൽ എത്തിക്കാം’ എന്നൊക്കെയുള്ള പരസ്യങ്ങളാണ്. അമേരിക്കയിലോ യൂറോപ്യൻ രാജ്യങ്ങളിലോ പോയി സ്ഥിരതാമസമാക്കാനുള്ള കുറുക്കു വഴിയായിട്ടാണ് വിദേശ സർവകലാശാലകളിലെ പഠനത്തെ യുവാക്കള്‍ കാണുന്നത്. ജനിച്ച നാട്ടില്‍നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന ചിന്തയില്‍ കഴിയുന്ന യുവാക്കളെ അതിന് പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളാണ് നമുക്കു ചുറ്റിലുമെന്നു പറയാം. നമ്മുടെ നാടിന്റെ സൗന്ദര്യവും നന്മയും ഇപ്പോഴത്തെ തലമുറയ്ക്കു പെട്ടെന്ന് മനസ്സിലാകണമെന്നില്ല. പക്ഷേ, ജോലി തേടി വിദേശത്തു പോയി, യുഎസിൽ സ്വന്തം സ്ഥാപനം പടുത്തുയർത്തിയതിനു ശേഷം, അതേ ബിസിനസ് സാമ്രാജ്യവുമായി തിരികെ ഗ്രാമത്തിലേക്കു മടങ്ങി വന്ന ഒരു ബില്യനറുടെ കഥയറിഞ്ഞാലോ? തമിഴ്നാട്ടുകാരനായ ശ്രീധര്‍ വെമ്പുവാണ് അത്. ശതകോടികളാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ വരുമാനം. പക്ഷേ ഇന്നും ലളിത ജീവിതമാണ്.