‘‘എന്റുപ്പ എന്താ എന്നെ കാണാൻ വരാത്തത്?’’ താനൂരിൽ 11 ജീവനുകളെടുത്തത് ആ 300 രൂപ
Mail This Article
‘‘ഈ വീട്ടിൽ ഇനി സ്കൂളിൽ ചേർക്കാൻ കുട്ട്യോളില്ല... ഓരൊക്കെ വിരുന്ന് പോയിരിക്കാണ്..’’ മുറിയിലേക്കു കടന്നു വന്നത് അധ്യാപികയാണെന്ന് കരുതി റുഖിയ ആദ്യം പറഞ്ഞ വാചകമാണിത്. പൂരപ്പുഴയുടെ ആഴങ്ങൾ തട്ടിപ്പറിച്ചെടുത്ത ഏഴ് പേരക്കുട്ടികൾ കളിച്ചും ചിരിച്ചും കെട്ടിപ്പിടിച്ചുറങ്ങിയും സ്വർഗമാക്കിയിരുന്ന ആ ഇരുണ്ട മുറിയിലിരുന്ന് റുഖിയ അത് പറയുമ്പോൾ നോവിന്റെ ഒരു വലിയ കടൽ തളം കെട്ടിയിരുന്നു കണ്ണുകളിൽ. ഒന്ന് തിരുത്തിയാൽ അണ പൊട്ടിയൊഴുകാൻ ശേഷിയുള്ള ആ നുണയെ ശരി വയ്ക്കുക മാത്രമേ ചെയ്തുള്ളൂ അവിടെ കൂടിയിരുന്നവരെല്ലാം. ഉറക്കവും ഉണർച്ചയും മാറിമാറി എത്തുന്ന നേരങ്ങളിൽ, കുട്ടികളെല്ലാം എവിടെയോ പോയതാണെന്ന് റുഖിയ ആവർത്തിച്ചു പറയും. പക്ഷേ ഇരുൾ വീണിട്ടും കാണാതെയാവുമ്പോൾ, ‘‘എന്റെ കുട്ടികളുടെ മയ്യത്ത് കാണാൻ വയ്യേ’’ എന്ന് നെഞ്ചു തല്ലി കരയും... ബോട്ടപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ പാതി ജീവനറ്റ നിലയിലാണ് താനൂരും തിരൂരും പരപ്പനങ്ങാടിയും ഓലപ്പീടികയുമൊക്കെ. 22 ജീവനുകൾ മറഞ്ഞ പൂരപ്പുഴ കാണാൻ പിന്നെ ആ നാട്ടിലാരും പോയിട്ടില്ല. സ്വപ്നവും ശ്വാസവുമായിരുന്നവർ ഇറങ്ങിപ്പോയ വീടുകളിൽ രാവെന്നോ പകലെന്നോ ഇല്ലാതെ കാവലിരിക്കുന്നുണ്ട് ഒരു നാട് മുഴുവൻ. മതിലുകളും ഗേറ്റുകളുമില്ലാതെ വേദനയുടെ ഒരു കടൽ എല്ലായിടവും കയറിയിറങ്ങി പോകുന്നു. വിങ്ങിപ്പൊട്ടി നിൽക്കുന്ന ഒരു വീടും അവിടെ ഒറ്റയ്ക്കല്ല. നഷ്ടങ്ങളുടെ ഒരൊറ്റത്തുരുത്താണ് ആ നാട്.