ആളെക്കറക്കുന്ന 'പറക്കും ഉമ്മ'; 6 മിനിറ്റ് നീണ്ട ഉമ്മ; ചുംബനമൊന്നിന് 10 ഡോളർ; ഉമ്മയോടെന്തിനീ 'അയ്യേ'?
Mail This Article
ജീവിതത്തിൽ ഒരിക്കലെങ്കിലും ഉമ്മ കൊടുത്തവരോ കൊണ്ടവരോ അല്ലാത്തവരായി ആരുമുണ്ടാകാനിടയില്ല. ഉമ്മയെന്നു പറയുമ്പോൾ ഏതു തരത്തിലുള്ള ഉമ്മയാണുദ്ദേശിക്കുന്നതെന്നു നെറ്റി ചുളിക്കാൻ വരട്ടെ. അതൊക്കെ ഉമ്മവച്ചവർക്കും കൊടുത്തവർക്കും നല്ലവണ്ണം അറിയാം. ജനിച്ചുവീഴുമ്പോൾതന്നെ കിട്ടുന്ന അമ്മമുത്തത്തിൽനിന്നു തുടങ്ങുന്നു ഒാരോരുത്തരുടെയും ജീവിതത്തിലെ ഉമ്മകളുടെ ആത്മകഥ! ‘ദ് ഹിസ്റ്ററി ഓഫ് ദ് കിസ്’ എന്ന പേരിൽ ഒരു പുസ്തകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ചുംബനങ്ങളുടെ ചാരിത്ര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും (ങേ.. സൂക്ഷിച്ചുനോക്കണ്ടാ ഉണ്ണീ, അക്ഷരമൊന്നും തെറ്റിയിട്ടില്ല) ഏറെ ആധികാരികമായി, തെല്ലും ഇക്കിളിപ്പെടുത്താതെ വിശദീകരിക്കുന്ന ഈ പുസ്തകം എഴുതിയിരിക്കുന്നത് മാർസെൽ ഡാനെസി ആണ്. നരവംശ ശാസ്ത്രത്തിലെ ഭൂതകാലവികാസ പരിണാമങ്ങളും ശാരീരിക ചോദനകളും ഇഴകീറിപ്പഠിച്ചാണ് ഡാനെസി ഈ പുസ്തകം തയാറാക്കിയത്. യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ആന്ത്രപ്പോളജി വിഭാഗം പ്രഫസർ കൂടിയാണ് അദ്ദേഹം.