ഐഎസ്ആർഒ പറയുന്നു: ആ തെറ്റ് ഇനിയില്ല, എന്തുകൊണ്ട് ചന്ദ്രയാൻ 3 പരാജയപ്പെടില്ല- വിഡിയോ
Mail This Article
2019 സെപ്റ്റംബർ 7 പുലർച്ചെ 1.53. ഇന്ത്യയുടെ അഭിമാനപേടകം ചന്ദ്രയാൻ ടു ലാൻഡിങ്ങിനു തയാറെടുക്കുന്നു. എന്നാൽ ചന്ദ്രോപരിതലത്തിലെ ലാൻഡിങ്ങിന് ഏതാനും മിനിറ്റ് മാത്രം ബാക്കി നിൽക്കെ, ഉപരിതലത്തിന് 2.1 കിലോമീറ്റർ അകലെ വച്ച് ഗവേഷകർ ഭയന്നതു സംഭവിച്ചു. പേടകത്തിലെ ലാൻഡറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. നാലു കാലിൽ ചന്ദ്രനിൽ സോഫ്റ്റ്‌ലാൻഡിങ് നടത്തേണ്ടിയിരുന്ന ചന്ദ്രയാൻ ടു ഉപരിതലത്തിലേക്ക് ഇടിച്ചിറങ്ങി. ബെംഗളൂരുവിലെ കൺട്രോൾ സെന്ററുമായുള്ള ബന്ധവും വൈകാതെ വിച്ഛേദിക്കപ്പെട്ടു. വിക്രം എന്നു പേരിട്ട ലാൻഡർ, പ്രഗ്യാൻ എന്ന റോവർ, ഓർബിറ്റർ എന്നിവയടങ്ങിയതായിരുന്നു ചന്ദ്രയാൻ ടു പേടകം. ഓർബിറ്ററിൽനിന്ന് വേർപ്പെട്ട ശേഷം ലാൻഡറിനെ നിയന്ത്രിച്ചിരുന്നത് ഒരു ഗൈഡൻസ് സോഫ്റ്റ്‌വെയറായിരുന്നു. ലാൻഡറിന്റെ വേഗവും ദിശയും നിയന്ത്രിക്കുക, എവിടെ ലാൻഡ് ചെയ്യണമെന്നു തീരുമാനിക്കുക, നിലത്തിറങ്ങിയതിനു ശേഷം റോവറിനെ പുറത്തിറക്കുക തുടങ്ങിയ സങ്കീർണമായ പ്രവർത്തനങ്ങളെല്ലാം ഈ സോഫ്റ്റ്‌വെയറിന്റെ ദൗത്യമായിരുന്നു.