കാട്ടിൽ നിന്ന് തോമസിന് കിട്ടിയ ‘കറുത്ത സ്വർണം’; വിളവ് പത്തിരട്ടി; പെപ്പെർ തെക്കന് ഇനി മൂന്നാം പതിപ്പും
Mail This Article
ടി.ടി.തോമസ് എന്ന കർഷകൻ ഒരുപക്ഷേ ലോകം മുഴുവൻ സഞ്ചരിച്ചിട്ടുണ്ടാവില്ല. എന്നാൽ, അദ്ദേഹം വികസിപ്പിച്ചെടുത്ത വിള ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. ഇടുക്കിയിലെ കാഞ്ചിയാർ എന്ന സ്ഥലത്തുനിന്ന് ലോകത്തെ പ്രധാന കുരുമുളക് ഉൽപാദക രാജ്യങ്ങളിലേക്ക് ‘കയറിപ്പോയ’ പെപ്പെർ തെക്കൻ എന്നയിനം കുരുമുളക് ലോകശ്രദ്ധയാകർഷിച്ചത് ടി.ടി.തോമസ് എന്ന കർഷകന്റെ നിരീക്ഷണപാടവവും കൃഷിയോടുള്ള അഭിനിവേശവും കൊണ്ടുമാത്രമാണ്. കേരളത്തിൽനിന്ന് ഒരു കുരുമുളകിനം ലോകശ്രദ്ധയാകർഷിക്കാനുള്ള കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഒരുത്തരമേയുള്ളൂ – അതിന്റെ വ്യത്യസ്തമായ ഘടന. ഇങ്ങനൊരു കുരുമുളക് ലോകത്തെവിടെയും ഇല്ലെന്ന് തോമസ് പറയും. ഒരു തള്ളത്തിരിയും അതിൽനിന്ന് മക്കളേപ്പോലെ വിടരുന്ന നൂറോളം പിള്ളത്തിരികളും അതിൽ വളരുന്ന കുരുമുളകുമണികളുമാണ് പെപ്പർ തെക്കന്റെ പ്രത്യേകത. ഓരോ തിരിയിയിലും 8-10 മണികൾ. അതായത് ഒരു കുലയിൽനിന്ന് ലഭിക്കുക ആയിരത്തോളം കുരുമുളകുമണികൾ.