ചായമടിച്ചും ചമയമിട്ടും തൃശൂരിലെ ‘ഗഡികൾ’; ഈ പുലികൾ വലിയ ‘പുള്ളികളാ...’
Mail This Article
‘യെവനാളു പുലിയാണ് കേട്ടാ..’ എന്നത് ‘തിരോന്തോരം സ്റ്റൈൽ’ പറച്ചിലാണെങ്കിലും ഇന്നതു ചേരുക തൃശൂരിലെ ‘ഗഡി’കൾക്കായിരിക്കും. ഇന്ന്, സെപ്റ്റംബർ 1 പൂരൂരുട്ടാതി നാളിൽ, നഗരത്തിലേക്കിറങ്ങുന്നത് അത്രയേറെ പുലികളാണ്. തൃശൂരിന് പുലിക്കളി വെറും കളിയല്ല, കാര്യമാണ്. നെഞ്ചോടു ചായമടിച്ചു ചേർത്ത സ്നേഹമാണ്. പുലിയിറങ്ങിയെന്നു കേട്ടാൽ പേടിക്കാതെ ജനം ചാടിത്തുള്ളുന്ന നാൾ. പുലികൾ ചുവടുവയ്ക്കും ഒപ്പം നാടും. ചിലമ്പണിഞ്ഞ പുലികൾ നഗരത്തെ ഇളക്കി മറിക്കും. പുലിത്താളം മുറുകുമ്പോൾ മനസ്സിലും ശരീരത്തിലും പുലിയുടെ ശൗര്യം നിറയും. സീതാറാം മിൽ ദേശം, വിയ്യൂർ സെന്റർ, കാനാട്ടുകര, ശക്തൻ, അയ്യന്തോൾ എന്നീ 5 സംഘങ്ങളാണ് പുലികളുമായി രംഗത്തിറങ്ങുന്നത്. ഓരോ സംഘത്തിനുമൊപ്പം വ്യത്യസ്തങ്ങളായ ടാബ്ലോകളും മത്സരത്തിനുണ്ടാവും. വൈകിട്ട് 4ന് ആരംഭിച്ച് രാത്രി 9.30നകം എല്ലാ സംഘങ്ങളുടെയും റൗണ്ടിലെ പ്രകടനം അവസാനിക്കുന്ന തരത്തിലാണ് സമയക്രമീകരണം. വിദേശ വിനോദസഞ്ചാരികളും നാട്ടുകാരും അന്യദേശക്കാരുമെല്ലാം അതിനോടകം പുലിപ്രേമത്തിൽ പെട്ടുപോയിട്ടുണ്ടാകും. രാത്രി പത്തോടെ മത്സരഫലം വരും. പുലിക്കളി തുടങ്ങും മുൻപുള്ള ഒരുക്കം ക്ഷമയേറെ വേണ്ടൊരു കലയാണ്. ആ കാഴ്ചകൾ കാണാം...