തീമഴയായി ബോംബുകൾ, പട്ടിണി..: ഒന്നുമില്ലായ്മയിൽ നിന്ന് ലോക ടെന്നിസിന്റെ നെറുകയിൽ ജോക്കോ
Mail This Article
നാറ്റോ സേനയുടെ യുദ്ധവിമാനങ്ങളിൽനിന്നു തുരുതുരെ വീണുകൊണ്ടിരുന്ന ബോംബുകൾക്കിടയിൽനിന്നു രക്ഷനേടാൻ അപാർട്മെന്റിലെ ഭൂഗർഭ ബങ്കറിൽ ഭയന്നു വിറച്ചു ജീവിച്ച കുട്ടിക്കാലം. രാഷ്ട്രീയ അസ്ഥിരതയും ആഭ്യന്തരകലാപവും യുദ്ധവും തകർത്ത രാജ്യത്ത് ഒരുനേരത്തെ ഭക്ഷണത്തിനായി വരി നിൽക്കേണ്ടി വന്ന കുട്ടി. യുദ്ധംമൂലം ഉപേക്ഷിക്കപ്പെട്ട നഗരത്തിലെ നീന്തൽക്കുളത്തിൽ അവനേറെ ഇഷ്ടപ്പെട്ട കായികവിനോദം പരിശീലിച്ചുകൊണ്ടിരിക്കുമ്പോൾ ആകാശത്ത് പോർവിമാനങ്ങളുടെ ഇരമ്പൽ കേട്ടാലുടൻ ബങ്കറിലേക്ക് ഓടിയൊളിക്കേണ്ടി വരുന്ന അവസ്ഥ. പോർവിമാനങ്ങളുടെ വേഗമുള്ള എയ്സുകൾ എയ്തും കാരിരുമ്പിന്റെ ദൃഢതയുള്ള റിട്ടേണുകൾ പായിച്ചും ടെന്നിസ് കോർട്ടിൽ എതിരാളികളെ നിഷ്പ്രഭരാക്കുന്ന കളിമികവു പുറത്തെടുക്കുമ്പോഴെല്ലാം ടെന്നിസ് താരം മുപ്പത്താറുകാരൻ നൊവാക് ജോക്കാവിച്ചിന്റെ മനസ്സിൽ സെർബിയൻ തലസ്ഥാനമായ ബൽഗ്രേഡിലെ അപാർട്മെന്റിൽ ഭയന്നുവിറച്ചു ജീവിച്ച ആ പഴയ കുട്ടി ഒളിമങ്ങാതെയുണ്ടാകും. ആ ഓർമകൾ കൂടി പകർന്ന ഇന്ധനമുരുക്കിയാണ് ആറടി രണ്ടിഞ്ചുകാരനായ ജോക്കോ ടെന്നിസിലെ മാത്രമല്ല, ലോക കായിവേദിയിലെതന്നെ ഏറ്റവും തലപ്പൊക്കമുള്ള താരമെന്ന പദവിയിലേക്കു വളർന്നത്.