അറബ് ലോകം കണ്ടു ആ ആകാശസംഗമം; യുഎഇ കാത്തിരിക്കുന്നു 'നെയാദി നക്ഷത്ര'ത്തെ
![Sultan Al Neyadi സുൽത്താൻ അൽ നെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (Photo courtesy: X/Astro_Alneyadi)](https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2023/9/12/al-neyadi-space-station.jpg?w=1120&h=583)
Mail This Article
186 ദിവസം, അതായത് 4400 മണിക്കൂറിലേറെ, ഈ സമയമത്രയും ബഹിരാകാശത്തു ജീവിതം. അങ്ങനെ ഏറ്റവുമധികം സമയം ബഹിരാകാശത്തു ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരിയെ കാത്തിരിക്കുകയാണ് രാജ്യം. ആറു മാസത്തെ ബഹിരാകാശയാത്ര പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ 4നു രാവിലെയാണു ഭൂമിയെ തൊട്ടത്. യുഎസിലെ ഫ്ലോറിഡയിൽ ‘ലാൻഡ്’ ചെയ്ത അൽ നെയാദി യുഎഇയിലേക്ക് എത്തുമ്പോൾ വൻ സ്വീകരണമൊരുക്കാൻ ഒരുങ്ങുകയാണ് ഭരണാധികാരികളും ജനങ്ങളും. അറബ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യവും ആദ്യ ബഹിരാകാശ നടത്തും (സ്പേസ് വോക്ക്) പൂർത്തിയാക്കി ഭൂമിയിലെത്തിയ അൽ നെയാദിയുടെ പേരിൽ ചരിത്രം രേഖപ്പെടുത്തിയത് ഒട്ടേറെ റെക്കോർഡുകളാണ്. എന്തുകൊണ്ടാണ് നെയാദിയുടെ ബഹിരാകാശ യാത്ര യുഎഇക്ക് ഇത്രയേറെ പ്രധാനപ്പെട്ടതാകുന്നത്? എന്തൊക്കെയാണ് ഈ നാൽപ്പത്തിരണ്ടുകാരൻ കൈവരിച്ച നേട്ടങ്ങൾ?